ഒരു നല്ല പാട്ടുമായി കാത്തിരിക്കുന്നു ഞാൻ
വരൂ വരൂ പൊന്നോണപ്പെൺകിടാവേ
വരൂ നിത്യകന്യകേ നിൻ കഴലൊച്ചയാൽ
ഒരു പൂവെന്നുള്ളിൽ വിരിഞ്ഞിടട്ടെ
ഒരു ചിങ്ങത്തുമ്പി തൻ ചിറകിന്റെ താളത്തിൽ
ഒരു മഞ്ഞക്കുറിമുണ്ടിൻ പുതുമണത്തിൽ
ഒരു തുമ്പച്ചിരിയിലൊരൂഞ്ഞാലിൻ നൃത്തത്തിൽ
ഒരു തുമ്പപ്പാട്ടിന്റെ തേനലയിൽ
അരിയ നിൻ വർണ്ണങ്ങൾ നാദങ്ങൾ ഗന്ധങ്ങൾ
വെറുതെ ഞാനെന്നും നുകർന്നിരുന്നു
നുകർന്നിരുന്നു
( ഒരു നല്ല....)
അലകളിൽ താമരവള്ളി പോലൂഞ്ഞാലിൽ
അലസതാവലിസിത മൃദുലാസ്യത്തിൻ
അണിമലരുതിരുമാറഴിയുന്ന വേണിയും
ഇണയായ് തുടിക്കും പൂമൊട്ടുകളും
കിളിവാലൻ വെറ്റില ചുരുൾ നീട്ടും കരതാരും
ഇനിയുമാച്ചിത്രം ഞാൻ ഓർത്തു നില്പൂ
ഓർത്തു നില്പൂ
(ഒരു നല്ല,,,,,)