സിംഹാസനം - ക്ലീഷേകളുടെ പെരുങ്കളിയാട്ടം.

Submitted by nanz on Sat, 08/11/2012 - 12:07

ഷാജി കൈലാസ് സംവിധാനം ചെയ്ത “ആറാം തമ്പുരാൻ, നരസിംഹം, താണ്ഡവം” പിന്നെ ജോഷി സംവിധാനം ചെയ്ത ‘നാടുവാഴികൾ’, ‘ലേലം’ തുടങ്ങിയ സിനിമകളൊന്നും കണ്ടിട്ടില്ലാത്തവർ ഇനി അതോരോന്നും കണ്ടു പണവും സമയവും മിനക്കെടുത്തണമെന്നില്ല. ഇതെല്ലാത്തിനേയും ചേർത്തരച്ച് ഒരൊറ്റ സിനിമയാക്കി (അഞ്ചു സിനിമകൾ ഒറ്റ ഡിവിഡിയിൽ എന്ന പോലെ) ഷാജി കൈലാസ് നമുക്ക് 2012ൽ വിളമ്പിത്തരുന്നുണ്ട്. തിയ്യറ്ററിലെ ചുമരും പിളർന്നും വരുന്ന ആ സംഹാര മൂർത്തിക്ക് “സിംഹാസനം” എന്നാണ്  പുതിയ പേർ.

തന്റെ മുൻ കാല സിനിമകൾ, അതിലെ കഥാസന്ദർഭങ്ങൾ, സംഭാഷണങ്ങൾ എന്നിവ യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പകർത്തിവെക്കാൻ തൊലിക്കട്ടി തെല്ലും പോര, അതിനു കാശ് മുടക്കാനും. തന്റെ പുതിയ സിനിമക്ക് താൻ തന്നെ തിരക്കഥ രചിക്കുന്നു എന്ന് ഷാജി കൈലാസ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എന്തായാലും പുതുമകളേറെയുള്ളതും മലയാള സിനിമയിൽ ഒരിക്കൽ പോലും പരാമർശിക്കുകപോലും ചെയ്യാത്ത ഈ സിനിമയുണ്ടാക്കാൻ ഷാജി കഷ്ടപ്പെട്ടു കാണണം. കാരണം സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പുതുമകളുടെ ഘോഷയാത്രയാണ്.

കഥാസാരവും മറ്റ് കൂടുതൽ വിശേഷങ്ങളും ഇതിന്റെ ഡാറ്റാബേസ് പേജിൽ ഇവിടെ വായിക്കാം. 

