കാണാൻ പറ്റാത്ത കനകത്തിൻ

കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ
കല്പിച്ചു റബ്ബെനിക്കേകിയ മലർമൊട്ടേ
ഖൽബിന്റെ കണ്ണേ ഉറങ്ങുറങ്ങ് 
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ

കണ്ണില്ലാ ബാപ്പയ്ക്ക് കൈവന്ന കണ്ണല്ലേ
മണ്ണിതിലുണ്ടായ വിണ്ണല്ലേ
താമരമിഴിയെന്നോ തങ്കത്തിൻ കവിളെന്നോ
തപ്പുന്ന വിരലിനാൽ കാണട്ടെ ഞാൻ 
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ

കണ്മണീ നിൻ മലർത്തൂമുഖം കാണാതെ
കണ്ണടച്ചീടും ഞാനെന്നാലും
ഉമ്മാടേ കണ്ണാണ് ഉപ്പാടെ കരളാണ്
ഉള്ളിലെ മിഴികളാൽ കാണുന്നു ഞാൻ 
കാണാൻ പറ്റാത്ത കനകത്തിൻ മണിമുത്തേ
കരളിന്റെ കൂട്ടിലെ കുഞ്ഞിത്തത്തേ