അരികെ-സിനിമാറിവ്യു

Submitted by nanz on Tue, 05/22/2012 - 10:54

മനുഷ്യമനസ്സുകളുടെ സങ്കീർണ്ണതകളെക്കുറിച്ചാണ് സംവിധായകൻ ശ്യാമപ്രസാദ് മുൻപ് ടെലിവിഷനിലും പിന്നെ തന്റെ സിനിമകളിലും ഏറെ പറഞ്ഞിട്ടുള്ളത്. ഏറെ വൈകാരികമായ ചില ബന്ധങ്ങളും ബന്ധനങ്ങളുമൊക്കെയുള്ള ജീവിതപരിസരങ്ങളും കഥാപാത്രങ്ങളുമാണ് ശ്യാമപ്രസാദിന്റെ സിനിമകളിൽ. നിരൂപകശ്രദ്ധ പതിയുകയും നിരവധി ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമാകുകയും ചെയ്ത “ഇലക്ട്ര” എന്ന സിനിമക്കു ശേഷം ശ്യാമപ്രസാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അരികെ’ പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടേയും സ്നേഹത്തിന്റേയും സ്നേഹനിരാസത്തിന്റേയും സ്നേഹത്തെത്തേടിയുള്ള അന്വേഷണത്തിന്റേയും തിരിച്ചറിയിലിന്റേയും കഥ പറയുന്നു.  ഓരോ പ്രേക്ഷകനിലും പ്രണയത്തിന്റെ നനുത്ത സ്പർശമുണർത്തിയാണ് ‘അരികെ’ മുന്നോട്ട് നീങ്ങുന്നത്. ഓരോരുത്തരുടേയും ഉള്ളിലെ കാമുകനേയും കാമുകിയേയും ഉണർത്താനും ഉള്ളിൽ പ്രണയത്തിന്റെ ഭാവം വിടർത്താനും ‘അരികെ’യിലെ ശന്തനുവിനും കല്പനക്കും അനുരാധക്കും കഴിഞ്ഞിട്ടുണ്ട്. സിനിമ തീരുമ്പോൾ ഒരു നല്ല ചെറുകഥ വായിച്ച സുഖം.

കഥാസാരവും പൂർണ്ണവിവരങ്ങളും അരികെയുടെ ഡാറ്റാബേസ് പേജിൽ വായിക്കാം.

ബംഗാളി എഴുത്തുകാരൻ സുനിൽ ഗംഗോപാധ്യയുടെ ചെറുകഥയുടേ സിനിമാ ആവിഷ്കാരമാണ് ‘അരികെ’. ശ്യാമപ്രസാദിന്റെ മറ്റു സിനിമകളിൽ നിന്ന് അല്പം വ്യത്യസ്ഥമായി ഈ സിനിമയിലെ കഥാപാത്രങ്ങൾ ഏറെ സംസാരിക്കുന്നുണ്ട്.സംഭാഷണങ്ങൾക്കാണ്  ഏറെ ഊന്നൽ. ഏറെ വ്യത്യസ്ഥതയുള്ള പ്രമേയമോ കഥയോ ഒന്നുമല്ല. പലപ്പോഴായി പറഞ്ഞ ഒരു പ്രണയ കഥതന്നെയാണ്. പക്ഷെ അതിനെ വെറുതെ സ്പർശിക്കാതെ ഏറെ വൈകാ‍രികമായും മറ്റു തലങ്ങളിൽ നിന്നും വരച്ചു കാണിക്കുന്നുണ്ട്. ഒപ്പം തന്നെ സാങ്കേതികമായും ഈ സിനിമ നല്ല നിലവാരം പുലർത്തുന്നു. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം, ഛായാഗ്രഹണം, കലാസംവിധാനം, വസ്ത്രാലങ്കാരം, എഡിറ്റിങ്ങ്, സ്പോട്ട് ഡബ്ബിങ്ങ് എന്നിവയൊക്കെ ഈ സിനിമയുടെ പ്ലസ്സ് പോയന്റുകളാണ്. ‘അരികെ’യെ പ്രേക്ഷകനോട് ചേർത്തു നിർത്തുന്നത് ഈ ഘടകങ്ങൾ കൂടിയാണ്.

