മൂഢയാം സഹോദരീ

മൂഢയാം സഹോദരീ..
മുന്‍കോപമല്ലോ നിന്‍ ശത്രു

തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
തോക്കിന്നുണ്ട തടുത്തീടാം
നേര്‍ക്കും അമ്പു പിഴച്ചീടാം
നാക്കില്‍ നിന്നു തൊടുത്തീടും പാഴ്-
വാക്കു തടുക്കാനരുതല്ലോ

പാഴ്ച്ചൊല്ലാകിയ വാള്‍മുനയാലേ
പാവനമാം നിന്‍ സോദരബന്ധം
പാടേയറ്റു തകര്‍ന്നല്ലോ...
നിന്‍ കൂടപ്പിറപ്പു പോയല്ലോ - നിന്‍
കൂടും വിട്ടു പറന്നല്ലോ

അവിവേകമരുതേ ആത്മസഹോദരാ....

പിറന്ന നാള്‍ മുതല്‍ ഇതുവരെ നിന്നെ
പിച്ചനടത്തിയ സോദരിയാളെ
കനിവില്ലാതാ കദനക്കനലില്‍
കൈവെടിയാമോ നീ സഹജാ
കൈവെടിയാമോ നീ സഹജാ

പിറകില്‍ സോദരാ നീ വെടിയുന്നൊരു
പിഞ്ചുമുഖത്തിലെ മിഴികള്‍ നിന്നെ
വിളിച്ചിടുന്നു പുറകോട്ടായ്
തിരിച്ചു ചെല്ലൂ നീ സഹജാ
തിരിച്ചു ചെല്ലൂ നീ സഹജാ