മാനം പളുങ്കു പെയ്തു..
മാനം പളുങ്കു പെയ്തു അവ നിൻ
നാണപ്പൂമൊട്ടിന്മേൽ വീണുടഞ്ഞു
ഞാനതിലൊന്നായിരുന്നെങ്കിലോ ഒരു
മാണിക്യമായേനേ നീയതു
മാറിൽ പതിച്ചേനേ (മാനം..)
ഈറൻ തുകിലിന്നുള്ളിൽ ഒളിക്കും
താരുണ്യ ഭംഗിയോടെ (2)
കാറ്റിൽ നീയൊഴുകുമ്പോൾ നിന്നിലെ
കർപ്പൂരം ജ്വലിക്കുമ്പോൾ
നിന്നിൽ വിടരുന്ന പ്രാണഹർഷങ്ങളിൽ
ഒന്നായിരുന്നെങ്കിലോ
നിന്റെ സൗരഭ്യം വസന്തപുഷ്പങ്ങൾതൻ
നെഞ്ചിൽ നിറച്ചേനേ ഞാൻ
നെഞ്ചിൽ നിറച്ചേനേ
മാനം പളുങ്കു പെയ്തു അവ നിൻ
നാണപ്പൂമൊട്ടിന്മേൽ വീണുടഞ്ഞു
മൂടും കുളിരിനുള്ളിൽ മുളയ്ക്കും
മൂകാനുരാഗവുമായ് (2)
മോഹിച്ചു നിൽക്കുമ്പോൾ നിൻ മുഖം
ദാഹിച്ചു തുടുക്കുമ്പോൾ
നിന്നിൽ ചലിക്കുന്ന വർണ്ണചിത്രങ്ങളിൽ
ഒന്നായിരുന്നെങ്കിലോ
നിന്റെ സംഗീതം ജലതരംഗങ്ങൾതൻ
ചുണ്ടിൽ പകർന്നേനേ ഞാൻ
ചുണ്ടിൽ പകർന്നേനേ (മാനം..)