ഒരു ‘ഓൾട്ടർനേറ്റീവ് ഗവണ്മെന്റ്‘ ആയ അച്ഛൻ തമ്പ്രാൻ. വലിയ തറവാടും മുറ്റത്ത് ആനയും വാല്യക്കാരും നാലും കൂട്ടി മുറുക്കുമുള്ള ഈ തമ്പ്രാന്റെ സഹായി ‘ജമാൽ’ എന്നൊരു മസിൽമാനാണ്. (അതല്ലങ്കിലും അങ്ങിനെയാണ് നാടു ഭരിക്കുന്ന തമ്പ്രാനാണെങ്കിലും ധാരവിയിലെ ചേരി ഒറ്റ രാത്രികൊണ്ട് ഒഴിപ്പിച്ച ജഗന്നാഥനാണേലും, വണ്ടിയോടിക്കാനും കൂടെ നിൽക്കാനും ബാപ്പുവോ ജമാലോ വേണം) സർക്കാരിനും മുഖ്യമന്ത്രിക്കുമൊന്നും സാധിക്കാത്ത പല കാര്യങ്ങളും നിമിഷനേരം കൊണ്ട് ചെയ്തെടുക്കുന്ന വലിയ തമ്പ്രാനണദ്ദേഹം. ഇന്ത്യ മുഴുവൻ ഇദ്ദേഹം സഹായിച്ച ആളുകളും ഉദ്യോഗസ്ഥരുമേയുള്ളു. നാട്ടിലാർക്കും സങ്കടമുണ്ടായാലും തട്ടകത്തിലെ ഉത്സവത്തിനു തിരുവാഭരണം എഴുന്നെള്ളത്തായാലും വന്ന് പറയുന്നതും തീർപ്പ് കൽ‌പ്പിക്കുന്നതും ഈ തറവാട്ട് മുറ്റത്തായിരിക്കും. എന്തൊക്കെ ആധുനിക സൌകര്യങ്ങൾ ഉണ്ടായാലും വീട്ടിൽ വരുന്ന അതിഥികൾക്ക് സംഭാരം മാത്രമേ കൊടുക്കൂ. പണ്ടു മുതലേ തമ്പ്രാന്റെ ആശ്രിതനായ വീട്ടീലെ കാര്യസ്ഥപ്പണിക്ക് ‘ഷാരടി’ -യിൽ പെട്ടവരെ മാത്രമേ നിർത്തൂ. വിവരവും വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും നായകനെ കാത്തിരിക്കുന്ന ഗ്രാമീണ കന്യകക്ക് ചുരിദാറ് എന്നൊന്നും കേട്ടു കേൾവി പോലുമില്ല-ന്റെ കൃഷ്ണാ. എപ്പോഴും തന്റെ കൂടെയുള്ള ഒന്നരവയസ്സുകാരി മുതൽ അഞ്ച് വയസ്സുകാരൻ വരെയുള്ള ‘കൂട്ടുകാരു’മായി പാടവരമ്പിലും തൊടിയിലും പട്ടുപാവാടയും ദാവണിയുമണിഞ്ഞ് കയ്യിൽ പൂജാപുഷ്പമേന്തിയ പാത്രവുമായി ക്ഷേത്രദർശനത്തിനു പോകുകയാണ് നിഷ്കളങ്ക നായിക. നായകന്റെ ഒപ്പം പട്ടണത്തിൽ നിന്നു വന്ന നായകന്റെ ക്ലാസ്സ്മേറ്റായ പെൺകുട്ടിയെ കണ്ടു കൂടാ. വിവരവും പരിഷ്കാരവുമുണ്ടെങ്കിലും വീട്ടിലെ ചിട്ടകളൊക്കെ പാലിക്കാനുള്ള വകതിരിവുണ്ടോ ഈ പട്ടണത്തിലെ പെൺകുട്ടികൾക്ക് ? മാത്രമോ, നായകന്റെ മുറിയിൽ കടന്നു വരിക, അവന്റെയൊപ്പം കട്ടിലിൽ ഇരിക്കുക, കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക, തുടങ്ങി എന്തും ചെയ്തു കളയും ഈ പരിഷ്കാരി കുട്ട്യോള്. വാതിലിന്റെ മറവിൽ നിന്ന് ഇതൊക്കെ കണ്ട് വിരലു കടിച്ച് കൈ കുടയാനല്ലേ ദാവണിക്കാരികൾക്ക് ഇപ്പോഴും പറ്റൂ.ശിവ ശിവ!! എന്താ‍യാലും തമ്പ്രാന്റെ കഷ്ടകാലം, പുള്ളി സഹായിച്ച രാഷ്ട്രീയക്കാരും മന്ത്രിമാരും കാര്യം കഴിഞ്ഞാൽ തിരിഞ്ഞു കുത്തും, പണ്ട് താൻ ചെയ്തൊരു സൽക്കർമ്മം കാരണം മരിക്കുകയോ നാടുവിടുകയോ ചെയ്ത ഏതെങ്കിലും തറവാട്ട് കാരണവരുടെ മൂന്ന് ആൺ മക്കൾ വർഷങ്ങൾക്ക് ശേഷം പ്രതികാരത്തിനു വരും, വരുന്നതേ ഈ തിരിഞ്ഞു കുത്തിയ മന്ത്രിമാരുടേയും എം എൽ മാരുടേയും ചങ്ങാത്തം കൂടിയിട്ടായിരിക്കും. എന്തിനേറെപ്പറയുന്നു; നാട്ടിലെ ഉത്സവവും കാവടിയാട്ടവും തിരുവാഭരണം എഴുന്നെള്ളിക്കലും, ഹോമവും യാഗവുമൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും തമ്പ്രാ‍നെ രാത്രിയിൽ വഴിയിൽ വെച്ച് ശത്രുക്കൾ പിന്നിൽ നിന്ന് കുത്തികൊല്ലുകയോ മറ്റോ ചെയ്യും. പണ്ടൊരു ഈപ്പച്ചിയെന്നേ മറ്റോ പേരുള്ള ഒരു കള്ളവാറ്റുകാരൻ കൊല്ലപ്പെട്ടതും ഇങ്ങിനെയായിരുന്നു. അന്യരെ സഹായിക്കുന്ന, നാടു മുഴുവൻ സ്നേഹിക്കുന്ന പാവത്തുങ്ങളുടെ വിധി! ഇതൊക്കെ മുൻ കൂട്ടി അറിയാവുന്നത് കൊല്ലങ്കോട് കൃഷ്ണക്കൈമൾ എന്ന ജ്യോത്സനായിരിക്കും. പക്ഷെ അഷ്ടമത്തിൽ വ്യാഴം വന്നാൽ എന്തു ചെയ്യും!!!?

