അമല്‍ നീരദ് ന്യൂവേവ് അരച്ചുണ്ടാക്കിയ വിധം സ്ലോ മോഷനില്‍

മച്ചു, ദേ ഇതാണ് ഞങ്ങ പറഞ്ഞ 'ന്യൂ വേവ് പടം" !  തുടക്കം മുതല്‍ ഒടുക്കം വരെ ന്യൂ വേവിന്റെ അയ്യര്കളി. ഓരോ ഷോട്ടിലും സീനിലും ഫ്രെയിമിന്റെ മുക്കിലും മൂലയിലും വരെ ന്യൂവേവ് റ്റ്സുനാമി പോലെ തള്ളികയറി വരുന്നു. സ്ലോ മോഷന്‍സ്,  ക്ലോസ് അപ്പ്‌ , ചുമ്മാ മിണ്ടാതിരിക്കല്‍ , ശബ്ദം താഴ്ത്തിയുള്ള ഡയലോഗ് ഡെലി'വെറി', കാണുന്നവര്‍ ചിരിക്കണം എന്നൊട്ടും നിര്‍ബന്ധം ഇല്ലാതെയുള്ള 'തമാശ' പറച്ചില്‍... ആവോളം വെടിവെപ്പ്.. 'കുത്ത്' പാട്ടുകള്‍ ...( റോക്ക് മ്യൂസിക്‌ എന്നൊക്കെ സിനിമേല് പറയുവായിരിക്കും. കോപ്പാണ് !).

 

കഥയുണ്ടോ? ഉണ്ട്. പാട്ടില്ലേ? മൂന്നാലന്ചെണ്ണം ഉണ്ട്. തിരക്കഥയില്ലേ? അസ്സലായി ഒരു തിരക്കും ഇല്ലാത്ത കഥ തന്ന്യാണ് . ന്യൂ വേവിന്റെ പ്രതിപുരുഷനായ അസിഫ് അലി, പ്രിത്വി രാജ് , ന്യൂ വേവിലെ ഏക നായിക ആയ രമ്യ നമ്പീശന്‍ , ലെന.. എന്തിനേറെ പറയേണ്ടു ഇന്ദ്രജിത്ത് വരെ അഭിനയിക്കുന്നില്ലേ ? ഈ പറഞ്ഞവരെ കൂടാതെ പഴേ ന്യൂ വെവുകാരായ കലാഭവന്‍ മണി, റഹ്മാന്‍ .. ഇത്യാദി ആള്കളും ഉണ്ട്. പിന്നെ അഭിനയിക്കാന്‍ അത്രെയൊന്നും ഇല്ല. ചുമ്മാ മിണ്ടാതെ മുഖം വീര്പിച്ചു കിഴക്കോട്ടോ പടിഞ്ഞാട്ടോ നോക്കി ഇരികുകയോ നില്കുകയോ ഒക്കെയേ  വേണ്ടു ! ക്യാമറമാനും സംവിധായകനും അമല്‍ നീരദ് ആയോണ്ട് ബാക്കിയെല്ലാം പുള്ളി നോക്കികൊള്ളും.

 

വണ്‍ ലൈന്‍ കഥ എന്താന്നു വെച്ചാല്‍, തെണ്ടികളും ഗുണ്ടകളും സര്‍വോപരി കള്ളന്മാരും ആയ കളിക്കൂട്ടുകാര്‍ . അവര് വളര്‍ന്നു പന പോലെ ആകും. അപോ എന്താ ണ്ടാവുക? അവര് മ്മടെ കൊടി സുനിനെ പോലൊക്കെ വല്യേ നേതാക്കന്മാരാകും, കൊട്ടേഷനില്‍ . അവര് കള്ള് കുടിക്കുന്നു. വലിക്കുന്നു . കൊട്ടേഷന്‍ പിടിക്കുന്നു.. ( എന്തോ പെണ്ണ് പിടിക്കുന്നില്ല !). അനിവാര്യമായ അന്ത്യ യുദ്ധത്തില്‍ വില്ലനും നായകനും എല്ലാം അടങ്ങുന്ന ടീം പരസ്പരം വെടി വെച്ച് കളിച്ച് മരിക്കുന്നു. മരിച്ചവരെല്ലാം നരകത്തില്‍ പോകുന്നു. സിനിമയില്‍ നടിച്ച ആണുങ്ങളെയും പെണ്ണുങ്ങളെയും കാണാന്‍ നല്ല ചെലോക്കെ ഉണ്ട്ട്ടോ. മേയ്ക്ക് ഓവര്‍ പ്രതിഭാസം ( അതോ മേയ്ക്ക് അപ്പ്‌ ഓവറോ ) താണ്ടവം ആടുന്നതും കാണാം .

 

വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ അട്ടിമറിക്കുന്നെങ്കില്‍ ഇങ്ങനെ വേണം. സന്തോഷ്‌ പണ്ഡിറ്റ്‌ ഒക്കെ കണ്ടു പഠിക്കട്ടെ ! എന്തൊക്കെ ആയിരുന്നു? നായകന്റെ ഒരു വെടി കൊണ്ടാല്‍ വില്ലന്‍ ചാവും. വില്ലന്‍ ഒരായുഷ്കാലം മുഴുവന്‍ അടിച്ചാലും അടിച്ചാലും വെടി വെച്ചാലും വെടി വെച്ചാലും നായകന് ഒരു മൈ.. ഉം സംഭവിക്കില്ല . സന്തോഷ്‌ പണ്ടിട്ടേ അതൊക്കെ പണ്ട്. ദേ, അമല്‍ നീരധിനെ നോക്ക്. അട്ടിമറിയുടെ വേള്‍ഡ് ട്രേഡ് സെന്റര് ആണ് അദ്ദേഹം. എത്ര വെടി വെച്ചിട്ടും നായകനും വില്ലനും ഒന്നും സംഭവിക്കുന്നില്ല. വെടി കൊള്ളുന്നുണ്ട് എല്ലാവര്ക്കും. പക്ഷെ സ്ലോ മോഷനില്‍ ആയതോണ്ടാവും ചോര പുറത്ത് വന്നു ഒഴുകി തീരണ്ടേ അല്ലെ? എത്ര ഉണ്ട ഉപയോഗിച്ച് എന്നൊക്കെ വലിയ ഗവേഷണ വിഷയമാണ്..!

 

ലോക സിനിമയില്‍ ആദ്യമായി നരകത്തില്‍ വെച്ച് പാട്ടെടുത്ത കേമനായും ശ്രീമാന്‍ അമല്‍ നീരദ് അറിയപ്പെടും. പദ്മപ്രിയ കുട്ടിഉടുപ്പൊക്കെ ഇട്ട് പാടും പാടി ഡാന്‍സ് ചെയ്താണ് നരകത്തിലേക്ക് ആളുകളെ സ്വീകരിക്കുന്നത്. സ്വര്‍ഗം ദുഃഖമാണുണ്ണി നരകമല്ലോ 'സുഖ'പ്രദം !!!

Contributors