ദുഃഖപുത്രി...!

ദുഃഖപുത്രി...!

 

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-

യെന്തേ മറന്നുപോയ് രാമായണം കൃതി?

നീയല്ലേ വർഷം പതിന്നാലയോദ്ധ്യയിൽ

നീറും ഹൃദയവുമായ് നിന്ന മൈഥിലി*?

 

ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-

യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി…?

 

രാമന്നുതുണയായ് ഗമിച്ചു സീതാദേവി

രാക്ഷസർ വാഴുമാരണ്യാന്തരങ്ങളിൽ

രാപകൽ നിദ്രയൊഴിച്ചായുധം പേറി

രാജീവലോചനൻ സൗമിത്രിയും നിന്നു

വന്യഭോജ്യം തിന്നു ഭർത്തൃസമേതയായ്

ഛായാതലം സപ്രമഞ്ചങ്ങളാക്കിയും

മോഹനം പച്ചത്തുകിൽ ചാർത്തിനിൽക്കുന്ന

കാനനകുഞ്ജങ്ങൾ കൊട്ടാരമാക്കിയും

ശീതളക്കാറ്റിലുദിക്കും വികാരാഗ്നി

വല്ലഭസ്വേദതീർത്ഥത്താൽ കെടുത്തിയും

ലക്ഷ്മണാരണ്യപ്രവാസം ഗ്രഹിച്ചിത്ഥ-

മോർത്തുജീവിക്കാൻ കൊതിച്ചിവൾ ജാനകി*;

ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-

യെന്നിട്ടുമെന്തേ മറന്നുപോയ് സൌമിത്രി?

 

സൗമിത്രി ലോലവികാരവീണാതന്ത്രി

മീട്ടിയനാളോർത്തു നിർവൃതിപൂണ്ടിവൾ

സാകുലം, ഓർമ്മകൾ ചാമരം വീശുന്ന

സുന്ദരപൗർണ്ണമിരാത്രിയിലിന്ദുവിൻ

ഹൃത്തും ലയിപ്പിക്കുമശ്രുവർഷത്തോടെ

ധാത്രി മലർശയ്യയാക്കി മയങ്ങവേ,

എങ്ങോ മൃദുപാദനിസ്വനം ചുറ്റിലും

സുന്ദരികേട്ടുണ,ർന്നവ്യക്തതയ്ക്കുള്ളിൽ

തന്നാര്യപുത്രനെക്കാണവേ, വേപഥു

ഗാത്രീസവേശം മുഖംതാഴ്ത്തി സുന്ദരൻ

മന്ദം സഹാസമണഞ്ഞു, തഴമ്പാർന്ന

കൈകളിൽ വാടിയ പൂചേർത്തു ചുംബിച്ചു

ശുദ്ധജലംതളി,ച്ചിച്ഛാക്ഷയംവന്നു

വറ്റിവരൊണ്ടരാ ഉദ്യാനകങ്ങളിൽ...

 

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-

വാതിലടയവേ, ആസ്വപ്നവും മാഞ്ഞു

ദു:ഖിതചിത്ത, തിമർത്തുവീഴും കാല-

വർഷനിപാതം കൊഴിച്ച തളിർപോലെ,

ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-

റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,

വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-

ടയിൽ വെറും മണ്ണുകോലമായ്മാറിയോ-

ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ

കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-

യെന്നിട്ടുമെന്തേ മറന്നുപോയ് സൌമിത്രി?

 

കാമാർത്തയാം ശൂർപ്പണഖാനിശാചരി-

ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…

വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-

നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!

രാമനും സീതയും മാതാക്കളും മറ-

ന്നിപ്പതിഭക്തയെ, ലക്ഷ്മണപത്നിയെ

തീർത്തും നിശ്ശബ്ദതത്തറ്റുടുത്താത്മ

വിചാരമടക്കിയിരുന്നവളാണിവൾ!

ആരണ്യകംതേടി യാത്രയാംവല്ലഭ

വിഗ്രഹം പൂജിച്ചുനിന്നവളാണിവൾ!

