വീണ്ടും കണ്ണൂർ - സിനിമാ റിവ്യൂ

Submitted by nanz on Tue, 06/05/2012 - 22:48

1997ലാണ് കെ കെ ഹരിദാസ് എന്ന സംവിധായകൻ “കണ്ണൂർ” എന്നൊരു സിനിമ ചെയ്യുന്നത്. കിംഗ് ഫിലിംസിന്റെ ബാനറിൽ ചെയ്ത ‘കണ്ണുർ‘ എന്ന ആ സിനിമ വലതുപക്ഷത്തെ ആവോളം വിമർശിച്ച്  കുറേയൊക്കെ ഇടതു പക്ഷത്തെ/ പാർട്ടിയെ അനുകൂലിക്കുന്ന ഒരു കച്ചവട സിനിമയായിരുന്നു. വലിയ സാമ്പത്തിക വിജയമൊന്നുമല്ലാതിരുന്ന കണ്ണൂരിന്റെ രണ്ടാംഭാഗവുമായാണ് സംവിധായകൻ ഹരിദാസും തിരക്കഥാകൃത്ത് റോബിൻ തിരുമലയുടേയും പുതിയ വരവ്. മനോജ് കെ ജയൻ എന്ന നായകനു പകരം അനൂപ് മേനോൻ എന്ന പുതിയ മാർക്കറ്റ് വിലയുള്ള നായകനും. പാർട്ടിയുടെ ഇപ്പോഴത്തെ ‘ശരിയല്ലാത്ത ദിശ”യും പകരം ഒരു പുതിയ കമ്മ്യൂണിസ്റ്റ് ആകാനുള്ള ആഹ്വാനവുമാണ് പുതിയ ചിത്രത്തിൽ. ഇടതുപക്ഷ സംസ്ഥാന പാർട്ടി സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയും പാർട്ടി വിട്ടൊഴിഞ്ഞ (പുറത്താക്കിയ) സഖാക്കളുമൊക്കെയാണ് പുതിയ കണ്ണുരിലെ മുഖ്യ കഥാപാത്രങ്ങൾ. മേമ്പൊടിക്ക് സോഷ്യൽ നെറ്റ് വർക്കും യുവ മുന്നേറ്റവുമൊക്കെയുണ്ട്. എങ്കിലും പാർട്ടി പണ്ട് ട്രാക്റ്ററിനേയും കമ്പ്യൂട്ടറിനേയും എതിർത്തു എന്നും നിരവധി തൊഴിൽ സ്ഥാപനങ്ങൾ സമരം ചെയ്തു പൂട്ടിച്ചു എന്നുമൊക്കെയുള്ള സ്ഥിരം പല്ലവികളും നായകന്റെ ഗിരിപ്രഭാഷണങ്ങളും ആൽബം മോഡൽ പാട്ടുസീനുകളും തൊലിപ്പുറമേയുള്ള വിമർശനങ്ങളും മാത്രമേയുള്ളു “വീണ്ടും കണ്ണൂരി”ൽ. സിനിമയോ രാഷ്ട്രീയമോ വിമർശനമോ തൊട്ടുതീണ്ടിയിട്ടില്ല എന്നു ചുരുക്കം.

കണ്ണുരിന്റെ പുതിയ രാഷ്ട്രീയ സാഹചര്യവും രാഷ്ട്രീയ കൊലപാതക പരമ്പരകളും അതുമൂലം വികസനത്തിൽ പിന്നിലാക്കപ്പെട്ടുപോയ കണ്ണൂർ എന്ന ജില്ലയുമാണ് സിനിമയിലെ മുഖ്യ പരാമർശ വിഷയം. ഇതിനെയെല്ലാം പരിഹരിച്ച് പുതിയ കണ്ണൂരും പുതിയ കമ്മ്യൂണിസ്റ്റുമാകാൻ നായകൻ ജയകൃഷ്ണൻ (അനൂപ് മേനോൻ) നടത്തുന്ന ഓൺലൈൻ വിപ്ലവവും (പറച്ചിലേ ഉള്ളൂ എന്താണ് ചെയ്യുന്നതെന്ന് കാണിക്കുന്നില്ല) യുവ മുന്നേറ്റവും പിന്നെ അച്ഛന്റെ അപകട മരണവും മകന്റെ പ്രതികാരവുമാണ് ഈ അഭിനവ രാഷ്ട്രീയ സിനിമക്കുള്ളത്. ദോഷം പറയരുതല്ലോ. സിനിമ ഒരിഞ്ച് പോലും സിനിമയെന്ന കലാരൂപത്തിലേക്ക് കടന്നു വരുന്നില്ല എന്ന് മാത്രമല്ല രണ്ടര മണിക്കൂർ അസഹ്യവുമാകുന്നുണ്ട്. പുട്ടിനു പീരയെന്നപോലെ സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പത്രതലക്കെട്ടുകൾ നായകന്റെ ഡയലോഗുകൾക്കിടയിൽ തിരുകി സിനിമ കാലത്തിനൊപ്പവും പുരോഗമനവുമെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളുമുണ്ട്. പക്ഷെ എങ്ങുമെത്താതെ സ്ക്കൂൾ നാടകങ്ങൾ പോലെയും ടിവി പൊളിറ്റിക്കൽ കോമഡി പോലെയും ആകാനാണ് ഈ സിനിമയുടെ വിധി.

