തിരുവനന്തപുരത്തെ ചാല മാർക്കറ്റിൽ നടക്കുന്ന സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുന്നു. സ്ഫോടനം നടക്കുന്ന അന്ന് മുഖ്യമന്ത്രി അടിയന്തിരമായി പ്രധാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു. യോഗത്തിൽ പങ്കെടുത്ത ശേഷം തന്റെ ഓഫീസിലേക്ക് പോയ ആഭ്യന്തര വകുപ്പ് സെക്രട്ടറി പോൾ വർഗ്ഗീസ് അവിടെ വച്ച് കൊല്ലപ്പെടുന്നു. ഈ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാനായി ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവൻ ഐ ജി ദുർഗ്ഗാ പ്രസാദ് നിയമിതനാകുന്നു. അന്വേഷത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്ന് കേന്ദ്ര ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്യപ്പെട്ട ഭീകരൻ തന്നെയാണ് ഇതിനു പിന്നിലെന്ന് ദുർഗ്ഗ മനസ്സിലാക്കുന്നു. യാസിർ എന്ന ആ ഭീകരനെ നിയന്ത്രിച്ചിരുന്ന ബിസിനസ്സുകാരാൻ സഖറിയ അയക്കുന്ന ഹവാല പണം ദുർഗ്ഗ പിടിച്ചെടുക്കുന്നു. അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനായ പോൾ വർഗ്ഗീസിന്റെ കൊലപാതകം അന്വേഷിക്കുന്ന ദുർഗ്ഗ അദ്ദേഹത്തിനു സക്കറിയയുമായി ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തുന്നു. ദുർഗ്ഗയുടെ നീക്കങ്ങൾ സക്കറിയായുടെ കോക്കസിലെ കമ്മീഷണർ വിജയ് ഭാസ്കറിനേയും ബീരാൻ കുട്ടി സാഹിബിനേയും അസ്വസ്ഥരാക്കുന്നു.
ദുർഗ്ഗയുടെ നീക്കങ്ങൾക്ക് തടയിടാനായി വിജയ് ഭാസ്കറും സക്കറിയയുടെ വലം കൈയായ മുജീബും ചേർന്ന് ഒരു കോളനിയിൽ കലാപം സൃഷ്ടിക്കുന്നു. ആ നീക്കം മനസ്സിലാക്കുന്ന ദുർഗ്ഗ ബീരാൻ കുട്ടി സാഹിബിന്റെ ഓഫീസിൽ നിന്നും മുജീബിനെ കസ്റ്റഡിയിൽ എടുക്കുന്നു. ദുർഗ്ഗയുടെ സഹോദരൻ വിനോദ് ബീരാൻ കുട്ടി സാഹിബിന്റെ മകൾ ചാന്ദിനിയുമായി പ്രണയത്തിലാകുന്നു. ദുർഗ്ഗയുടെ അമ്മ എതിർക്കുന്നുവെങ്കിലും ദുർഗ്ഗ അവരെ പിന്തുണക്കുന്നു. അതിൽ ബീരാൻ കുട്ടി സാഹിബിനു ദുർഗ്ഗയോട് ദേഷ്യം തോന്നുന്നു. മുജീബിനെ നാർക്കോ അനാലിസിസിനു വിധേയമാക്കുമ്പോൾ, ചാല സ്ഫോടനത്തിനു പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുന്നു. യാസിർ ഷാ എന്ന ഭീകരനെയും സക്കറിയ-വിജയ് ഭാസ്കർ-പോൾ വർഗ്ഗീസ് എന്ന കോക്കസിനെ കുറിച്ചും വിവരങ്ങൾ ലഭ്യമാകുന്നു. ദുർഗ്ഗയുടെ വിവരങ്ങൾ അറിയുവാൻ ഈഗിൾ എന്നൊരു ചാരൻ സക്കറിയക്കുണ്ടെന്ന് മുജീബ് വെളിപ്പെടുത്തുന്നു. അതിനിടയിൽ മുജീബിനെ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷിക്കാനായി യാസിർ ഷാ നഗരത്തിൽ പല സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിക്കുന്നു. പോലീസിനെ ബ്ലാക്ക് മെയിൽ ചെയ്യുവാൻ യാസിർ ശ്രമിക്കുന്നു. അയാളുടെ മൊബൈൽ ഫോണ്‍ സിഗ്നൽ വരുന്ന ടവർ കണ്ടെത്തു ദുർഗ്ഗ അവിടെ എത്തുന്നുവെങ്കിലും യാസിർ രക്ഷപ്പെടുന്നു. ചാന്ദിനി അത്യാവശ്യമായി ദുർഗ്ഗയെ കാണണം എന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെടുന്നു. ദുർഗ്ഗയെ കാണുവാൻ പുറപ്പെടുന്ന ചാന്ദിനിയെ യാസിർ ലോറിയിടിച്ച് കൊലപ്പെടുത്തുന്നു.