ഇന്നു നിന്റെ യൗവനത്തിനേഴഴക്

ഇന്നു നിന്റെ യൗവനത്തിനേഴഴക്
ഇന്ദ്രനീലക്കല്ലു വെച്ച പൊൻമോതിരത്തിനും
ഇന്ദീവരമിഴികൾക്കും നൂറഴക്
നൂറ് നൂറ് നൂറ് ചിറക്
(ഇന്നു നിന്റെ...)

പ്രേമിച്ച പുരുഷനെ തപസ്സിൽ നിന്നുണർത്തിയ
കാമിനിമാർമണിമൗലേ നിന്റെ
കാമചാപം കുലച്ചൊരു കൺകേളീ പുഷ്പശരം
തൂവുമല്ലോ സ്വയംവരരാവിൽ
അതു മാറിൽ കൊള്ളുന്ന നിമിഷം ഞാൻ
അടിമുടി പൂക്കുത്തും നിമിഷം
അഭിനന്ദനം ആ നിമിഷത്തിന്നഭിനന്ദനം
(ഇന്നു നിന്റെ...)

പൂമേനി പുതയ്ക്കുന്ന രോമാഞ്ചകഞ്ചുകത്തിൽ
പൂണൂലിൻ കതിരു പോലെ നാളെ
നീ മയങ്ങും രാത്രിയിൽ നിൻ സീമന്തരേഖയിൽ
തൂവുമല്ലോ മന്ദസ്മിതസിന്ദൂരം പ്രിയൻ
തൂവുമല്ലോ മന്ദസ്മിതസിന്ദൂരം
അതു ചാർത്തി തളിർക്കുന്ന നിമിഷം എൻ
അനുഭൂതി വിടരുന്ന നിമിഷം
അഭിനന്ദനം ആ നിമിഷത്തിനഭിനന്ദനം
(ഇന്നു നിന്റെ...)