ആറ്റംബോംബ് മുതൽ ആദ്യകിരണങ്ങൾ വരെ

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടേയും മലയാളചലച്ചിത്രഗാനങ്ങളുടേയും ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച.ഭാഗം-15

71. ആറ്റംബോംബ്
(1964 മെയ്)


ചിത്രത്തിൽ നൃത്തത്തിന്റെ അംശം കുറച്ചേയുള്ളു .( ഇ. മാധവനാണു നൃത്തസംവിധായകൻ). ഉള്ളവ ചിത്രത്തിന്റെ ആകർഷകത കൂട്ടാനുതകിയിട്ടുമില്ല. മുരളിയുടെ  ഗാനരചന ഉടനീളം ഒരിടത്തരം നിലവാരമേ പാലിച്ചു കാണുന്നുള്ളു. ‘ദൈവമേ ദേവകീനന്ദനാ” (സുശീല) “എന്നു മുതൽ എന്നു വരും നീ” (ലീല) എന്നീ ഗാനങ്ങൾ തരക്കേടില്ല. സംഗീതസംവിധായകനായ ബ്രദർ ലക്ഷ്മണനു തന്റെ ശ്രദ്ധയിൽ പെടുന്ന നല്ല ട്യൂണുകളോട് അതിരു കവിഞ്ഞ മമതയുണ്ടെന്നു കരുതണം. തന്റേതല്ലെങ്കിലും ആസ്വാദകരുടെ ആനന്ദത്തിന്നായവ അടിയറ വയ്ക്കാൻ അദ്ദേഹത്തിനു മടിയില്ലെന്നനുമാനിക്കയും വേണം. ശ്രീനിവാ‍സനും ജാനകിയും കൂടെപ്പാടുന്ന “റോമിയോ റോമിയോ” എന്ന പാട്ടിന്റെ ട്യൂൺ നൌഷാദ് അലി പണ്ട്  ‘ജാദു’ വിൽ പ്രയോഗിച്ചിട്ടില്ലേ? കമുകറയും ഈശ്വരിയും  കൂടെ പാടിയ “ഓ മൈ ഡാർലിങ്” ഇന്റെ ഇമ്പം തരുന്ന ട്യൂൺ ‘ഗേയ്ം ഓഫ് ലവ്”ന്റെ (ടോണി ബ്രാന്റ്) ചുവടുപിടിച്ചൊരുക്കിയതല്ലെന്ന് ശഠിയ്ക്കാനെളുതല്ലെ? ആസ്സാം റിടേണ്ഡ് പാച്ചു തന്റെ അസംഖ്യം സന്താനങ്ങളേയും അവരെ പെറ്റുകൂട്ടിയ ഭാര്യയേയും പിരാകിപ്പാടുന്ന “വൺ, ടൂ, ത്രീ, ഫോറ്” (യേശുദാസ്, ഈശ്വരി) എന്ന പാട്ടു താണതരം ആസ്വാദകരെ ഉദ്ദേശിച്ചുള്ളതാണ്.. അത് അവരെ രസിപ്പിയ്ക്കുക തന്നെ ചെയ്യും. കമലയും സുഷമയും കൂടിപ്പാടുന്ന “നാണിയ്ക്കുന്നില്ലെ?” എന്നപാട്ടും മോശമില്ല.

72. ഒരാൾ കൂടി കള്ളനായി
(1964 ജൂലായ്)


സംഗീതസംവിധാനം ജോബിന്റേതും പശ്ചാത്തലസംഗീതം പി. എസ്. ദിവാകറിന്റേതുമാണ്. ഗാനരചയിതാക്കൾ ജി, അഭയദേവ്, ശ്രീമൂലനഗരം വിജയൻ എന്നിവരും. പിന്നണിപ്പാട്ടുകാർ ലീലയും യേശുദാസുമാണ്. മൊത്തത്തിൽ പറഞ്ഞാൽ പാട്ടുകളീ ചിത്രത്തിന്റെ എടുത്തുപറയാവുന്ന മേന്മകളിലൊരിനമല്ല. ലീല പാടിയ “പൂവുകൾ തെണ്ടും പൂമ്പാറ്റ”, “കാരുണ്യം കോലുന്ന സ്നേഹസ്വരൂപാ” എന്നീ പാട്ടുകളും ലീലയും യേശുദാസും കൂടെ പാടുന്ന “കിനാവിലെന്നും വന്നെന്നെ” എന്ന ഡ്യൂവറ്റുമാണ് തമ്മിൽ ഭേദം.

