കാറ്റിന്റെ തോണിയിൽ

 

കാറ്റിന്റെ തോണിയിൽ പൂമണമേറ്റി
അക്കരെയിക്കരെപ്പോണോരേ
നിന്നേ പോ ഒന്നു നിന്നേ പോ
ഒരു നുള്ളു പൂമണം തന്നേ പോ
കാണാത്ത തീരത്തെ കനകാംബരത്തിന്റെ
കൈമണിച്ചെപ്പിലെ മണമുണ്ടോ
കാനനറോജകൾ കവിളത്തു പൂശിടും
അത്തറിൻ മണമുണ്ടോ
(കാറ്റിന്റെ....)

നാണം കുണുങ്ങുന്ന മാതളപ്പൂവിന്റെ
മണിയറക്കുള്ളിലെ മണമുണ്ടോ
പാതിരാപ്പൂവുകൾ പാഴ് മണ്ണിൽ തൂവുന്ന
പനിനീരിൻ മണമുണ്ടോ
(കാറ്റിന്റെ....)

ഈറൻ ചുറ്റി നിന്നിളവെയിൽ കൊള്ളുന്ന
താമരപ്പൂവിന്റെ മണമുണ്ടോ
കുടുകുടെച്ചിരി തൂകും കുടമുല്ലപ്പെണ്ണിന്റെ
കുമ്പിളിൻ മണമുണ്ടോ മണമുണ്ടോ
(കാറ്റിന്റെ...)