തങ്കക്കാൽത്തള മേളമൊരുക്കിയ

തങ്കക്കാല്‍ത്തളമേളമൊരുക്കിയ
രംഗവിതാനമിതാ
മഴവില്ലണിമണി ഗോപുരവാതിലില്‍
മറഞ്ഞു നില്‍ക്കരുതേ ഇനിയും
മറഞ്ഞു നില്‍ക്കരുതേ
മാധവമാസം നിന്‍ തിരുമുടിയില്‍
മലര്‍ക്കിരീടം ചാര്‍ത്തും
നീ വരുമീ വഴി നീലക്കാടുകള്‍
പീലിക്കുടകള്‍ നിവര്‍ത്തും (തങ്കക്കാല്‍..)

നീരദനിരയാല്‍ വര്‍ഷം നിന്‍ പദ
താരില്‍ പനിനീര്‍ തൂകും
ശാരദചന്ദ്രിക ചാര്‍ത്തും കസവൊളി
ഹാരം നിന്‍ തിരുമാറില്‍ (തങ്കക്കാല്‍..)

കുമ്പിളില്‍ നിറയേ കുളിരും കൊണ്ടേ
കുമ്പിട്ടണയും ശിശിരം
ഹിമവാഹിനിയുടെ ഹൃദന്തരാഗം
പകരും നവ ഹേമന്തം (തങ്കക്കാല്‍..)

നഷ്ടവസന്തങ്ങള്‍ പൊഴിക്കും
ബാഷ്പകണങ്ങള്‍ കൊരുത്തു
ചമച്ചു ഞാനിതാ നിന്നെച്ചാര്‍ത്താന്‍
പുതിയൊരു പുഷ്പ കിരീടം (തങ്കക്കാല്‍..)