അഞ്ജലി... പുഷ്‌പാഞ്ജലി...
കഞ്ജവിലോചനാ നിൻ കളനൂപുര-
ശിഞ്ജിതം കേട്ടുണർന്നു ഗോപിക ഞാൻ
(അഞ്ജലി...)
ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാൻ
ആശിച്ചു നിൻ മുന്നിൽ വന്നവൾ ഞാൻ
ഈ വളയണിക്കൈകൾ ആരതിയുഴിഞ്ഞൊരു
മാരിവിൽപ്പരിവേഷം നിനക്കു ചാർത്തും
ഈ കാട്ടുകടമ്പ് നിൻ പാട്ടിൽ തളിർത്തതല്ലോ
ഈ മുളംതണ്ട് നിൻ മുരളിയാക്കൂ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
(അഞ്ജലി...)
ആരക്‍തവദനയാം മറ്റൊരു സന്ധ്യയായി
നീയാകും യമുനയിൽ ഞാനലിയാം
ഈ വളർമുടിയിൽ നീ പൂവുകൾ ചൂടിക്കില്ലേ
ഈയളകങ്ങൾ മാടിയൊതുക്കുകില്ലേ
നീലനീരദമൊരു തൂമിന്നൽക്കൊടിയേപ്പോൽ
നീയൊരു മാത്രയെന്നെ പുൽകുകില്ലേ...
നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ
(അഞ്ജലി...)