അടുത്ത കാലത്ത് കണ്ട മലയാളം സിനിമകളില്‍ മികച്ചു നില്‍ക്കുന്നു, "ഈ അടുത്ത കാലത്ത്". കയ്യടക്കത്തോടെ, കാണികളെ മുഷിപ്പിക്കാതെ, വിഡ്ഢിയാക്കാതെ എടുത്ത ചിത്രം. അരുണ്‍ കുമാര്‍ അരവിന്ദിന്റെ രണ്ടാമത് ചിത്രം എന്ത് കൊണ്ടും മലയാള സിനിമയുടെ വിജയമുഖമാണ്.
ജീവിതം 43,252,003,274,489,856,000 തരം സാധ്യതകളും പരാജയങ്ങളും ഉള്ള 'രുബിക്സ് ക്യുബ്' പോലെയാണ്. പക്ഷേ ഒരു വട്ടം ശരിയായാല്‍ അത് ഏറ്റവും പെര്‍ഫെക്റ്റ് ആകും. ഈ ആശയത്തില്‍ ആണ് 'ഈ അടുത്ത കാലത്ത്' തുടങ്ങുന്നതും മുന്നേറുന്നതും അവസാനിക്കുന്നതും.
ആറു മനുഷ്യര്‍, ആറു തരം ജീവിതങ്ങള്‍, ആറു തരം കാഴ്ചപ്പാടുകള്‍.. അങ്ങനെ 'രുബിക്സ് ക്യുബ്' ശരിയാക്കുകയാണ് സംവിധായകന്‍. മികച്ച സംവിധാനം, മുരളി ഗോപിയുടെ ശക്തമായ തിരക്കഥ, എഡിറ്റിംഗ്, [എഡിറ്റിങ്ങ് നീണ്ടു പോയി എന്നാണ് ഈ സിനിമയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപം. ആരെയും ബോറടിപ്പിക്കാത്ത, സിനിമ ആവശ്യപ്പെടുന്ന എഡിറ്റിംഗ് മാത്രമേ ഇതില്‍ ഉള്ളു], കാസ്റ്റിംഗ്.. എല്ലാം കൊള്ളാം.
മനുഷ്യന്‍റെ വ്യക്തിപരമായും സാമൂഹികമായും ഉള്ള ബന്ധങ്ങളിലെ സങ്കീര്‍ണത, കൊടുക്കല്‍ വാങ്ങലുകള്‍, നിമിത്തങ്ങള്‍, അനുഭവങ്ങള്‍, സംമൂഹികമായ വേര്‍തിരുവുകള്‍, പണം എന്ന വില്ലനും നായകനും, വറ്റാത്ത നന്മ, തകര്‍ന്നു പോകുന്ന (തകരേണ്ട) മൂല്യങ്ങള്‍, കണ്ടു പരിജയിച്ച മുഖങ്ങള്‍, സാമൂഹിക പ്രശ്നങ്ങള്‍ [ വിളപ്പില്‍ ശാല, മൊബൈല്‍, ക്യാമറ, രതി ചിത്രങ്ങള്‍ ..] എല്ലാം ഒറ്റ കാന്‍വാസില്‍ പറയാനുള്ള ശ്രമം.
ഇന്ദ്രജിത്ത് - വിഷ്ണു, മുരളി ഗോപി- അജയ് കുര്യന്‍, അനൂപ് മേനോന്‍- കമ്മിഷണര്‍ ടോം ചെറിയാന്‍, നിഷാന്‍- റുസ്തം, തനുശ്രി ഘോഷ് - മാധുരി കുര്യന്‍, മൈഥിലി- രമണി, ലെന- പത്രപ്രവര്‍ത്തക രൂപ, ജഗതി- ബോണകാട് രാമചന്ദ്രന്‍, സജിത മഠത്തില്‍ എന്നിവര്‍ നല്ല അഭിനയം കാച്ച വെച്ചു. സംവിധാനം- അരുണ്‍ കുമാര്‍ അരവിന്ദ്, നിര്‍മ്മാണം- രാജു മല്ലിയാത്ത്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചലച്ചിത്രം.
നമ്മുടെ ഇപ്പോഴത്തെ "പുത്തന്‍" മലയാള സിനിമകള്‍ എല്ലാം വന്നു വന്നു ഒരേ പുതുമ യിലേക്ക്, അതായതു ട്രാഫിക്ക് സിനിമയുടെ ചട്ടക്കൂടിലേക്ക് മാറിപോകുന്നുണ്ടോ ? ഈ അടുത്ത കാലത്ത് തരുന്ന സൂചന അതാണ്..
by Sanil Kumar on Tuesday, March 13, 2012 @ p.sanilkumar.
Relates to
Article Tags