ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു 
മായാമണ്‍കുടമായിരുന്നൂ 
(ചിപ്പീ..)

മണ്‍കുടം മുക്കുവന്‍ തുറന്നു - കുടത്തില്‍
പൊന്‍ പുകച്ചുരുളുകളുയര്‍ന്നു
പുകയുടെ ചിറകില്‍ പുലിനഖമുള്ളൊരു
ഭൂതം നിന്നു ചിരിച്ചു

ഭൂതം പറഞ്ഞു :
നൂറു യുഗങ്ങള്‍ ഞാനീ കടലില്‍ കിടന്നു
ഓരോ യുഗത്തിലും ഓരോ യുഗത്തിലും
ഓരോ ശപഥമെടുത്തു
കുടം തുറന്നെന്നെ വിടുന്നവനെ ഞാന്‍
കൊല്ലുമെന്നാണെന്റെ ശപഥം

മുക്കുവന്‍ പറഞ്ഞു :
മാനത്തോളം പൊക്കം വെച്ചൊരു രൂപം
എങ്ങനെ എങ്ങനെ എങ്ങനെയീ
മണ്‍കുടത്തിലിരുന്നൂ
മരിക്കും മുന്‍പതു കണാന്‍ മാത്രം
മനസ്സിലെനിക്കൊരു മോഹം 
(ചിപ്പീ..)

പിന്നെയും ഭൂതം ചിരിച്ചു - കുടത്തില്‍
പൊന്‍ പുകച്ചുരുളായൊളിച്ചു
അറബിക്കഥയിലെ മുക്കുവന്‍ അക്കുടം
അകലെ കടലിലെറിഞ്ഞു 

ചിപ്പീ ചിപ്പീ മുത്തുച്ചിപ്പീ
ചിപ്പിയ്ക്കു മുക്കുവന്‍ വലവീശി
മുത്തല്ലാ ചിപ്പിയല്ലാ കിട്ടിയതവനൊരു 
മായാമണ്‍കുടമായിരുന്നൂ