നിറങ്ങൾ മാറിമാറി വാരിയണിയുന്ന ആകാശത്തിന്റെ വർണപ്പൊലിമയിൽ ജീവിതത്തിന്റെ വെൺമേഘങ്ങളെ ചാലിച്ചെടുത്തതാണ് ശരിക്കും 'ആകാശത്തിന്റെ നിറം'. മനുഷ്യൻ നന്മയുടെ ആകാശം തന്നെയാണ്. പക്ഷെ, പൊട്ടക്കിണറ്റിലെ തവളയെപ്പോലെ അവനവന്റെ ചെറിയ ഭൂമിയിൽ നിന്ന് കാണുന്ന ചെറിയ ആകാശം മാത്രമാണ് സത്യമെന്ന് കരുതും. നന്മയും സ്നേഹവും കാരുണ്യവും ദയയും കലർന്ന ആ 'വലിയ ആകാശം' കാണുമ്പോഴായിരിക്കാം തിരിച്ചറിയുക, ഈയാകാശത്തിന്റെ പാതി തന്നെയായിരുന്നു താനെന്ന്. പിന്നെ തന്റെ പാതിയോട് ചേരാനുള്ള വെമ്പലായിരിക്കും. മനസിലും ശരീരത്തിലും കാലം തേച്ചുപിടിപ്പിച്ച അഴുക്കുകളെ കഴുകി കളഞ്ഞ് ആ 'വലിയാകാശത്തിൽ' അലിഞ്ഞു ചേരുമ്പോഴാണ് പലപ്പോഴും തിരിച്ചറിയുക ഇതാണ് യഥാർത്ഥ സുഖമെന്ന്. ആ സുഖത്തിന്റെ കഥ പറയുകയാണ് ഡോ.ബിജു ആകാശത്തിന്റെ നിറത്തിലൂടെ.
കഥാലോകം
അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന വൃദ്ധൻ ഒറ്റപ്പെട്ട ദ്വീപിലാണ് താമസം. കരകൗശല വസ്തുക്കളും മറ്റും മാസത്തിലൊരിക്കൽ നഗരത്തിൽ കൊണ്ടുപോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് സാധനങ്ങൾ വാങ്ങുന്നതും ചെലവുകൾ നടത്തുന്നതും. നഗരത്തിലെ പോക്കറ്റടിക്കാരനായ യുവാവ് ഒരിക്കൽ ഈ വൃദ്ധനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പണം ആവശ്യപ്പെട്ട് കത്തി ചൂണ്ടി തന്റെ ബോട്ടിൽ ചാടിക്കയറിയ യുവാവിനെ കൂസാതെ വൃദ്ധൻ ബോട്ടോടിച്ച് തന്റെ ദ്വീപിലേക്ക് പോകുന്നു. തുറമുഖ നഗരമാണെങ്കിലും കടലും അവിടെയുള്ള ദ്വീപുകളും യുവാവിന് പരിചയമൊന്നുമില്ല.ജനവാസമില്ലാത്ത ദ്വീപിലെ വീട്ടിൽ വൃദ്ധനെ കൂടാതെ ബധിരമൂകയായ യുവതി, വിക്കുള്ള മധ്യവയസ്ക്കൻ സഹായി, ഏഴെട്ടു വയസുള്ള പയ്യൻ എന്നിവരുമുണ്ട്. യുവാവിനെ എല്ലാവരും സ്നേഹത്തോടെയാണ് സ്വീകരിച്ചതെങ്കിലും പണം കവരാൻ പറ്റാത്തതിന്റെയും ദ്വീപിൽ എത്തിപ്പെട്ടതിന്റെയും അമർഷമായിരുന്നു യുവാവിന്. മറ്റു ബോട്ടുകളൊന്നു വരാത്ത ആ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. യുവതി, പയ്യൻ, സഹായി, വൃദ്ധൻ എന്നിവരുമായി യുവാവ് നടത്തുന്ന ചെറിയ ചെറിയ 'സംഘട്ടനങ്ങളും' വൃഥാവിലാകുന്ന രക്ഷാശ്രമങ്ങളുമാണ് ആദ്യ പകുതിയിൽ.
രണ്ടാം പകുതിയിലാണ് കഥയ്ക്ക് വഴിത്തിരിവുകൾ സംഭവിക്കുന്നത്. ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങളുടെ വ്യക്തിത്വം വെളിവാകുന്നത് ഇവിടെയാണ്. ഭ്രാന്തനോ യോഗിയോ കലാകാരനോ അതോ ഇതെല്ലാമോ ആയി തോന്നിയിരുന്ന ആ വൃദ്ധന്റെ യഥാർത്ഥ വലിപ്പം തിരിച്ചറിയുന്നത് രണ്ടാം പകുതിയിലാണ്.