അനന്തപുരി പത്നനാഭസ്വാമിയുടെ കടും വിശ്വാസിയായ നിർമ്മാതാവിന്റെ നിർബന്ധത്താലോ എന്തോ പപ്പനാവസ്വാമികളുടേ ഗുണഗണങ്ങളും പഴയ രാജഭരണത്തിന്റെ നേട്ടങ്ങൾ കൊണ്ടുണ്ടായ ചന്തിയിലെ തഴമ്പുമൊക്കെ വീരാരാധനയായി ചിത്രത്തിലുടനീളമുണ്ട് വിഷ്വലായും സംഭാഷണങ്ങളായും.  നാടുവാഴിത്തവും, തമ്പ്രാൻ കളിയും പൂണൂൽ ധാരണവും ആചാരങ്ങളുടെ ശാസ്ത്രീയതയുമൊക്കെ ഏറെ പ്രഘോഷിക്കപ്പെടുന്നുണ്ട് ഈ ചിത്രത്തിൽ. “താണ്ഡവ’ത്തിലെ മിഥിലാപുരി സിംഹാസനത്തിൽ ‘ചന്ദ്രപുരി’യായും, ലേലം, താണ്ഡവം, നാടുവാഴികൾ, എന്നീ സിനിമകളിലെ അച്ഛൻ - മകൻ ബന്ധങ്ങൾ  ചന്ദ്രഗിരിയിൽ മാധവനും - അർജ്ജുനനുമായും കൃത്യമായും വ്യക്തമായും പകർത്തി വെച്ചിട്ടുണ്ട് സിംഹാസനത്തിൽ അഭിനയിക്കുന്നത് സായ്കുമാറൂം പൃഥീരാജുമാണെന്നു മാത്രമേയുള്ളു.

സായ്കുമാറിന്റെ അച്ഛൻ തമ്പ്രാൻ നന്നായിട്ടുണ്ട്, സഹായി ജമാലായി ബിജു പപ്പനും വ്യത്യസ്ഥവേഷത്തിലാണ്. പഴയ ഗുണ്ടാ റോളിൽ നിന്നൊരു മാറ്റം. ബാബുരാജിനെ പോലെ അടൂത്ത പടത്തിൽ ഇനി കോമഡി ചെയ്യുമോ എന്നേ ശങ്കയുള്ളു...!

