ഇന്നെന്‍റെ ഉണ്ണിക്ക്

ഗുരുവായു പുരമാകെ
നിറദീപമണിയുമ്പോള്‍
അടിയന്റെ ഹൃദയത്തില്‍
ഉണരുന്നു നീ.........

ഇന്നെന്‍റെ ഉണ്ണിക്ക് കണികാണുവാനായി
ഗുരുവായൂരപ്പന്റെ പൊന്‍ തിടമ്പ്
തൂ വെണ്ണ ഉണ്ണുന്ന നേരത്ത് കേള്‍ക്കുവാന്‍
അരവിന്ദ നയനന്റെ വേണു ഗാനം....

ഒരു നുള്ള് കര്‍പ്പൂരമായി നീ എന്നുള്ളില്‍
പൊന്നെഴും പുണ്യമായി
കനിവിന്റെ പാലാഴിയായി നീ  എന്നുള്ളില്‍
നിറയുന്നു ഒരാനന്ദ ഗീതിയായി
അലിവിന്റെ കൈകുമ്പിള്‍ താനേ തുളുമ്പുന്ന
അമ്പാടി പൈതലായി എന്നും
പൊരുള്‍ തേടി അലയുന്ന ജന്മം കൊതിക്കുന്ന
മനസ്സിന്‍റെ ശ്രീലക വാതില്‍ തുറക്കുന്ന
വരമേകി അണയുന്ന ശ്രീ നന്ദനല്ലേ....
(ഇന്നെന്‍റെ ഉണ്ണിക്ക്)

ഒരു പൊന്‍ വിളക്കിന്റെ പ്രഭയേകി
നീ എന്നില്‍ നിറമായി  നിനവിന്റെ നിറ നാഴിയില്‍
ഉരുകുന്ന മനസ്സിന്‍റെ കദനം മറക്കുവാന്‍
അണയുന്നു നിന്‍ പുണ്യ പാദങ്ങളില്‍
കളഭത്തില്‍ ആറാടി നില്‍ക്കുന്ന നിന്‍ രൂപം
അടിയന്റെ കൈവല്യമല്ലേ
നിറമാല ചാര്‍ത്തുന്നു ഗുരുവായൂര്‍ പുരമാകെ
ഹരിചന്ദനം തൂകി ഇന്നെന്‍റെ മനമാകെ
കുളിരേകി ഉണരുന്ന കാര്‍വര്‍ണ്ണന്‍ അല്ലേ....
(ഇന്നെന്‍റെ  ഉണ്ണിക്ക്)