സിനിമയെക്കുറിച്ചുള്ള വിശദവിവരങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക 

രാഷ്ട്രീയമെന്നാൽ പത്രവാർത്തകളാണെന്ന മിനിമം ധാ‍രണക്കു മുകളിൽ എഴുതപ്പെട്ട സ്ക്രിപ്റ്റാണ് ഈ സിനിമയുടേതെന്നാണ് മനസ്സിലാകുന്നത്.  കണ്ണൂരിന്റെ ചരിത്ര-സാമൂഹ്യ-രാഷ്ട്രീയ സംഭവങ്ങളിലേക്കും തുടർച്ചകളിലേക്കുമൊന്നും കടന്നു ചെല്ലാനാകാതെ മുഖ്യധാരാപത്രങ്ങൾ വിളമ്പുന്ന വാർത്തകളിൽ നിന്നാണ് ഈ സിനിമയുടെ തിരക്കഥ വികസിച്ചിരിക്കുന്നത്. ഏതു രാഷ്ട്രീയ സിനിമയിലും (സീനിലും) കുറേക്കാലമായി ആവർത്തിക്കുന്ന ദൃശ്യമുണ്ട്. ഇടതുപാർട്ടിയുടെ ഇപ്പോഴത്തെ ശരിയല്ലാത്ത പ്രവർത്തനം, പാ‍ർട്ടിയെ അകമഴിഞ്ഞ് സ്നേഹിച്ച് വളർത്തിയ എന്നാൽ ഇപ്പോൾ പാർട്ടി പ്രവർത്തകനല്ലാത്ത കമ്മ്യൂണിസ്റ്റ്കാരൻ, പാർട്ട് പുറത്താക്കിയ നല്ല കമ്മ്യൂണിസ്റ്റ്കാർ. ഇങ്ങിനെയുള്ള ക്ലീഷേ ദൃശ്യങ്ങളും കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണീ സിനിമ. പാർട്ടിയുടെ ‘’പുതിയ പോക്കിൽ’ അസംതൃപ്തനായ യുവ നേതാവാകാട്ടെ പാർട്ടിയെ നല്ല ദിശയിലേക്ക് കൊണ്ടുവരാൻ ഒരു നല്ല കമ്മ്യൂണിസ്റ്റ് മുന്നേറ്റം ഉണ്ടക്കാൻ ഫേസ് ബുക്കിലും ട്വിറ്ററിലും മറ്റു സോഷ്യൽ നെറ്റ് വർക്കിലുമൊക്കെ “ന്യൂ കമ്മ്യ്യൂണിസ്റ്റ് എന്ന പുതിയ പേജ് തുടങ്ങുകകയാണ്. അതിൽ ലൈക്ക് ചെയ്തവർ, പാർട്ടിയുടെ പ്രവർത്തനത്തിൽ അസംതൃപ്തരും പുതിയ കമ്മ്യൂണീസ്റ്റ് മുന്നേറ്റം കൊതിക്കുന്നവരുമാണെണ്ണുമൊക്കെ കണ്ടെത്തി വിലയിരുത്തുമ്പോൾ സത്യത്തിൽ പൊട്ടിച്ചിരിച്ചു പോകും.

