പാടാം പാടാം

പാടാം പാടാം ആരോമൽച്ചേകവർ 
പണ്ടങ്കം വെട്ടിയ കഥകൾ
വീരകഥകൾ ധീരകഥകൾ
അത്ഭുതകഥകൾ പാടാം (പാടാം..)

പന്ത്രണ്ടങ്കം പദവി തീർത്തു
പതിനെട്ടങ്കം താരി താഴ്ത്തി
പുത്തൂരം വീട്ടിലെ കണ്ണപ്പച്ചേകോർ
പുത്രനു കളരിയുറുമി നൽകി (പാടാം..)

തുളുനാട്ടിൽ പോയി പഠിച്ചിറങ്ങി
തുളുകുറ്റം തീർത്ത് ചുരിക വാങ്ങി
പുത്തൂരം വീട്ടിലെ ആരോമൽച്ചേകവർ
പുത്തരിയങ്കം കുറിച്ചു വന്നൂ 
ചമയങ്ങളെല്ലാമണിഞ്ഞു കൊണ്ടേ
ചുരിക പരിചയെടുത്തു കൊണ്ടേ
ആരോമൽച്ചേകവർ അരുണോദയത്തി
ലങ്കത്തിനായി പുറപ്പെട്ടു (പാടാം..)

നാലും മൂന്നേഴു കളരിയ്ക്കാശാൻ
കോലശ്രീ നാട്ടിലെയരിങ്ങോടർ
അരിങ്ങോടരുമായിട്ടങ്കം വെട്ടാൻ
ആരോമൽച്ചേകവർ പുറപ്പെട്ടൂ
അച്ഛൻ മകനെയനുഗ്രഹിച്ചൂ
അമ്മ മകനെയനുഗ്രഹിച്ചൂ
മച്ചുനൻ ചന്തുവുമൊന്നിച്ച് ചേകോർ
അങ്കത്തിനായി പുറപ്പെട്ടൂ (പാടാം..)

നഗരിത്തലയ്ക്കലെ അങ്കത്തട്ടിൽ
മയിലിനെപോലെ പറന്നു കേറി
അരിങ്ങോടരുമായിട്ടാരോമൽച്ചേകോർ
ആറേഴുനാഴികയങ്കം വെട്ടി
എടമ്പിരി വലമ്പിരി തിരിഞ്ഞു വെട്ടി
ഓതിരം കടകം പതിഞ്ഞു വെട്ടീ
ആനത്തിരുപ്പു മറഞ്ഞു വെട്ടി
അങ്കപ്പരപ്പു പറഞ്ഞു വെട്ടി
ചുറ്റോടു ചുറ്റിനു വെട്ടും നേരം
ചുരിക കണയിൽ മുറിഞ്ഞു വീണു
മച്ചുനൻ ചന്തു ചതിയൻ ചന്തു
മാറ്റച്ചുരിക കൊടുത്തില്ല (പാടാം..)

അരിങ്ങോടർ ചുരിക കൊണ്ടാഞ്ഞു വെട്ടി
ആരോമലിന്നു മുറിവു പറ്റീ
മുറിവിന്മേൽ കച്ച പൊതിഞ്ഞു കൊണ്ടേ
മുറിച്ചുരിക കൊണ്ടൊന്നു വീശി വെട്ടി
കരിഞ്ചേമ്പിൻ തണ്ട് മുറിയ്ക്കും പോലെ
അരിങ്ങോടർ തന്റെ തലയറുത്തു
അരിങ്ങോടർ വീണു പിടഞ്ഞപ്പോൾ
കുരവയുമാർപ്പുമുയർന്നപ്പോൾ
അങ്കത്തളർച്ചയകറ്റുവാൻ ചേകോൻ
ചന്തൂന്റെ മടിയിൽ തല ചായ്ച്ചു (പാടാം..)

ആണും പെണ്ണുമല്ലാത്ത ചതിയൻ ചന്തു
ആരോമൽ മടിയിൽ മയങ്ങുമ്പോൾ
കച്ച പൊതിഞ്ഞു വെച്ച മുറിവിന്മേലന്നു
കുത്തുവിളക്കു കൊണ്ടാഞ്ഞു കുത്തി
വാഴുന്നോർ നൽകിയ ചന്ദനപ്പല്ലക്കിൽ
വേദനയോടെ വിഷമത്തോടെ
പുത്തൂരം വീട്ടിൽ ചെന്നാരോമൽച്ചേകവർ
കച്ചയഴിച്ചൂ മരിച്ചു വീണു !
ഓ...ഓ...ഓ... (പാടാം..)

കത്തിയ്ക്ക് ചന്തൂനെ വെട്ടിമുറിച്ചു
പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങൾ
ആ കത്തിയും കൊണ്ടു വീണ്ടും വരുന്നൂ
പുത്തൂരം വീട്ടിലെ കുഞ്ഞുങ്ങൾ
ഓ...ഓ...ഓ.. (പാടാം..)