കുന്നിമണിമാല ചാർത്തും

കുന്നിമണി മാല ചാർത്തും

പന്നിക്കോടൻ മാമല

മാമല തൻ കാൽ കഴുകും

പനിനീർ ചോല

 ആ പനിനീർ ചോലവക്കിൽ

അത്തിക്കോടൻ വയലേല

വയലേലക്കന്നിക്കാരേ

പുടവ കൊടുത്തൂ

കൊമ്പൻ കൊണ്ടോരനല്ലോ

പുന്നാരപ്പുതുമാരൻ

കൊഴുവേന്തും കൈകൾ ചാർത്തീ പുന്നെൽ താലി

നെറ്റിയിലെ തൂവേർപ്പല്ലോ മുത്തു മുടിപ്പൂവായി

നെഞ്ചത്തെ പൊൻ തുടിയല്ലൊ

തുയിലുണർത്തീ

അവനവിടെ ചെന്നേ പിന്നെ

വെട്ടാത്ത വഴി വെട്ടി

അവനവിടെ ചെന്നേ പിന്നെ

പൂട്ടാത്ത നിലം പൂട്ടി

 

 

അരമുറിക്കരിക്കും തിന്ന്

അരത്തൊണ്ട് കഞ്ഞീം മോന്തി

അരവയറും നെറയാതല്ലോ

അവനവിടെ പണി ചെയ്തു

കറുത്ത മഴ മുകിൽ പോലീ മണ്ണിൽ

വിയർപ്പു പെയ്ത മനുഷ്യൻ

ഇവിടെ വിതച്ചു കൊയ്തു മെതിച്ചു

ഇവിടെ വിശന്നു മരിച്ചൂ

 

പടയോട്ടങ്ങൾ മുതലുടമകൾ തം

മുടിയാട്ടങ്ങൾക്കിടയിൽ

ഒരു പിടി മണ്ണിന്നൊരു പിടി

നെല്ലിന്നിവിടെ പൊരുതി മരിച്ചൂ

 

 

കരളിൽ പുതിയൊരു സ്വപ്നം

കൺ‌കളിലെരിയും പന്തം

നെഞ്ചിലെ രക്തം നിറം പകർന്നൊരു

കൊടികളുമായ് ചെങ്കൊടികളുമായ്

അവൻ ഉയിർത്തെഴുന്നേൽക്കുന്നു

ഒന്നല്ലായിരമായ് കൊമ്പൻ കൊണ്ടേരൻ

 

അവന്റെ വീരഗാഥ കേൾക്കാം

ഈ മണ്ണിൻ മാറിൽ ! ഈ മണ്ണിൻ മാറിൽ !!