പൊൻവസന്ത കാലമായിതാ

പൊൻവസന്ത കാലമായിതാ 
നന്മയാർന്ന ഗ്രാമവീഥിയിൽ 
സ്നേഹസൂര്യനിങ്ങു വന്നിതാ 
തങ്കദീപനാളമെന്ന പോൽ 
പേരാറ്റിൻ കരയിലുള്ള ചെമ്പകങ്ങളെ 
പൂമ്പാറ്റ പെണ്ണ് മെല്ലെ തൊട്ടുരിഞ്ഞു വാ 
വെൺമേഘ കൂടാര കൂട്ടിനുള്ളിലെ 
കുഞ്ഞാറ്റക്കുരുവി നല്ല പാട്ടു മൂളി വാ 
ആനന്ദ പൂക്കാലം ചിറകണിഞ്ഞു വാ
പൊൻവസന്ത കാലമായിതാ.....

തുമ്പപൂവിൻ കുഞ്ഞുതുള്ളി തേനും 
തേടി വന്നല്ലോ കരുമാടി കുസൃതി കൂട്ടം 
വാഴപ്പൂവിൻ തുമ്പിലൂറും  മധുരം 
ഇന്ന് നാടോടി തത്തേ നിൻ പാട്ടിന്നീണം 
പൊന്നിൽ കളം വരച്ച അങ്കണങ്ങളിൽ 
മൺകുടം നിറഞ്ഞു തൂവി നാട്ടുനന്മകൾ 
പുഞ്ച നെൽ വരമ്പിലെത്തി  വെൺപിറാവുകൾ 
തുമ്പിലിന്ന് തുള്ളി നിന്നു മഞ്ഞു തുള്ളികൾ 
നാടിൻ  മൺവീണയിൽ നല്ല നാടിൻ  സംഗീതമായ് 
പൊൻവസന്ത കാലമായിതാ.......

അല്ലിപ്പുഴയിൽ മുങ്ങി നീന്തും നേരം 
ഇന്ന് പായാരം ചൊല്ലുന്നേ ഉണ്ണിക്കനവ് 
മാരീകുളിരിൽ മെല്ലെ നനയും നേരം 
അങ്ങ് കുന്നോരം  കുറുകുന്നെ മകരകുയില് 
പൊട്ടു തൊട്ടു നൃത്തമാടും നെഞ്ചമാകെയും 
പട്ടു തൂവലായ് പറന്ന സ്വപ്‌നമാകെയും 
കുങ്കുമം കുടഞ്ഞതാര് കുഞ്ഞുതെന്നലോ 
മേലെ വന്നു കണ്ണ് ചിമ്മും സ്വർണ്ണ താരമോ 
കാറ്റിൻ കാണാച്ചുണ്ടിൽ മേടപാട്ടിനീണളങ്ങളായ്  
പൊൻവസന്ത കാലമായിതാ.......