(ജോബ് ആദ്യം സംഗീതം നൽകിയ ചിത്രമാണിത്. “ചായക്കടക്കാരൻ ബീരാൻ കാക്കേടേ മോളൊരു ചീനപ്പടക്കം” എന്ന പാട്ട് ഒട്ടൊന്ന് പ്രചാരത്തിലായി പിന്നീട്. ഇതേ ട്യ്യൂൺ ഈയിടെയിറങ്ങിയ ഒരു പാട്ടിനു ഉപയോഗിച്ചു കണ്ടു)

73. കറുത്ത കൈ
(1964 സെപ്റ്റെംബെർ)


മുരളിയുടെ ഗാനങ്ങളിൽ “എഴുനിറങ്ങളിൽ നിന്നുടെ രൂപം” എന്ന പാട്ടു നന്ന്.

“മാനത്തെ പെണ്ണേ”, ‘പാലപ്പൂവിൻ പരിമളമേകും കാറ്റേ” ഇവയും തരക്കേടില്ല.. പിന്നണിക്കാർ പാട്ടുകൾ പലതും പാടി നന്നാക്കുന്നതിലേറെക്കുറെ വിജയിച്ചിട്ടുണ്ട്. സംഗീതസംവിധാനം (ബാബുരാജ്) ഇടത്തരമേ ആയുള്ളുവെങ്കിലും. കമുകറയും ജാനകിയും കൂടെപ്പാടിയ “ഏഴുനിറങ്ങളിൽ’ ഇമ്പമണക്കാൻപോന്നതാണ്. ലീല പാടിയ “മാനത്തെപ്പെണ്ണേ” ഈശ്വരിയുടെ “മുങ്ങാക്കടലിൽ” ഇവയും കൊള്ളാം.യേശുദാസ്, കമുകറ തുടങ്ങിയവരുടെ ഖവ്വാലിയും മോശമല്ല. ആ രംഗത്തിനു ഇ. മാധവന്റെ മേൽനോട്ടത്തിലുള്ള ഡാൻസും കൊഴുപ്പുകൂട്ടുന്നുണ്ട്.

(കമുകറയും യേശുദാസും ആദ്യമായി ഒരുമിച്ചു പാടിയ “പഞ്ചവർണ്ണത്തത്ത പോലെ കൊഞ്ചി വന്ന പെണ്ണേ” സിനിക്ക് വെറുതേ ഒന്ന് പരാമർശിച്ചതേ ഉള്ളു. പാട്ട് പിന്നീട് പറന്നുപാറിപ്പൊങ്ങി. ഇന്നും കവാലി ഇനത്തിൽ ഇതിനെ വെല്ലാൻ മറ്റൊരു പാട്ട് ഇറങ്ങിയിട്ടില്ല. “സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ” ഈ വകുപ്പിൽ ശ്രദ്ധേയമായ മറ്റൊരു പാട്ടാണ്.)

74. ശ്രീ ഗുരുവായൂരപ്പൻ
(1964 ഒക്ടോബർ)