'ആർക്ക് ആരാണ് എപ്പോഴാണ് ഉപകാരപ്പെടുക' എന്നും 'സ്വന്തം ജീവിതം അവനവൻ തന്നെ ജീവിക്കണം' എന്നും വൃദ്ധൻ യുവാവിനോട് പലപ്പോഴായി പറയുന്നുണ്ട്. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ കഥായാത്ര പോലെ തോന്നാം ഈ സിനിമയും. നിധി തേടി യാത്ര തിരിക്കുന്ന ആട്ടിടയനായ പയ്യന്റെ തിരിച്ചറിവു പോലെ കള്ളനായ യുവാവും തന്നെ തിരിച്ചറിയുന്നത്, തന്നിലെ മനുഷ്യനെ, മനുഷ്യരെ തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
മനുഷ്യത്വവും സിനിമയും
കഥയോ സന്ദർഭമോ എത്ര വ്യത്യസ്തത ഉള്ളതാണെങ്കിലും മനുഷ്യനെ ഏതെങ്കിലും തരത്തിൽ സ്പർശിക്കണം. എങ്കിലേ അത് നല്ലൊരു ചിത്രമാകൂ (വിയോജിപ്പുകൾ അംഗീകരിക്കുന്നു). അങ്ങനെയാകുമ്പോൾ അത് ഏത് സ്ഥലത്തെ മനുഷ്യനെയും സംബന്ധിക്കുന്നതായി തീരും. അങ്ങനെയൊരു 'സാർവദേശീയത'യും 'മനുഷ്യത്വ'വും ഈ സിനിമയിലുണ്ട്. ഏതൊരുവനും മനസിലാകുന്ന കഥ, മനസിലാവുന്ന ഭാഷ. കയ്യടക്കമുള്ള ഫിലിം മേക്കർ ആണ് താനെന്ന് ഡോ.ബിജു ഈ ചിത്രത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്നുണ്ട്. (ചലച്ചിത്രമേളകളിൽ ബിജു അവാർഡുകൾ നിരവധി വാങ്ങിയിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ മറ്റു മൂന്നു ചിത്രങ്ങളും കണ്ടിട്ടില്ലാത്ത നിലയ്ക്കാണ് ഈ അഭിപ്രായം)
സിനിമ അനുഭവമാണ്
ആദ്യ പകുതിയിലെ 'ഇഴച്ചിൽ' ബോറടിപ്പിക്കുന്നുണ്ടെങ്കിലും മൊത്തത്തിൽ സിനിമ നല്ല അനുഭവമായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ നീൽ ദ്വീപ്, ആകാശവും കടലും ചേരുമ്പോഴുണ്ടാകുന്ന വിസ്മയക്കാഴ്ചകൾ... എല്ലാം മനോഹരമായി ഒപ്പിയെടുത്തു എം.ജെ. രാധാകൃഷ്ണന്റെ ക്യാമറ. രവീന്ദ്ര ജെയിന്റെ സംഗീതം സിനിമയോട് ചേർന്നു പോകുന്നത് തന്നെ. സി.ജെ.കുട്ടപ്പന്റേതടക്കം മൂന്നു പാട്ടുകൾ സിനിമയിൽ ഉണ്ടെങ്കിലും പാട്ടിനെ അതിന്റെ പാട്ടിനു വിടാതെ സിനിമയുമായി കോർത്തിണക്കാനും മുഴുനീളം പാട്ട് കേൾപ്പിക്കാതിരിക്കാനും ബിജു ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. ഐസക് തോമസിന്റെ പശ്ചാത്തല സംഗീതം, സന്തോഷ് രാമന്റെ കലാസംവിധാനം എന്നിവയും മികച്ചു നിൽക്കുന്നു.ഇവരെക്കാളേറെ സിനിമയിലൂടെ നമ്മെ അതിശയിപ്പിക്കുക അഭിനേതാക്കൾ തന്നെ. ബോട്ടോടിക്കുന്ന യോഗീവര്യനായ വൃദ്ധന്റെ വേഷം നെടുമുടി വേണു അസ്സലാക്കി. അമല പോൾ, അനൂപ് ചന്ദ്രൻ, ഇന്ദ്രജിത്ത്, പൃഥ്യിരാജ്, മാസ്റ്റർ ഗോവർദ്ധൻ.. എന്നിവരും മോശമാക്കിയില്ല.
കണ്ണടച്ച് നോക്കിയാൽ ആകാശത്തിന് ഏത് നിറവും ചാലിക്കാം. ആകാശത്തിന് നിറങ്ങൾ ചാലിക്കുന്നതു പോലെ അകക്കണ്ണിലേക്ക് നോക്കിയാൽ ജീവിതത്തിനും അതിന്റേതായ നിറം നൽകാം. സത്യസന്ധവും ആത്മാർത്ഥവും ആയ ഈ സിനിമാശ്രമത്തെ ശാന്തമായി കണ്ട് അനുഭവിക്കുക ! @ പി.സനിൽകുമാർ.@ Sanil Kumar