"അമ്മേ, അമ്മേ, അവിടുത്തെ മുമ്പില്‍ ഞാനാര്, ദൈവമാര്" എന്ന ഗാനം വയലാര്‍ രാമവര്‍മ സത്യത്തില്‍ സിനിമയ്ക്കുവേണ്ടി എഴുതിയതായിരുന്നില്ല. രാഘവപ്പറമ്പിലെ സ്വന്തം അമ്മയ്ക്കായി അദ്ദേഹം എഴുതി സമര്‍പ്പിച്ച ആ വരികള്‍ 1972-ല്‍ "ചായം" എന്ന ചിത്രത്തിനുവേണ്ടി ഉപയോഗിച്ചപ്പോള്‍ അതിന് ശബ്ദം നല്‍കാനുള്ള ഭാഗ്യം പത്തനംതിട്ട അയിരൂര്‍ ഗ്രാമക്കാരനായ സദാശിവനെ തേടിയെത്തുകയായിരുന്നു.
സദാശിവന്റെ മുത്തച്ഛന്‍ കൃഷ്ണന്‍ ആചാരി കൊട്ടാരം ചിത്രകാരനും കഥകളി ഭാഗവതരുമായിരുന്നു. അച്ഛന്റെ അനുജന്‍ കുഞ്ഞിരാമ ഭാഗവതരും പ്രശസ്തന്‍. അച്ഛന്റെ രണ്ട് സഹോദരിമാര്‍ സംഗീതാധ്യാപികമാര്‍. ആണ്ടിപ്പിള്ള ഭാഗവതരില്‍നിന്ന് സംഗീതത്തിന്റെ ആദ്യക്ഷരങ്ങള്‍ കുറിച്ച സദാശിവന്‍ സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞ് തിരുവനന്തപുരത്തുള്ള കെ.എസ്. കുട്ടപ്പന്‍ ഭാഗവതരുടെ വീട്ടില്‍ താമസിച്ച് സംഗീതാഭ്യസനം നടത്തി.
1982-ല്‍ ചലച്ചിത്രപരിഷത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ വിലക്കാണ് സദാശിവനെയും ഒപ്പം ബ്രഹ്മാനന്ദനെയും സിനിമയ്ക്ക് വെളിയിലേക്ക് നയിച്ചത്. ബോംബെ മലയാളി അസോസിയേഷന്‍ നടത്തിയ ഒരു സ്റ്റാര്‍നൈറ്റുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുവരുടെയും വിലക്കില്‍ കലാശിച്ചത്. പരിഷത്തിനെ ധിക്കരിച്ചു എന്നതായിരുന്നു ആരോപണം. വിലക്കിനെത്തുടര്‍ന്ന് സദാശിവന്‍ കുടുംബത്തെയും കൂട്ടി നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ബ്രഹ്മാനന്ദന്‍ രണ്ടുകൊല്ലം കൂടി നിന്നുവെങ്കിലും കൂടുതൽ ചലച്ചിത്രങ്ങളിൽ പാടിയില്ല. ആകാശവാണിയില്‍ സംഗീതസംവിധായകനും ഓഡിഷന്‍ കമ്മിറ്റി അംഗവുമാണ് സദാശിവൻ.
2015 ഏപ്രിൽ 9 നു ആലപ്പുഴയിൽ വച്ചുണ്ടായ ഒരു വാഹനാപകടത്തിൽ അദ്ദേഹം മരിച്ചു.