മുകുന്ദപുരം മഹാത്മാ ഹൈസ്ക്കൂളിലെ പത്താം ക്ലാസ്സിൽ ലാസ്റ്റ് ബെഞ്ചിൽ ഒരുമിച്ചിരുന്നു ഉഴപ്പിയ നാലു കൂട്ടുകാരുടെ ആത്മാർത്ഥ സൌഹൃദത്തിന്റേയും വർഷങ്ങൾക്കുശേഷം അതിലൊരുവന്റെ വിവാഹത്തിനു പുനസമാഗമിക്കുന്നതിന്റേയും കഥയാണ് നവാഗതനായ ജിജു അശോകന്റെ പ്രഥമ ചിത്രമായ “ലാസ്റ്റ് ബെഞ്ച്”
ഏതൊരു മലയാളിയുടേയും ഗൃഹാതുരമായ സ്ക്കൂൾ കാലഘട്ടവും കുസൃതികളും വർത്തമാന ജീവിതത്തിൽ നിന്ന് ഓർത്തെടുക്കുന്ന പ്രിയവിഷയം തന്നെയാണ് ജിജു അശോകന്റെ പ്രഥമ സൃഷ്ടിക്കുള്ളതെങ്കിലും പുതുസംവിധായകന്റെ വൈദഗ്ദ്യക്കുറവും പലപ്പോഴുമുള്ള അതിനാടകീയതയും ചിത്രത്തിന്റെ ആസ്വാദനത്തിനു രസം കുറക്കുന്നു. തമിഴിലെ ചില പുതുസിനിമകളുടെ പ്രചോദനമാകാം സംവിധായകൻ തന്റെ തിരക്കഥക്കും പ്രമേയമായത്. പഴയ കാലഘട്ടത്തിലെ സ്ക്കൂൾ പരിസരവും ഗ്രാമീണാന്തരീക്ഷവുമൊക്കെ ഇത്തരം പ്രമേയമായ പല തമിഴ് സിനിമകളുടെ ഓർമ്മകളുണർത്തുമെങ്കിലും (അതിന്റെ കോപ്പി എന്നല്ല) അത്തരം തമിഴ് ചിത്രങ്ങളുടെ ശക്തിയോ അവതരണ രീതിയോ അവലംബിക്കാനായില്ല. ഇടക്ക് ‘ക്ലാസ്മേറ്റ്സ്, മാണിക്യക്കല്ല്‘ എന്നീ സിനിമകളേയും ലാസ്റ്റ് ബെഞ്ച് ഓർമ്മിപ്പിക്കുന്നുണ്ട്. ചില പ്രമുഖ അഭിനേതാക്കളുടെ മോശം പ്രകടനവും ഗാനചിത്രീകരണത്തിലെ സാങ്കേതിക പ്രശ്നവും ഔട്ട് ഡോർ സീനുകളിലെ വെളിച്ചവിന്യാസ കുഴപ്പവും സർവ്വോപരി അവതരണത്തിലെ പാളിച്ചകളും ചിത്രത്തെ നല്ലൊരു എന്റർടെയ്നർ ആക്കുന്നതിൽ നിന്ന് പിന്നോട്ട് വലിച്ചു.
സിനിമയുടെ വിശദ വിവരങ്ങളും കഥാസാരവും വായിക്കുവാൻ ലാസ്റ്റ് ബെഞ്ചിന്റെ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.
ലാസ്റ്റ് ബെഞ്ചിലെ കുഴപ്പക്കാരായ വിദ്യാർത്ഥികളായി എത്തുന്നത് വിജീഷ് (നൂലുണ്ട) ബയാൺ, മുസ്തഫ, മഹേഷ് എന്നിവരാണ്. നാലുപേരും മോശമായില്ലെങ്കിലും വിജീഷും ബിയോണും അല്പം മികച്ചു നിൽക്കുന്നു. എങ്കിലും നായകനായെത്തുന്ന തമിഴ് നടൻ മഹേഷ് (അങ്ങാടിത്തെരു ഫെയിം) പലപ്പോഴും മോശം പ്രകടനമായി. ഉഴപ്പന്മാരായ ഈ വിദ്യാർത്ഥികളുടെ സ്ക്കൂൾ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുകയും അവരെ നല്ല വിദ്യാർത്ഥികളാക്കി മാറ്റുന്ന റോസിലി ടീച്ചറായെത്തുന്ന സുകന്യയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ടീച്ചറെ ചുറ്റിപ്പറ്റി വലിയ മെലോഡ്രാമയൊക്കെ സൃഷ്ടിച്ചു വെച്ചെങ്കിലും പ്രേക്ഷകനു ഒരിഷ്ടം പകരാനോ കഥയിൽ വിശ്വസനീയത പകർത്താനോ കഥാപാത്രത്തിനും അഭിനേതാവിനുമായില്ല. നായികയായെത്തിയ ജ്യോതികൃഷ്ണ വലിയ കുഴപ്പമില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. ചെറുതും വലുതുമായ മറ്റു ചില കഥാപാത്രങ്ങളെ അപ്രധാന നടീനടന്മാർ അവതരിപ്പിച്ചതൊന്നും മോശമായിട്ടില്ല.
