പണ്ടൊരു നാളീ പട്ടണനടുവിൽ

പണ്ടൊരുനാളീ പട്ടണനടുവില്‍ 
പാതിരനേരം സൂര്യനുദിച്ചു
പട്ടാപ്പകലുമഹാന്മാരായി
ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു

സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം
തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു
അവരെത്തെരുവിലെ വേശ്യപ്പുരകള്‍-
ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു

കടലില്‍ നിന്നുവലിച്ചുകയറ്റിയ
കള്ളപ്പൊന്നിന്‍ ചാക്കുകളോടെ
കവലയിലെത്തിയ കൊലകൊമ്പന്മാര്‍
കാറിലിരുന്നു വിയര്‍ത്തുകുളിച്ചു

രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി-
ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍
മദ്യനിരോധന സംഘടനക്കാര്‍
വിപ്ലവകാരികളെന്നിവരൊക്കെ

പട്ടക്കടയുടെ മുറ്റത്തേക്കുക-
മഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍
കാവിയുടുത്തൊരു ഗീതായജ്ഞ-
ക്കാരന്‍ പട്ടരു മുങ്ങിമരിച്ചു