അമ്മേ അമ്മേ അവിടുത്തെ മുൻപിൽ

അമ്മേ.. അമ്മേ...
അവിടുത്തെ മുമ്പിൽ ഞാനാര് ദൈവമാര്
അമ്മേ....

ആദിയില്‍ മാനവും ഭൂമിയും തീര്‍ത്തത് ദൈവമായിരിക്കാം
ആറാംനാളില്‍ മനുഷ്യനെ തീര്‍ത്തതും ദൈവമായിരിക്കാം
ആ ദൈവത്തെ പെറ്റുവളര്‍ത്തിയതമ്മയല്ലോ അമ്മ
ആ ദൈവത്തെ മുലപ്പാലൂട്ടിയതമ്മയല്ലോ അമ്മ
(അമ്മേ...)

ദൈവവും നമ്മളും അവരുടെയേകാന്ത ദാഹമായിരുന്നില്ലേ
രക്തക്കുഴലിലൂടെ അസ്ഥിത്തളിരിലൂടെ
മക്കളുടെ മനസ്സിലേക്കൊഴുകിവന്നൂ
അമ്മയുടെ ശൈശവ സ്വര്‍ഗ്ഗങ്ങളില്‍ നമ്മള്‍
മണ്‍പാവകളായിരുന്നൂ
(അമ്മേ...)

കാലവും നമ്മളും അവരുടെ സന്ദേശ കാവ്യമായിരുന്നില്ലേ
പൊക്കിള്‍ക്കൊടിയിലൂടെ പുഷ്പച്ചൊടിയിലൂടെ
മക്കളുടെ ഞരമ്പിലേക്കൊഴുകിവന്നൂ
അമ്മയുടെ യൗവനസ്വപ്നങ്ങളില്‍ നമ്മള്‍
ബ്രഹ്മാനന്ദമായിരുന്നൂ
(അമ്മേ...)

Submitted by Achinthya on Sun, 04/05/2009 - 00:08