പ്രധാന കഥാപാത്രങ്ങളെല്ലാം നന്നായി അഭിനയിച്ചിരിക്കുന്ന ഈ സിനിമയിലെ നായകന്റേയും നായികയുടേയും കൂട്ടുകാരി ‘അനുരാധ’യായി വരുന്ന മംമ്ത മോഹന്ദാസാണ് അതിഗംഭീരമായ പ്രകടനം നടത്തിയിട്ടുള്ളത് (നല്ലൊരു എതിരാളി ഈ വർഷം ഉണ്ടായില്ലെങ്കിൽ ഒരു പക്ഷെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ‘അരികെ‘യിലെ അനുരാധക്ക് ലഭിക്കും) അനുരാധയുടെ ഓർമ്മയിൽ അവളുടെ കോളേജ് പഠനകാലത്തെ പ്രണയത്തെ ഓർക്കുന്നുണ്ട്. ഒരു കോളേജ് വിദ്യാർത്ഥിനിയായുള്ള മംമ്തയുടെ പ്രകടനമൊക്കെ സുന്ദരം. നായികയായ സംവൃതാ സുനിലും നായകനായ ദിലീപും  ഒട്ടും. മോശമായിട്ടില്ല എന്നല്ല പല സന്ദർഭങ്ങളിലും വളരെ മികച്ചരീതിയിലായിട്ടുണ്ട്. ദിലീപിന്റെ സിനിമാ കരിയറിലെ ഒരേയൊരു മികച്ച വേഷവും അഭിനയവുമായിരിക്കും അരികെയിലെ ശന്തനു. എങ്കിലും മെരുക്കിയെടുക്കാൻ ദിലീപ് ഏറെ പ്രയാസപ്പെടുന്നത് കാണാം. ഇടക്ക് ‘ദിലീപിസം’ തലപൊക്കുമോ എന്ന് തോന്നിപ്പിക്കുമെങ്കിലും വലിയ തെറ്റില്ലാതെ ചെയ്യാൻ കഴിഞ്ഞു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം നടത്തിയത് വിനീത് ആണ്. മുൻപ് പലപ്പോഴും സൈക്കിക്ക് കഥാപാത്രങ്ങളോ മറ്റോ ആയി ടൈപ്പ് ചെയ്യപ്പെട്ട വിനീത് ഇതുവരെയില്ലാത്ത രീതിയിൽ അഭിനയിച്ചിട്ടുണ്ട്. പ്രകാശ് ബാരെ, ഇന്നസെന്റ്, ദിനേശ് പണിക്കർ, അജ്മൽ, ചിത്രാ അയ്യർ, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്നിവരൊക്കെ മികച്ച കാസ്റ്റിങ്ങിനു ഉദാഹരണങ്ങളായി. നടീ നടന്മാരെ കഥാപാത്രങ്ങളാക്കിയൊരുക്കിയെടുത്തതിൽ ശ്യാമപ്രസാദിനെ അഭിനന്ദിക്കാതെ വയ്യ.

സ്പോട്ട് ഡബ്ബിങ്ങ് പൊതുവേ മലയാള സിനിമയുടെ രീതിയല്ല.(എങ്കിലും ജയരാജിന്റെ ലൌഡ് സ്പീക്കർ ഉദാഹരണമായുണ്ട്) നിലവിലെ മറ്റു സിനിമകളിൽ നിന്നും വ്യത്യസ്ഥമായി ‘അരികെ’ സ്പോട്ട് ഡബ്ബിങ്ങിൽ ചെയ്ത സിനിമയാണ്. അതാണ് ഈ സിനിമയുടെ സൌന്ദര്യവും. സംസാരങ്ങളുടെ, ശബ്ദങ്ങളുടെ ഉയർച്ച താഴ്ചകൾ കൃത്യമായി പ്രേക്ഷകനിലേക്ക് പകരുന്നുണ്ട്. ശന്തനുവും കൽ‌പ്പനയുമായുള്ള പ്രണയ സല്ലാപങ്ങളും മുറികളിലേയും പുറത്തേയും അനക്കങ്ങളും ബഹളങ്ങളുമൊക്കെ ശരിക്കും ഒരു ശബ്ദാ‍നുഭവം ഉണ്ടാക്കിയിട്ടുണ്ട്. (മുൻപ് തിരുവനന്തപുരം ദൂരദർശനു വേണ്ടി ശ്യാമപ്രസാദ് ഒരുക്കിയ “ഉള്ളുരുക്കം” എന്ന ടെലിഫിലിമും സ്പോട്ട് ഡബ്ബിങ്ങായിരുന്നു.) അഴകപ്പന്റെ ക്യാമറയും വിനോദ് ബംഗ്ലന്റെ കലാസംവിധാനവും സഖിതോമാസിന്റെ വസ്ത്രാലങ്കാരവും മികച്ചത്. വിനോദ് സുകുമാരന്റെ എഡിറ്റിങ്ങ് ചിത്രത്തിനു മാറ്റു കൂട്ടിയ ഒന്നാണ്. (ശ്യാമപ്രസാദിന്റെ ഒരേകടലിലെ എഡിറ്റിങ്ങിന് സംസ്ഥാന പുരസ്കാരം നേടിയ എഡിറ്ററാണ് വിനോദ് സുകുമാരൻ)

