പണ്ടു പണ്ടൊരു

പണ്ടു പണ്ടൊരു രാജാവിന്റെ കൊട്ടാരത്തിലെ ശില്പി
മന്ത്രവാദം പഠിച്ചൊരു മായാജാല ശില്പി
കല്ലു കൊണ്ടും മരം കൊണ്ടും കടഞ്ഞെടുത്തുണ്ടാക്കി
കണ്ടാലാരും കൊതിക്കുന്ന പഞ്ചവർണ്ണക്കുതിര (പണ്ടു..)
 
ഓടുവാനൊരു മന്ത്രം ചാടുവാനൊരു മന്ത്രം
പാറിപ്പാറി വിണ്ണിലേക്ക് പറക്കുവാനൊരു മന്ത്രം
അരമനയിലെ രാജകുമാരൻ അരുമപ്പൊന്നുണ്ണി
അവനൊരു ദിവസം ഒളിച്ചു കേട്ടു ഒറ്റമന്ത്രം പഠിച്ചൂ (പണ്ടു..)
 
തന്ത്രത്തിലാ കുതിര യേറി മന്ത്രമവൻ ചൊല്ലി
മന്ദം മന്ദം വാനിലേക്ക് കുതിര പാറിപ്പൊന്തി
മണ്ണിലേക്ക് താഴാനുള്ള മന്ത്രമറിയാതെ
വിണ്ണിലൂടെ സവാരിയാണിന്നുമുണ്ണിക്കുട്ടൻ (പണ്ടു..)
 
ആ..ആ..ആ...ആ...
പൗർണ്ണമിനാൾ കുമാരന്റെ പൊൻ കിരീടം കാണാം
ചിന്നി വീണ മുത്തുമാല ചില നേരം കാണാം
മാരിവില്ലു തെളിയുമ്പോൾ കാൽത്തളകൾ കാണാം
നീരദങ്ങൾ പാറുമ്പോൾ പട്ടുറുമാൽ കാണാം (പണ്ട്..)