കാറ്റു വഞ്ചി തുഴഞ്ഞു കടലേഴും കടന്ന്
കാഞ്ചനത്തിൻ നാട്ടിലെത്തിയ തിരുമകനേ നിന്റെ
നെഞ്ചിൽ ഇടയ്ക്ക തൻ താളമില്ലേ
പഞ്ചവർണ്ണക്കിളി പാടും മേളമില്ലേ
(കാറ്റുവഞ്ചി ..)
പച്ചിലകൾ മരുന്നാകും നിന്റെ നാട്ടിൽ
ഉത്സവങ്ങൾ വിരുന്നാകും നല്ല നാട്ടിൽ
കൈ നിറയെ പൊന്നുമായ് നീയണയും നാളിൽ
കല്യാണി കളവാണി ഒരുങ്ങുകില്ലേ
കല്യാണ നാഗസ്വരം മുഴങ്ങുകില്ലേ
(കാറ്റുവഞ്ചി ..)
നിന്റെ കണ്ണിൽ കർമ്മസൂര്യൻ കൈ തൊഴുന്നു
നിദ്രയിലും കായലോരം പുൽകിടുന്നു
നൊന്തു പെറ്റൊരമ്മയാം കേരളത്തിൽ വീണ്ടും
സിന്ദൂര തണൽ തേടി വരികയില്ലേ
കണ്ണീരും പുഞ്ചിരിയുമായ് വിരിയുകില്ലേ
(കാറ്റുവഞ്ചി ..)