അതൊക്കെ ഒരു കാലം! എന്ന് മലയാള സിനിമയില്‍ ക്ലാസിക്കുകളുണ്ടായിരുന്ന ഒരു കാലത്തെക്കുറിച്ച് മധ്യവയസ്സുകഴിഞ്ഞ, തിയേറ്ററില്‍ പോയി ഒരൊറ്റ സിനിമപോലും കാണാത്ത സിനിമാ പ്രേമികള്‍ നെടുവീര്‍പ്പിട്ടുകൊണ്ടിരുന്ന സമയത്താണ് തമിഴില്‍ പരുത്തിവീരനും, സുബ്രഹ്മണ്യപുരവും, വെണ്ണിലാ കബഡിക്കുഴുവുമൊക്കെ സൂപ്പര്‍താരചിത്രങ്ങള്‍ക്കുമേല്‍ അട്ടിമറിവിജയം കൈവരിച്ചുകൊണ്ട് കേരളത്തിന്റെ തിയേറ്ററുകളിലും എത്തുന്നതും മലയാളത്തില്‍ എന്തുകൊണ്ട് ഇത്തരം ഗൌരവമുള്ള സിനിമാ സംരംഭങ്ങളുണ്ടാകുന്നില്ല എന്ന ചര്‍ച്ചകളുയര്‍ത്തുന്നതും. തമിഴിനെക്കണ്ട് പഠിക്കൂ.. എന്ന് നെടുവീര്‍പ്പുകാര്‍ തട്ടി മൂളിക്കാന്‍ തുടങ്ങി. അപ്പോഴും അവരാരും മലയാളത്തില്‍ വല്ലപ്പോഴും ഇറങ്ങുന്ന നല്ല സിനിമകള്‍ കാണാന്‍ പോലും തിയേറ്ററില്‍ പോയില്ല. കയ്യൊപ്പും, ടി.ഡി.ദാസനും, ആത്മകഥയും, പാലേരി മാണിക്യവുമൊന്നും ആരും കണ്ടില്ല. അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ചു. തമിഴില്‍ ഇറങ്ങുന്ന എല്ലാ ‘പടങ്ങളേയും‘ നല്ല സിനിമ എന്ന ഗണത്തില്‍ അവര്‍ പെടുത്തുകയും ചെയ്തു.
തിയേറ്ററില്‍ പോയി സിനിമ കാണാത്ത ഇക്കൂട്ടരുടെ നെടുവീര്‍പ്പുകള്‍ക്കും പോയകാലത്തെക്കുറിച്ചുള്ള പൊങ്ങച്ചത്തിനും മേല്‍ വന്നു വീണ കനത്ത അടിയായിരുന്നു ട്രാഫിക്കിന്റെ അപ്രതീക്ഷിത വിജയം. തമിഴ് സിനിമ എഴുപത് - എണ്‍പതുകളിലെ മലയാള സിനിമയുടെ അതേ ചേരുവകള്‍ എടുത്തു കളിക്കുകയായിരുന്നുവെന്നും അതിലേക്ക് തിരിച്ചു പോവുകയല്ല മലയാളസിനിമ ചെയ്യേണ്ടതെന്നും വിളിച്ചു പറയുകയായിരുന്നു ട്രാഫിക്. ആ സിനിമയെക്കുറിച്ചുള്ള എന്തൊക്കെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമെങ്കിലും പറഞ്ഞു വന്ന രീതികളില്‍ നിന്നും വ്യത്യസ്തമായി ഫോര്‍മുലകളും സൂപ്പര്‍ താരങ്ങളുമില്ലാതെ സിനിമ നിര്‍മിച്ചാലും സിനിമയുടെ മാജിക് അതിലുണ്ടെങ്കില്‍ അത് വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പിക്കുകയായിരുന്നു ആ ചിത്രം. അതേത്തുടര്‍ന്ന് ട്രാഫിക്കിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് നിര്‍മിച്ച ചാപ്പാകുരിശും മലയാള സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന് അടയാളപ്പെടുത്തിയ ചിത്രമാണ്. ആദ്യചിത്രത്തില്‍ രാജേഷ് പിള്ള