ഇത്തൊരുമൊരു ചിത്രത്തിന്റെ സംഗീതവിഭാ‍ഗം സവിശേഷശ്രദ്ധയർഹിക്കുന്ന മുഖ്യ ഇനത്തിൽ  നിസ്തർക്കം പെടുന്നു. ഭക്തകവികളുടെ പ്രശസ്തകീർത്തനങ്ങൾ വഴിപോലെ ഉപയോഗപ്പെടുത്തുകയാണ് ഈ പടത്തിനു  പ്രത്യേകമായി പാട്ടുകളെഴുതിയൊപ്പിക്കുന്നതിലുമുചിതമെന്ന വസ്തുത പാടേ മറന്നിട്ടില്ലെന്നതിനാലാവണം “ഓംകാരമായ പൊരുളും”, ശാന്താകാരവും” , “സാന്ദ്രാനന്ദാവബോധാത്മകവും” പ്രകൃതചിത്രത്തിൽ സ്ഥലം പിടിച്ചത്. ഏതായാലും, നാരായണീയശ്ലോകങ്ങൾ തിരഞ്ഞെടുത്തതിലെ ഔചിത്യബോധം വാഴ്ത്തപ്പെടേണ്ടതാണ്. അഭയദേവിന്റെ ഗാനരചന തരക്കേടില്ല. യേശുദാസും അതിലുമധികം ലീലയും പാട്ടുകൾ ഭേദപ്പെട്ടവിധം പാടിയൊപ്പിച്ചിട്ടുമുണ്ട്. എന്നാലും സംഗീതജ്ഞനായ ദക്ഷിണാമൂർത്തിയുടെ കഴിവുകൾ ഈ സവിശേഷസന്ദർഭത്തിന്നൊത്തുയർന്നില്ലെന്നതാക്ഷേപാർഹം തന്നെയായവശേഷിയ്ക്കുന്നു. ഭക്തിയുടെ സമുന്നതമായ ആനന്ദമേഖലകളിലേക്ക് ആസ്വാദകനെ ആനയിച്ചുയർത്താൻ കെൽ‌പ്പുള്ള ലയമാധുരി കാഴ്ചവയ്ക്കാൻ ഒരിക്കലെങ്കിലും , എന്തോ സംഗീതസംവിധായകൻ മിനക്കെട്ടു കണ്ടില്ല.

75. ആദ്യകിരണങ്ങൾ
(1964 ഒക്ടോബർ)


പാട്ടുകളിൽ “ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല” ഒട്ടൊക്കെ ആവേശപ്രദമാണ്. ‘മുത്തിയമ്മ മുട്ടയിട്ട” പഴങ്കഥകൊണ്ട് നെയ്തെടുത്ത  താരാട്ടും കൊള്ളാം. രണ്ടും പാടിയതു ഭേദപ്പെട്ടതായി.”കിഴക്കുദിക്കിലെ” എന്ന പാട്ടും വലിയ മോശമില്ല. സരസഗായകകവിയായ കൃഷ്ണനാശാന്റെ ഉചിതരസനിർഭരങ്ങളായ ഗാനങ്ങളുടെ രചന സ്വാദേറിയതു തന്നെ. നർമ്മബോധമുള്ള ഗാനരചയിതാവിന്റെ ശിൽ‌പ്പസൌഭാഗ്യം ആ പാരഡികളിൽ നിറഞ്ഞുനിൽക്കുന്നു. പിന്നണിപ്പാട്ടുകാർ ലീല, സുശീല, കോമള, യേശുദാസ് എന്നിവരാണ്. രഘുനാഥിന്റെ സംഗീതസംവിധാനം ഇടത്തരം മാത്രമേ ആയിട്ടുള്ളു. പശ്ചാത്തലസംഗീതത്തിന്റെ മേൽ നോട്ടം വഹിച്ച എം. ബി. ശ്രീനിവാസനും  കൈവിരുതുകളൊന്നും കാട്ടിക്കണ്ടില്ല.

 (കെ. രാഘവൻ തന്നെയാണ്  രഘുനാഥ്. ‘പതിവായി പൌർണ്ണമി തോറും” എന്ന  സുശീലയുടെ ആലാപനമാധുരി വഴിഞ്ഞൊഴുകുന്ന പാട്ട് പരാമർശിക്കാൻ സിനിക്ക് മറന്നേ പോയി. അടൂർ ഭാസി പാടുന്നതായി രംഗത്തു വരുന്ന പാട്ടുകൾ അദ്ദേഹം തന്നെ പാടിയതാണ്-‘ആനച്ചാൽ ചന്തയിലെ”, “ശങ്കവിട്ടു വരുന്നല്ലോ ശങ്കരിക്കുഞ്ഞമ്മ“- ഇവയൊക്കെ)

Article Tags
Contributors