പല തുരുത്തുകളിൽ ജീവിതം തുടരുന്ന മൂന്നു ചെറുപ്പക്കാർ തങ്ങളിലെ നാലാമന്റെ വിവാഹത്തിനു പുറപ്പെടുന്ന യാത്രയിൽ മൂന്നുപേരിലുമായി തുടരുന്ന ഓർമ്മകളിലാണ് ചിത്രത്തിന്റെ ഏറെയും. വിവാഹത്തലേന്ന് കൂടിയ നാലുപേരും പഴയ സ്ക്കൂളിലേക്കെത്തുന്നതും പിന്നീടുള്ള സംഭവ വികാസങ്ങളുമാണ് ബാക്കി സിനിമ. വിദ്യാർത്ഥികളുടെ കുസൃതികൾ സ്വാഭാവികം തന്നെ എങ്കിലും ഈ നാലുപേരുടെ സ്വഭാവത്തിനും വീടിന്റെ അന്തരീക്ഷത്തിനും ഒരു ടീച്ചർ അവരുടെ സ്വഭാവത്തിൽ സ്വാധീനം ചെലുത്തുന്നതിനുമൊന്നും വിശദീകരണമില്ല. രണ്ടാം പകുതിയിൽ പലരും കണ്ടുമുട്ടുന്നതും പഴയ സംഭവങ്ങളെ കൂട്ടിയിണക്കുന്നതും സ്ക്കൂൾ കാലഘട്ടത്തിലെ പ്രണയിനികളെ കണ്ടു മുട്ടുന്നതുമൊക്കെ അതിനാടകീയവും അവിശ്വസനീയവുമായ രംഗങ്ങളാണ്. സ്ക്കൂൾ/കോളേജ് കാമ്പസ് ജീവിതമെന്നാൽ കുളിമുറിയിൽ എത്തി നോക്കുന്നതും സെക്സ് ചിത്രങ്ങളുടെ പോസ്റ്റർ കണ്ട് വെള്ളമിറക്കുന്നതും ബസ്സിൽ സ്ത്രീകളെ മുട്ടിയുരുമ്മുന്നതുമാണെന്ന സ്ഥിരം ക്ലീഷേകളും ഇതിൽ ആവർത്തിക്കുന്നുണ്ട്. സ്ത്രീകഥാപാത്രങ്ങൾക്ക് തിരക്കഥാകൃത്ത് അറിഞ്ഞൊ അറിയാതെയോ ചാർത്തിക്കൊടുത്ത ചില സംഭവങ്ങൾ വളരെ കൌതുകകരം!!. മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളും പിന്നീട് ജീവിതത്തിൽ തിക്താനുഭവങ്ങൾ അനുഭവിക്കുന്നു. നായകന്റെയും കൂട്ടുകാരന്റേയും പ്രണയം നിരാകരിച്ച രണ്ടു സ്ത്രീ കഥാപാത്രങ്ങളും പിന്നീട് ജീവിതത്തിൽ ദുരന്തമനുഭവിക്കുന്നു; മാത്രമല്ല അവർക്ക് ലഭിക്കുന്ന വിവാഹ ജീവിതം അസഹ്യവും ക്രൂരവുമത്രേ!! ( പ്രശസ്ത കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആത്മകഥാകുറിപ്പിലൊരു സംഭവത്തെ ഈ നാലുപേരിലൊരാളുടെ അനുഭവമായി തിരക്കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. ചുള്ളിക്കാട്/കഥാപാത്രം ഒരു പെൺകുട്ടിയെ പുഴയുടെ നടുക്കുവെച്ച് വഞ്ചി മറിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുംബനം വാങ്ങുന്നതും കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്നതും)
പുതുമയില്ലാത്തതും ബലമില്ലാത്തതുമായ തിരക്കഥ, അത്ര പുതുമയില്ലാത്ത ആവിഷ്കാരം എന്നിവ സിനിമയെ രസംകൊല്ല്ലിയാക്കുന്നുണ്ട്. എങ്കിലും സംവിധായകനെന്ന നിലയിൽ ജിജു അശോകൻ പ്രതീക്ഷയുണർത്തുന്നുണ്ട്. ആദ്യ സിനിമക്ക് മസാലയുടെ ചേരുവകൾ ചേർക്കാതെ ഒരു കുളിരോർമ്മയുള്ള വിഷയം പങ്കുവെക്കാൻ ശ്രമിച്ചതിനും അതിനു താരങ്ങളെ ഒഴിവാക്കിയതിനും നന്ദിയുണ്ട്. മെച്ചപ്പെട്ട തിരക്കഥയും സിനിമകളുമായെത്താൻ സംവിധായകനു ആശംസകൾ.
kuzhappamilla . kandirikkaam