പൊന്നിൻ വള കിലുക്കി

പൊന്നിൻവളകിലുക്കി വിളിച്ചുണർത്തി
എന്റെ മനസ്സുണർത്തി
മണിത്തിങ്കൾ വിളക്കുമായ്‌ പോരും നിലാവേ
കണിതുമ്പപൂത്താൽ നിന്റെ കല്യാണമായ്‌
ആതിരരാവിൽ നവവധുവായ്‌ നീ അണയുകില്ലേ
ഒന്നും മൊഴിയുകില്ലേ

ശ്രീമംഗലേ നിൻ കാലോച്ച കേട്ടാൽ
ഭൂമിക്ക്‌ വീണ്ടും താരുണ്യമായ്‌
മാറത്ത്‌ മാൻമിഴി ചായുന്നതോർത്താൽ
മാരന്റെ പാട്ടിൽ പാൽത്തിരയായ്‌
തളിർക്കുന്ന ശിൽപ്പം നീയല്ലയോ
ആ മിഴിക്കുള്ളിൽ ഞാനെന്നും ഒളിക്കില്ലയോ
തനിച്ചൊന്നു കാണാൻ കൊതിക്കില്ലയോ
നമ്മൾ കൊതിക്കില്ലയോ

കാറണിക്കൂന്തൽ കാളിന്ദിയായാൽ
താരകപ്പൂക്കൾ തേൻചൊരിയും
രാമഴമീട്ടും തംബുരുവിൽ നിൻ
പ്രേമസ്വരങ്ങൾ ചിറകണിയും
മറക്കാത്ത രാഗം നീലാംബരി
എന്നും മനസ്സിന്റെ താളത്തിൽ മയിൽക്കാവടി
എനിക്കുള്ളതെല്ലാം നിനക്കല്ലയോ
എല്ലാം നിനക്കല്ലയോ