സമകാലിക രാഷ്ട്രീയ സംഭവങ്ങളെ തോണ്ടിയും വിവാദ പ്രസ്താവനകളെ പരിഹസിച്ചുമൊക്കെ തിരക്കഥാകൃത്ത് റോബിൻ തിരുമല, രാഷ്ട്രീയ സിനിമകളുടെ തിരക്കഥാ‍കൃത്ത് രഞ്ജി പണിക്കരുടെ വെടിക്കെട്ട് ഡയലോഗുകളെ അനുകരിക്കാനുള്ള വിഫല ശ്രമം നടത്തുന്നുണ്ട്. അത്തരം സിനിമകളിൽ കാണുന്ന സ്ഥിരം ദൃശ്യങ്ങളുമേറെയുമുണ്ട്. മുൻ മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പറഞ്ഞ് ഉത്തരം മുട്ടിക്കുക,  പ്രതിപക്ഷ നേതാവിനേയും ചോട്ടാ നേതാക്കളേയുമൊക്കെ അവരുടേ മുൻ കാല പ്രവർത്തനങ്ങൾ എടൂത്ത് പറഞ്ഞ് നാണം കെടുത്തുക. ആജീവനാന്തം കമ്മ്യൂണിസ്റ്റ്കാരനായുള്ള പഴയ സഖാവിന്റെ പാർട്ടി പ്രവർത്തന ഗൃഹാതുരത്വങ്ങൾ വിളമ്പൽ...അതിനിടയിൽ നായകനും ടി വി ജേർണലിസ്റ്റായ നായികയും തമ്മിലുള്ള പ്രണയവും രണ്ടു ഗാനങ്ങളും. കഥയും തിരക്കഥയും സംഭാഷണവും എഴുതിയതിനൊപ്പം സംഗീതവും കൂടി ചെയ്തിട്ടുണ്ട് തിരക്കഥാകൃത്ത് റോബിൻ തിരുമല ഈ ചിത്രത്തിൽ. കുറച്ചു ജനപ്രിയ സിനിമകൾക്ക് തിരക്കഥയെഴുതി വിസ്മൃതിയിലായ റോബിൻ തിരുമലയുടെ പേർ ഓർമ്മിപ്പിക്കാനായി / സ്ക്രീനിൽ കാണിക്കാനായി എന്നതിനപ്പുറം തിരക്കഥാകൃത്തിനു മറ്റൊന്നും കഴിഞ്ഞിട്ടില്ല സംവിധായകൻ ഹരിദാസിനുമില്ല ഏറെ മെച്ചങ്ങൾ പറയാൻ. സംവിധായകനും തിരക്കഥാകൃത്തിനും പുറമേയുള്ള മറ്റു സാങ്കേതിക പ്രവർത്തകർ ഏറെക്കുറെ സിനിമയിൽ പ്രമുഖരല്ലാത്തവരാണ്. രഞ്ജിത്ത് അമ്പാടിയുടേ ചമയം നാടകങ്ങൾ ചേരുന്ന മട്ടിലാണ്. ആകെക്കൂടി എടുത്ത് പറയാൻ ചിത്രത്തിനു പോസ്റ്റർ ഡിസൈനിങ്ങ് ഒരുക്കിയ റിയാസിന്റെ ആകർഷകമായ പോസ്റ്ററുകളാണ്.


അഭിനേതാക്കളുടെ പ്രകടനത്തിൽ മെച്ചമുണ്ടാക്കിയ പ്രകടനങ്ങളൊന്നുമില്ല. അത് അഭിനേതാക്കളുടെ പോരായ്മയല്ല. തിരക്കഥയുടേയും സംവിധാനത്തിന്റേയും പാളിച്ചയാണ്. നന്നായി പെർഫോം ചെയ്യാനറിയാവുന്ന ശിവജി ഗുരുവായൂരും, അനൂപ് മേനോനും, സന്ധ്യയും റിസബാവയുമൊക്കെ ഉണ്ടായിട്ടും അവർക്ക് തിളങ്ങാവുന്ന ഒരൊറ്റ സന്ദർഭം പോലുമുണ്ടായില്ല സിനിമയിൽ. അനൂപ് മേനോൻ, ടിനി ടോം എന്നിവർ തരക്കേടില്ല എന്നു പറയാം. “എ വയലന്റ് പൊളിറ്റിക്കൽ ലൌ സ്റ്റോറി” എന്നാണ് സിനിമയുടെ പ്രൊമോഷൻ പോസ്റ്ററുകളിലെ തലക്കെട്ട്. സിനിമയിൽ  ഇതിലൊന്നുപോലുമില്ല എന്നതാണ് ഏറെ രസകരം!
.

Contributors