തുടക്കവും ഒടുക്കവും സത്യങ്ങൾ

തുടക്കവും ഒടുക്കവും സത്യങ്ങൾ 
ഇടയ്ക്കുള്ളതൊക്കെയും കടംകഥകൾ 
കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങു പോലെ 
വിധിക്കൊത്തു വിളയാടും മനുഷ്യരൂപം 
(തുടക്കവും..) 

സ്വപ്നമാം നിഴൽ തേടി ഓടുന്ന പാന്ഥനു 
സ്വർഗവും നരകവും ഭൂമിതന്നെ
മാധവ മധുമയ മാധവമാവതും 
മരുഭൂമിയാവതും മനസ്സുതന്നെ 
(തുടക്കവും..)

മൊട്ടായ്‌ പൊഴിയും മലരായ്‌ പൊഴിയും 
ഞെട്ടിലിരുന്നേ കരിഞ്ഞും കൊഴിയും 
ദേഹിയും മോഹവും കാറ്റിൽ മറയും 
ദേഹമാം ദുഃഖമോ മണ്ണോടു ചേരും 
(തുടക്കവും..)