ഉസ്താദ് ഹോട്ടല്‍ - ഉപദേശികള്‍ക്കൊരു മാര്‍ഗദര്‍ശി.
പ്രേമിക്കുന്നവരെ ഉപദേശിക്കാന്‍ സത്യന്‍ അന്തിക്കാട്. മദ്യപാനം കുടിക്കരുതെന്ന് രഞ്ജിത്. ഇപ്പോഴിതാ വിദേശത്ത് ജോലി ചെയ്യരുതെന്നും ചാരിറ്റി ജീവിതവ്രതമാക്കണമെന്നും അന്‍വര്‍ റഷീദും അഞ്ജലി മേനോനും. രണ്ടാം പകുതികളെല്ലാം ഡോക്യുമെന്ററികളാവുന്ന മലയാളസിനിമകള്‍ കണ്ട് ഇനിയെങ്ങാനും മലയാളികള്‍ അങ്ങ് നന്നായിപ്പോകുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.
അഷുദോഷ് ഗവാരിക്കര്‍ സ്വദേശ് എന്നൊരു സിനിമ നേരത്തെ ഹിന്ദിയില്‍ എടുത്ത് വെച്ചിരിക്കുന്നത് കൊണ്ട് ഉസ്താദ് ഹോട്ടല്‍ എന്ന സിനിമക്ക് തിരക്കഥയെഴുതാന്‍ അഞ്ജലി മേനോനു അധികം ബുദ്ധിമുട്ട് വന്നു കാണില്ല.
1. സ്വദേശ് സിനിമ ഡി.വി.ഡി പ്ലേ ചെയ്യുക.
2. സീനുകളും ഡയലോഗുകളും മൈക്രോസോഫ്റ്റ് വേഡിലോ ഓപ്പണ്‍ ഓഫീസിലോ ടൈപ് ചെയ്തെടുക്കുക.
3. ctrl + f അടിക്കുക.
4. ഫൈന്‍ഡ് ആന്ഡ് റീപ്ലേസ് ഓപ്ഷന്‍ എടുത്ത ശേഷം 'വൈദ്യുതി' എന്ന വാക്കിനെയെല്ലാം 'ഭക്ഷണം' എന്ന വാക്കു കൊണ്ടും 'അമേരിക്ക' എന്ന വാക്കിനെ 'ലണ്ടന്‍/പാരീസ്' എന്നും റീപ്ലേസ് ചെയ്യുക.
5. കാവേരിയമ്മ എന്ന കഥാപാത്രത്തിനു കരീംഭായ് എന്ന് പേരിടുക.
സംഗതി ക്ലീന്‍. ഉസ്താദ് ഹോട്ടലിന്റെ രണ്ടാം ഭാഗം എഴുതിത്തീര്‍ന്നു. പാരീസിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന നായകന്‍ ചുവരില്‍ ഇന്ത്യയുടെ മാപ്പ് കാണുമ്പോള്‍ ബാക്ഗ്രണ്ടില്‍ ശഹനായിയുടെ ഈണവും ഏ.ആര്‍ റഹ്മാന്റെ ശബ്ദത്തില്‍ ഒരു ദേശഭക്തിഗാനവും മാത്രം ഇല്ലാതെ പോയി. അതൂടേ ഉണ്ടായിരുന്നെങ്കില്‍ ജോറായേനേം. പിന്നെ ബാക്കിയുള്ളത് ഫസ്റ്റ് ഹാഫാണ്. അതിനിത്തിരി നവധാരാ സിനിമാക്കൂട്ട് ചേര്‍ത്താല്‍ മതിയാകും. സോള്‍ട് ആന്‍ഡ് പെപ്പറിലെപ്പോലെ ഭക്ഷണത്തിന്റെ ക്ലോസപ്പ്. പല കളറിലുള്ള പെയിറന്റുകള്‍ ചുവരിലടിച്ച് കളി, പ്രഫഷനല്‍ ആയി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ഹൈ ക്ലാസ് അപാര്‍ട്മെന്റുകളില്‍ കാപ്രീസിട്ടിരിക്കുന്ന നായകന്റെ ഷോട്ടുകള്‍, വേദനിക്കുന്ന കോടീശ്വരന്‍ ഇത്രയും മതിയാകും അതിനു. ഫെമിനിസ്റ്റ് മൂവീകള്‍ക്ക് ആണ് മാര്‍ക്കറ്റ് എന്നത് കൊണ്ട് അഞ്ജലി മേന്‍നെക്കൊണ്ട് "ഞാന്‍ ഭയങ്കര മോഡേണും, ഫ്രീഡം ലവിങ്ങും, ഈക്വല്‍ പാര്‍ട്ണറെ ആഗ്രഹിക്കുന്നവളും" ആണെന്ന് ഡയലോഗ് അടിപ്പിക്കുന്നത് നല്ലതാണ്. മുഷിയില്ല. (പക്ഷെ "ഞമ്മടെ" വീട്ടുകാരു ഓര്‍തഡോക്സാണെങ്കിലും )
സിനിമയില്‍ - വെളുവെളാ ഇരിക്കുന്ന നിത്യാ മേനോന്‍ ലോറിയില്‍ ലിഫ്റ്റ് ചോദിച്ചു കയറുന്നു. കറുകറാ ഇരിക്കുന്ന കിളിയെ കാട്ടി ഡ്രൈവറോട് -"ഇയാളെ എന്റെ അടുത്ത് ഇരുത്താന്‍ പോവുകയാണോ" എന്നൊരു ചോദ്യം. എവനെയൊക്കെ എങ്ങനെ അടുത്തിരുത്തും? ലുക്ക് കണ്ടാലേ അറിയിലേ ഗുണ്ടയും ആഭാസനും റേപ്പിസ്റ്റുമാണെന്ന്!
ലവസാനം പാരീസില്‍ ഷെഫാവാന്‍ പോകുന്ന ചെക്കനെ കോയ്ക്കോട്ടുകാരനായ കരിം ഭായ് മധുരയിലെ ക്ഷേത്രാങ്കണങ്ങളിലെ ഭക്ഷണശാലകളിലേക്കയക്കുന്നു. എങ്ങനെ ഭക്ഷണമുണ്ടാക്കാം എന്നതിനു പകരം എന്തിനു ഭക്ഷണമുണ്ടാക്കണം എന്ന് പട്ടരുടെ അടുത്തൂന്നും കോച്ചിങ്ങ് ക്ലാസെടുക്കാന്‍ !!! മതേതരത്വം, സോഷ്യലിസം , ജനാധിപത്യം സിന്ദാബാദ്,....!! ഭാരത് മാതാക്കീ ജയ്... അങ്ങനെ വളരെ നല്ല ഒരു സോഷ്യല്‍ മെസ്സേജ് നല്‍കുന്ന സിനിമയാണ് ഉസ്താദ് ഹോട്ടല്‍. അല്ലെങ്കിലും കല എന്നാല്‍ സമൂഹത്തെ ഉദ്ധരിപ്പിക്കാന്‍ ഉള്ളതാണല്ലോ!
Relates to
Article Tags