മണിപ്രവാള തളകളുയർന്നൂ

മണിപ്രവാളത്തളകളുയർന്നൂ
മനസ്സിൽ കമലദളങ്ങൾ വിതിർന്നൂ
കാവ്യകലയുടെ കനകാംഗുലികളിൽ
കഥകളി മുദ്രകൾ വിടർന്നൂ
ശരത്കാല മേഘം തിരശ്ശീലയായി
ശശികല കളിവിളക്കായി
ഉണ്ണായി വാര്യരുമിരയിമ്മൻ തമ്പിയും
സ്വർണ്ണ നാരായങ്ങൾ മിനുക്കീ
(മണിപ്രവാള..)

പമ്പയും പെരിയാറും ഭാരതപ്പുഴയുമാ
പദങ്ങൾ പാടീ ചൈത്ര മദങ്ങളാടീ
ചെണ്ടയിൽ ചേങ്ങലയിൽ ഇലത്താളത്തിൽ
സ്യമന്തകങ്ങൾ കിലുങ്ങീ
(മണിപ്രവാള..)

ദമയന്തിയായി ദ്രൗപദിയായി
ദേവയാനിയായി കൈരളി
രതിയായ് സതിയായ് രംഭയായ് രാധയായ്
രാസ നടനമാടി
രത്ന കിരീടവുമായി തിരനോട്ടം നടത്തി
രസ ചക്രവർത്തിയാം ശൃംഗാരം
(മണിപ്രവാള..)