ദു:ഖങ്ങൾ ഒളിപ്പിച്ചു വെച്ച ഷാരടി മാമയായി കുഞ്ചൻ, മന്ത്രി, എം എൽ എ എന്നീ സ്ഥിരം വേഷങ്ങൾ കെട്ടുന്ന സ്ഥിരം ആട്ടക്കാരായ, ടി പി മാധവൻ, ശ്രീകുമാർ, രാമു എന്നിവരും, അച്ഛന്റെ മരണത്തിനും തറവാട് കുളം തോണ്ടിയതിനും കാലങ്ങൾക്ക് ശേഷം പ്രതികാരത്തിനു വരുന്ന വില്ലന്മാരായി ദേവനും സിദ്ധിക്കുമൊക്കെ സ്ഥിരം കത്തി-പച്ച വേഷങ്ങൾ കെട്ടിയാടുന്നുണ്ട്. കൂടാതെ രണ്ടു മൂന്നു ആനകൾ, കുറച്ച് താറാവുകൾ, വെളിച്ചപ്പാടുകൾ, വെറ്റില മുറുക്കാൻ, കസവു മുണ്ട്, കിണ്ടി, കുരുത്തോല, അമ്പലം എന്നിവരും ചിത്രത്തിൽ ആദ്യാവസാനം അഭിനയിച്ചിട്ടുണ്ട്!!!

ഷാജി, ശരവണൻ, വിഷ്ണു നമ്പൂതിരി എന്നീ മൂന്ന് ക്യാമറമാന്മാരാണ് ഈ സിനിമയുടെ ‘പുതുമ ചോരാതെ‘ ദൃശ്യവൽക്കരിച്ചത്. ഡോൺ മാക്സിന്റെ എഡിറ്റിങ്ങ്, ബോബന്റെ കലാസംവിധാനം, കുമാർ എടപ്പാളിന്റെ വസ്ത്രാലങ്കാരം ഒക്കെ പിന്നണിയിലുണ്ട്. “താങ്കനക്ക തില്ലം തില്ലം..” പുതിയ ഈണത്തിൽ പാടാൻ എം ജി ശ്രീകുമാറും ഒപ്പം റിമി ടോമിയും, മന്ത്രോച്ചാരണങ്ങളും, പപ്പനാവ സ്തുതികളും പാടുവാൻ സുധീപ് കുമാറുമുണ്ട്.

ഷാജി കൈലാസിന്റെ വരിക്കാശ്ശേരി മനപശ്ചാത്തലമുള്ള തമ്പ്രാൻ പടങ്ങളും ജോഷിയുടെ ലേലവും നാടുവാഴികളും കാണാത്ത പ്രേക്ഷകനു ഈ സിനിമകളെല്ലാം ഒറ്റയടിക്ക് കാണാനുള്ള അസുലഭാവസരമാണ് “സിംഹാസനം”

വാൽക്കഷണം : നാടുവാഴികളുടെ രണ്ടാം ഭാഗം പൃഥീരാജിനെ വെച്ച് ഷാജി ചെയ്യാൻ പോകുന്നു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷമേറെയായി. ഇതുവരെ ചെയ്ത് തുടങ്ങിയില്ല. എന്തായാലും ആ കുറവ് ഷാജി തീർത്തു. നാടുവാഴികളിലെ അച്ഛനെ ശത്രുക്കൾ വളയുമ്പോൾ ബാംഗ്ലൂരിലെ പഠിപ്പ് നിർത്തി അച്ഛനെ സഹായിക്കാനെത്തുന്ന മകൻ അർജ്ജുനന്റെ  (പേരു പോലും കൃത്യം) കഥ തന്നെ ചെയ്തുകളഞ്ഞു ഷാജി. (മറ്റൊരു തമാശ, നാടുവാഴികൾ ചെയ്ത ജോഷി വർഷങ്ങൾക്ക് ശേഷം അതേ സിനിമയെ പൊടി തട്ടി, പേരും ജാതിയും മാറ്റി പുതിയ കുപ്പായമിടീച്ചതാണ് ‘ലേലം”. നാടുവാഴികളിൽ നായകനും കുടുംബവും ഹിന്ദുവും നായിക കൃസ്താനിയുമായപ്പോൾ ലേലത്തിൽ നായകനും കുടുംബവും കൃസ്ത്യാനിയും നായിക നമ്പൂതിരിയുമായി. അധോലോകത്തിനു പകരം കള്ളവാറ്റായി. കഥാ സന്ദർഭങ്ങൾ പോലും ഈച്ചക്കോപ്പിചെയ്ത ‘ലേല‘വും നമ്മളങ്ങ് കയ്യടിച്ച് ഹിറ്റാക്കിക്കൊടുത്തു!!)

Contributors