മൂന്നമ്മമാരുടെ ദു:ഖഭാഗം പറ്റി-

യെല്ലാം സഹിച്ചുകഴിഞ്ഞവളാണിവൾ!

രജകന്റെപൊയ്വാക്കുകേട്ടു സ്വപത്നിയെ

അടവിയിൽ തള്ളിയ ശ്രീരാമചന്ദ്രനെ

ഒറ്റയ്ക്കൊരായിരം വാഗസ്ത്രമെയ്തു ഹാ!

മുട്ടുകുത്തിച്ച വീരാംഗനയാണിവൾ!

വാക് ലംഘനപ്പരീഹാരാർത്ഥമായ് സര-

യൂനദീ നിമ്നത പുൽകിയപ്രാണന്റെ

വേർപ്പാടിലമ്പേ മനംപൊട്ടി, ശേഷിച്ച

കാലമൊരുലപോലെരിഞ്ഞവളാണിവൾ!

കാണ്ഡങ്ങളാറുമീ ഭാരതപുത്രിയെ

വിസ്മരിച്ചെങ്കിലും ശാന്തയായ് നിന്നാത്മ

ബന്ധങ്ങൾ തീർത്തോരുമിച്ചൂളയിൽ സദാ

നീറിയെരിഞ്ഞ സർവംസഹയാണിവൾ!

ഇവളൂർമ്മിള, രാമായണങ്ങളും ആദി-

കവികളും പാടേ മറന്നൊരമ്മ!

 

പൂജാമുറിക്കുള്ളിൽനിന്നുതിർന്നെത്തുന്നൊ-

രത്തേങ്ങൽകേട്ടുഞാൻ കാതോർത്തുനിൽക്കവേ,

മെല്ലെവാതിൽതുറ,ന്നദ്ദു:ഖമന്റെയും

ദു:ഖമായ് ഞാൻ സ്വയമേറ്റുവാങ്ങീടവേ,

വീർത്തവർത്മങ്ങളും ചോന്നനേത്രങ്ങളും

കണ്ടുഞ്ഞാൻ ഞെട്ടിത്തരിച്ചുനിന്നീടവേ,

മാന്മിഴിക്കോണുകൾ ചോർത്തിയ പൊയ്കയിൽ

വെൺപട്ടുവസ്ത്രങ്ങൾ നീരാട്ടുകൊള്ളവേ,

ഞാൻ ചൊല്ലി, 'ലക്ഷ്മണപത്നീ കരഞ്ഞെന്തി-

നത്തപ്തചിത്തം തളർത്തുന്നു പിന്നെയും

നിൻ കണ്ണുനീർവീണെഴുത്താണികൾ ശപ്ത-

സാഗരഗർത്തത്തിലാഴാതിരിക്കട്ടേ......'

 

കരയൊല്ലേ പെങ്ങളേ, അറിയുന്നുഞാൻ നിന്റെ,

കരളുരുക്കും ശോകഗാനവരികളെ

അകിലാണു നീ; സുഖഗന്ധം പകർന്നാത്മ-

വേദനപേറിപ്പുകയാൻ പിറന്നവൾ

ശ്രീരാമപത്നിക്കലങ്കാരമേറ്റുവാൻ

സൃഷ്ടിച്ചവിസ്മൃതി നിൻശാപമെങ്കിലും

ഈരക്തമോലും ഞരമ്പുകൾ സോദരീ

നിന്നേയറിയുന്നൂ ഭാരതപുത്രിയായ്

ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,

നിന്നേ മറന്നവരോടു പൊറുക്കുക,

വിശ്വവിഖ്യാതേതിഹാസഭ്രൂണങ്ങളിൽ

വീണ്ടും സുമിത്രാസ്നുഷയായ്തന്നെ വാഴുക.

 

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-

യിനിയും മറക്കില്ല ഭാരതസന്തതി!

ഇനിയും മറക്കില്ല ഭാരത സന്തതി!!

 

*മൈഥിലി, ജാനകി തുടങ്ങിയ പേരുകൾ ഊർമ്മിളയ്ക്കു നൽകിയിരിക്കുന്നു.

Submitted by Nisi on Mon, 08/06/2012 - 18:22