പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു
പ്രഭാമയൂഖമേ കാലമേ
പ്രകൃതിയുമീശ്വരനും ഞാനും നിന്റെ
പ്രതിരൂപങ്ങളല്ലേ
(പ്രളയപയോധിയിൽ ...)
മന്വന്തരങ്ങൾ ജനിച്ചു മരിയ്ക്കുമീ
മൺമതിൽക്കെട്ടിനു മുകളിൽ
ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
ഇടംവലം നിൽക്കും തേരിൽ
സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും
സൗരഭ്യമെന്തൊരു സൗരഭ്യം
കാലമേ...
ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും
ഈ സൗരഭ്യം എനിക്കു മാത്രം
എനിക്കു മാത്രം - എനിക്കു മാത്രം
(പ്രളയപയോധിയിൽ ...)
സ്വർണ്ണപാത്രംകൊണ്ടു സത്യം മറയ്ക്കുമീ
സംക്രമസന്ധ്യതൻ നടയിൽ
പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ്
പ്രദക്ഷിണം വെയ്ക്കും വഴിയിൽ
സ്വർഗ്ഗദീപാവലി നീ വന്നു കൊളുത്തും
സൗന്ദര്യമെന്തൊരു സൗന്ദര്യം
കാലമേ...
ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും
ഈ സൗന്ദര്യം എനിക്കു മാത്രം
എനിക്കു മാത്രം - എനിക്കു മാത്രം
(പ്രളയപയോധിയിൽ... )
.