സ്വർണ്ണ ചാമരം

സ്വർണ്ണ ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കിൽ ഞാൻ
ഹർഷ ലോലനായ്‌ നിത്യവും നിന്റെ
ഹംസ തൂലികാ ശയ്യയിൽ
വന്നു പൂവിടുമായിരുന്നു ഞാൻ
എന്നുമീ പർണ്ണശാലയിൽ

താവകാത്മാവിനുള്ളിലെ നിത്യ
ദാഹമായിരുന്നെങ്കിൽ ഞാൻ
മൂകമാം നിൻ മനോരഥത്തിലെ
മോഹമായിരുന്നെങ്കിൽ ഞാൻ
നൃത്ത ലോലനായ്‌ നിത്യവും നിന്റെ
മുഗ്ധ സങ്കൽപമാകവെ
വന്നു ചാർത്തിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ പ്രേമ സൗരഭം

ഗായകാ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
ഗായികേ നിൻ വിപഞ്ചികയിലെ
ഗാനമായിരുന്നെങ്കിൽ ഞാൻ
താവകാംഗുലി ലാളിതമൊരു
താളമായിരുന്നെങ്കിൽ ഞാൻ
കൽപനകൾ ചിറകണിയുന്ന
പുഷ്പമംഗല്യ രാത്രികൾ
വന്നു ചൂടിയ്ക്കുമായിരുന്നു ഞാൻ
എന്നിലെ രാഗ മാലിക
(സ്വർണ്ണ ചാമരം..)