എന്ന സംവിധായകന്‍ തന്റെ കസേര ഉറപ്പിച്ചെങ്കില്‍, രണ്ടാമത്തെ ചിത്രത്തില്‍ സമീര്‍ താഹിര്‍ എന്ന ക്യാമറാമാന്‍ സംവിധായകന്‍ എന്ന് കിരീടം മാറ്റിയണിഞ്ഞു. അതുകൊണ്ടുതന്നെ മാജിക് ഫ്രെയിംസിന്റെ മൂന്നാമത്തെ ചിത്രം ഉസ്താദ് ഹോട്ടല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയിരുന്ന ആകാംക്ഷയും വളരെ വലുതായിരുന്നു. രാജേഷ് പിള്ളയുടെ രണ്ടാമത്തെ ചിത്രമായിരുന്നു ട്രാഫിക് എങ്കിലും ആദ്യ ചിത്രം അദ്ദേഹത്തിന് ഒരു വിലാസം ഉണ്ടാക്കി നല്‍കിയിരുന്നില്ല. അതുപോലെ തന്നെ ക്യാമറാമാന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ആളായിരുന്നു സമീര്‍ താഹിര്‍ എങ്കിലും സംവിധായകനെന്ന നിലയില്‍ സ്വയം തെളിയിച്ചിരുന്നില്ല അദ്ദേഹം. എന്നാല്‍ ഉസ്താദ് ഹോട്ടലിന്റെ കാര്യം അങ്ങനെയല്ലായിരുന്നു. അന്‍വര്‍ റഷീദ് എന്ന സൂപ്പര്‍ഹിറ്റ് സംവിധായകനും അഞ്ജലി മേനോന്‍ എന്ന കഴിവു തെളിയിച്ച സംവിധായികയും ഒത്തുചേരുന്ന ചിത്രമെന്ന നിലയില്‍ പ്രതിക്ഷകള്‍ ഏറെയായിരുന്നു.പ്രതീക്ഷയുടെ വാഗ്ദാനങ്ങളുമായി വരുന്ന ചിത്രങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മിക്കവാറും എല്ലാം ആദ്യ ഷോ കഴിയുമ്പോള്‍ നിരാശയുടെ മൌനത്തിലേക്ക് മുങ്ങിപ്പോകുന്നതാണ് കാണാന്‍ കഴിയുക. എന്നാല്‍ മാജിക് ഫ്രെയിംസിന് അതിന്റെ മൂന്നാമത്തെ ചിത്രത്തെയും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊപ്പം ഒരുപക്ഷെ അതിലപ്പുറത്തേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞു എന്നുതന്നെ പറയണം.
രഞ്ജിത്ത് ഒരുമിപ്പിച്ച കേരള കഫേയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന സിനിമ, അതുവരെ അദ്ദേഹത്തെക്കുറിച്ചുണ്ടായിരുന്ന ഇമേജുകളെ മുഴുവന്‍ തട്ടിത്തകര്‍ക്കുന്ന ഒന്നായിരുന്നു. (ബ്രിഡ്ജ് എന്ന സിനിമ നായകന്റെ പക്ഷത്തു നില്‍ക്കുന്നു എന്ന നിലയ്ക്ക് എനിക്കുള്ള വിയോജിപ്പ് അങ്ങനെ നില്‍ക്കുമ്പോഴും ) കേരള കഫേയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രവും ബ്രിഡ്ജ് തന്നെയായിരുന്നു. കേരള കഫേയിലെ തന്നെ ഹാപ്പി ജേര്‍ണി എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോനും അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ എന്ന മാധ്യമത്തെ സത്യസന്ധതയോടെ സമീപിക്കുമ്പോള്‍ അതിന് സ്വതവേയുണ്ടാകുന്ന ശക്തിയും ഊര്‍ജ്ജവുമായിരുന്നു ബ്രിഡ്ജിന്റേയും ഹാപ്പി ജേര്‍ണിയുടേയും സവിശേഷതകള്‍. അതേ സത്യസന്ധത തന്നെയാണ് ഉസ്താദ് ഹോട്ടലിനേയും ശ്രദ്ധേയമാക്കുന്ന സവിശേഷത എന്നെനിക്കു തോന്നുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരിടത്തും ഏച്ചുകെട്ടലുകളും നാടകീയതയും തോന്നിക്കാതെ സിനിമ എന്ന ദൃശ്യമാധ്യമത്തിന്റെ സാധ്യതകള്‍ ലാളിത്യത്തോടെ ഉപയോഗിച്ചിരിക്കുന്നു. എല്ലാ ദൃശ്യശകലങ്ങളും, എല്ലാ അഭിനേതാക്കളും, എല്ലാ ശബ്ദങ്ങളും ഒട്ടും അതിഭാവുകത്വമില്ലാതെ ചേരുന്ന ഒരു സിനിമയ്ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന ഒരനുഭൂതി ഉസ്താദ് ഹോട്ടല്‍ നല്‍കുന്നുണ്ട്. ഇനിയും ആയിരം കഥകള്‍ പറഞ്ഞാലും തീരാത്ത ഒരു സംസ്കാരമാണ് നമ്മുടെ മണ്ണിനും ഇവിടെ ജീവിക്കുന്ന വൈവിധ്യമുള്ള ജനതയ്ക്കുമുള്ളതെന്ന തിരിച്ചറിവു കൂടി നല്‍കുന്നുണ്ട് ഉസ്താദ് ഹോട്ടല്‍ .
ട്രാഫിക് എന്ന സിനിമ കണ്ടിറങ്ങിയപ്പോള്‍ ഒരു തിരക്കഥാകൃത്തിന്റെ സിനിമയെന്ന്‍ പറയാനാണ് തോന്നിയതെങ്കില്‍ വളരെ മനോഹരമായ ഒരു തിരക്കഥയാണ് ഉസ്താദ് ഹോട്ടലിന്റേതെങ്കിലും സംവിധായകന്റെ സിനിമ എന്നല്ലാതെ അതേക്കുറിച്ച് ചിന്തിക്കാനേ കഴിയുന്നില്ല. ദുല്‍ക്കര്‍ സല്‍മാന്‍, തിലകന്‍, മാമുക്കോയ, നിത്യാ മേനോന്‍, സിദ്ധിഖ് ഇവരൊക്കെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ മറ്റൊരാള്‍ ചെയ്യുന്നതേക്കുറിച്ച് ആലോചിക്കാന്‍ കഴിയുന്നില്ല. കഥാപാത്രങ്ങളോരോന്നും വ്യക്തി മുദ്രപതിപ്പിച്ചാണ് കടന്നു പോകുന്നത്. കരീമിക്കയെ അവതരിപ്പിച്ച തിലകനെ ഇടക്കാലത്ത് അഭിനയിക്കുന്നതില്‍ നിന്ന് വിലക്കിയ സംഘടനാ നടപടിയെക്കുറിച്ച് ആലോചിച്ചപ്പോള്‍ സിനിമയില്‍ ഒരിടത്ത് ദുല്‍ക്കറിന്റെ കഥാപാത്രം ആകാശത്തേക്ക് നോക്കി പറയാനോങ്ങി വിഴുങ്ങിയ വാക്ക് തികട്ടി വരുന്നു. ദൈവത്തെ തെറിവിളിക്കാന്‍ പോലും ഒരു യഥാര്‍ത്ഥ സിനിമയ്ക്ക് ഒരു സെന്‍സര്‍ബോര്‍ഡിനേയും ഭയപ്പെടേണ്ടതില്ലെന്ന് പറയാതെ പറഞ്ഞ ആ വാക്കിന് അഞ്ജലീ മേനോനും അത് കൃത്യമായി ഒപ്പിയെടുത്ത അന്‍വര്‍ റഷീദിനും അത് മനോഹരമാക്കിയ ദുല്‍ക്കറിനും മനോഹരമായ ഒരു സിനിമയ്ക്ക് മാജിക് ഫ്രെയിംസിനും അനുമോദനങ്ങള്‍ .
Relates to
Article Tags
Contributors