ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപൈങ്കിളീ
എന്റെ ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
വെള്ളം കോരിക്കുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ
എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമുത്തായ് പോയെടീ
ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ
പിള്ള ദോഷം കളയാൻ മൂളു പുള്ളോൻ കുടമേ ഹോയ്
കുരുന്നു ചുണ്ടിലോ പരന്ന പാൽ മണം
വയമ്പു നാവിലോ നുറുങ്ങു കൊഞ്ചലും
നുറുങ്ങു കൊഞ്ചലിൽ നിറഞ്ഞൊരമ്മയും
ഒരമ്മ തൻ മനം കുളിർന്ന ഹാസവും
ആനന്ദ തേനിമ്പ തേരിൽ ഞാനീ
മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടെ
ഓലത്തത്തേ ഞാനും നിന്നോടൊപ്പം
ചാഞ്ചക്കം ചാഞ്ചക്കം ചാടിക്കോട്ടെ
പൂങ്കവിൾ കിളുന്നിൽ ഞാൻ ചാന്തു കൊണ്ടു ചാർത്തിടാം
എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും കൊണ്ടാപത്തൊന്നേറ്റിടാതിടാൻ
(ഓലത്തുമ്പത്തിരുന്നൂയലാടും)
സരസ്വതീ വരം നിറഞ്ഞു സാക്ഷരം
വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം
അറിഞ്ഞു മുൻപനായ് വളർന്നു കേമനായ്
ഗുരു കടാക്ഷമായ് വരൂ കുമാരകാ
അക്ഷരം നക്ഷത്ര ലക്ഷമായാൽ
അച്ഛനെക്കാൾ നീ മിടുക്കനായാൽ
നാളത്തെ നാടിന്റെ നാവു നീയേ
മാനത്തോടമ്മയിന്നമ്മയായേ
ഏതു ദേശമാകിലും ഏതു വേഷമേകിലും
അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ
ഓലത്തുമ്പത്തിരുന്നൂയലാടും
(ഓലത്തുമ്പത്തിരുന്നൂയലാടും)