ജനപ്രിയനായകൻ ദിലീപ് നായകനായ സിനിമയെങ്കിലും ജനപ്രിയ സിനിമകളുടെ ചേരുവകൾ ചേർക്കാത്തതുകൊണ്ടായിരിക്കും ദിലീപിന്റെ ഫാൻസ് പോലും സിനിമ കാണാനില്ല. മലയാളത്തിൽ നല്ല സിനിമകൾ വേണമെന്നും ഘോരഘോരം ബഹളം വെയ്ക്കുന്നവരും ഇപ്പോഴും പത്മരാജൻ-തൂവാനത്തുമ്പി-ക്ലാര എന്നൊക്കെ വിതുമ്പുന്നവരേയുമൊന്നും തിയ്യറ്ററിൽ കണ്ടില്ല. അവാർഡ് സംവിധായകൻ എന്നൊരു ‘ബാധ്യത’ ശ്യാമപ്രസാദിന്റെ പേരിനു വീണിട്ടുള്ളതുകൊണ്ടാവാം സിനിമ കാണാൻ വിരലിലെണ്ണാവുന്നവരേയുള്ളു. ‘അരികെ’ മലയാള സിനിമയിലെ ക്ലാസിക്ക് സിനിമയൊന്നുമല്ല, പക്ഷെ, ഒരു നല്ല സിനിമക്കുള്ള പരിശ്രമവും ഒരു സംവിധായകന്റെ സാന്നിദ്ധ്യവും മനസ്സിനെ നിർമ്മലവും പ്രണയാർദ്രവുമാക്കുന്ന ഒരു അനുഭവം തരാനും ‘അരികെ’ക്കാവുന്നുണ്ട്. കട്ടെടുത്തും കോപ്പിയടിച്ചും സിനിമ വിൽക്കുന്ന മലയാള സിനിമയിൽ ‘അരികെ’ നല്ല പ്രേക്ഷകന് നല്ലൊരാശ്വാസമാണ്.  അരികെ.....so close...to heart

വാൽക്കഷ്ണം :- കഴിഞ്ഞ ദിവസം ഒരു ലൊക്കേഷനിൽ വെച്ച് ഒരു പ്രൊഡക്ഷൻ കണ്ട്രോളറെ കണ്ടു സംസാരിച്ചു. സിനിമകളുടെ കാര്യങ്ങളെക്കുറീച്ച് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. “ഈ അടുത്ത കാലത്ത് അതായത് കഴിഞ്ഞ കുറേ വർഷങ്ങൾക്കുള്ളിൽ റെക്കോർഡ് കളക്ഷൻ കിട്ടിയ സിനിമയേതെന്ന് അറിയ്യോ? ഞാൻ അതിശയിച്ചു നിന്നപ്പോൾ അദ്ദേഹം മുഴുവനാക്കി “ മായാമോഹിനി” എനിക്കു വിശ്വാസം വരാതായപ്പോൾ അദ്ദേഹം മെയിൻ സെന്റേർസിലെ കണക്കുകൾ നിരത്തി. ഈ റിവ്യൂ എഴുതുമ്പോഴേക്കും മായാമോഹിനി മിനിമം 7 കോടിക്കപ്പുറം ഗ്രോസ്സ് കളക്ഷൻ നേടിയിരിക്കും. സ്ത്രീകളും കുട്ടികളുമാണത്രേ സിനിമയുടെ പ്രധാന പ്രേക്ഷകർ.!!!!

Relates to
Contributors