ആ മലർപ്പൊയ്കയിൽ

 

ആ മലർപ്പൊയ്കയിൽ ആടിക്കളിക്കുന്നൊ-
രോമനത്താമരപ്പൂവേ
മാനത്തുനിന്നൊരു ചെങ്കതിർമാല നിൻ
മാറിലേയ്ക്കാരേയെറിഞ്ഞൂ (2)

അക്കൊച്ചുകള്ളന്റെ പുഞ്ചിരി
കാണുമ്പോൾ ഇക്കിളി കൊള്ളുന്നതെന്തേ (2)
മാനത്തിൻ പൂക്കണി കാണാൻ കൊതിച്ച നീ
നാണിച്ചുപോകുന്നതെന്തേ (2)

അക്കളിവീരനാ നിന്നിതൾക്കുമ്പിളിൽ
മുത്തമിട്ടോമനിക്കുമ്പോൾ (2)
കോരിത്തരിച്ച നിൻ തൂവേർപ്പുതുള്ളികൾ
ആരെയോ നോക്കിച്ചിരിപ്പൂ (2) 

സിന്ദൂരപ്പൊട്ടിട്ടു ചന്തം വരുത്തിയ
നിന്മുഖം വാടുന്നതെന്തേ
മഞ്ഞ വെയിൽ വന്നു തുള്ളുമ്പോൾ നിന്റെ
കണ്ണിണ എന്തേ കലങ്ങാൻ

നിന്നിതൾചുണ്ടിലെ പുഞ്ചിരി മായുമ്പോൾ
നിന്നെക്കുറിച്ചൊന്നു പാടാൻ (2)
എൻ മണിവീണയിൽ വീണപൂവേ നിന്റെ
നൊമ്പരം നിന്നു തുടിപ്പൂ (2)

ആ മലർപ്പൊയ്കയിൽ ആടിക്കളിക്കുന്നൊ-
രോമനത്താമരപ്പൂവേ
മാനത്തുനിന്നൊരു ചെങ്കതിർമാല നിൻ
മാറിലേയ്ക്കാരേയെറിഞ്ഞൂ (2)

 

Submitted by Achinthya on Sun, 04/05/2009 - 00:04