മാംസപുഷ്പം വിരിഞ്ഞൂ ഒരു
മാദകഗന്ധം പരന്നൂ
ആരാമമേനകേ നീയെന്തിനാ
വസന്താരംഭ പുഷ്പത്തെ
തെരുവിൽ വിറ്റു
കൗമാരം കഴിഞ്ഞപ്പോൾ നീലിമ കൂടിയ
കന്നിയിതൾ മിഴിയിൽ - പൂവിൻ
കന്നിയിതൾ മിഴിയിൽ
ആയിരം വിരലുകൾ അഞ്ജനമെഴുതുവാൻ
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു
യൗവനം തുടുപ്പിച്ച പൂങ്കവിളിണയിൽ
അല്ലിയധരങ്ങളിൽ പൂവിൻ
അല്ലിയധരങ്ങളിൽ
ആയിരം ചുണ്ടുകൾ ചിത്രം വരയ്ക്കുവാൻ
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു
വെണ്ണിലാവുടുപ്പിച്ച പൊന്നാട മുറുകുന്ന
നെഞ്ചിൽ അരക്കെട്ടിൽ പൂവിൻ
നെഞ്ചിൽ അരക്കെട്ടിൽ
ആയിരം കൈനാഗപത്തികളിഴയുവാൻ
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു