പതിവിന് വിപരീതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നൊരു അസാധാരണ മനുഷ്യനെ സമൂഹം ഭ്രാന്തനെന്ന് വിളിക്കുന്നു. സിനിമയിലെ നായകന് നൽകിയിരിക്കുന്ന പേര് അരക്കിറുക്കൻ എന്നാണ്. കളരിപ്പയറ്റിൽ പ്രാവീണ്യം നേടിയ രാജേഷ് ഗുരുക്കൾ ആണ് ആ കഥാപാത്രമായി എത്തുന്നത്. നിലനിൽക്കുന്ന ക്രമം തെറ്റിയ സമൂഹത്തോടും കാലത്തോടും കലഹിക്കുന്ന കഥാപാത്രം. സമൂഹത്തിൽ തിന്മ ചെയ്യുന്നവർക്കെതിരെ ആക്രോശിച്ചുകൊണ്ട് വിരൽ ചൂണ്ടുന്ന ഒരു മുതിർന്ന യുവാവ്. കുട്ടികൾക്കും യുവാക്കൾക്കും ദിശാബോധം നൽകുന്ന കളിക്കൂട്ടുകാരൻ. ധർമ്മബോധത്തിലേക്കും കർമ്മപാതയിലേക്കും സമൂഹത്തെ നയിക്കുന്ന വിപ്ലവകാരി. കഥാപശ്ചാത്തലം ഒരു കേരളീയഗ്രാമമാണ്. ഒരു കാലത്ത് സംസ്ക്കാരത്തിന്റെ ഔന്നത്ത്യത്തിൽ ജനങ്ങൾ ജീവിച്ച ഒരു ഗ്രാമം. ആ കാലത്തിന്റെ തെളിവായി 500 വർഷത്തോളം പഴക്കമുള്ള ചെങ്കൽപ്പടവുകളോടു കൂടി നിർമ്മിക്കപ്പെട്ട ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും പ്രൗഢമായ സംസ്ക്കാരത്തിന്റെ കഥ പറയുന്ന കുളമുണ്ടായിരുന്നു. കാലം മാറി. ജനങ്ങളുടെ ജീവിതകഥയും സംസ്ക്കാരവും മാറി. അങ്ങിനെ ആ കുളത്തിന്റെ നാശം സംഭവിക്കുന്നിടത്താണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. സംസ്കാരം മാറുകയാണ്. സംസ്കൃതിയുടെ ഉന്നതങ്ങളിലേക്കുള്ള ഗ്രാമവികാസത്തിലേക്ക് കഥ മാറി. പിന്നീട് ഇന്ത്യാരാജ്യത്തെ മാതൃകാപരമായ വികസനം കാഴ്ചവയ്ക്കുന്ന ഗ്രാമത്തിനുള്ള പുരസ്‌കാരം ഈ ഗ്രാമത്തിന് ലഭിക്കുകയാണ്. ഒരു ഗുരുകുലത്തിൽ നിന്നുള്ള വിദ്യാർത്ഥിനികൾ പഠനത്തിനായി ആ ഗ്രാമത്തിൽ എത്തിച്ചേരുന്നു. ഗ്രാമീണരുമായി ആശയവിനിമയം നടത്തുന്നു. ഇത് ഒരു മാറ്റത്തിന്റെ തുടക്കമായി. പ്രകൃതി-പരിസ്ഥിതി ബോധത്തിന്റെയും ജലത്തോടുള്ള സ്നേഹബഹുമാനത്തിന്റെയും ചലനാത്മകമായ ജീവിതത്തിന്റെയും പാഠങ്ങൾ ഉൾക്കൊള്ളുന്ന പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായം കണ്ടെത്താൻ ഒരു യഥാർത്ഥ കഥാ അന്വേഷണമാണ് ഈ സിനിമ. ഓരോ ഗ്രാമത്തിലും അരക്കിറുക്കന്മാർ ഉണ്ടാവേണ്ടതാണ്. അവരെ നാം തിരിച്ചറിയേണ്ടതാണ്.