Director | Year | |
---|---|---|
കേരളകേസരി | എം ആർ വിട്ടൽ | 1951 |
എം ആർ വിട്ടൽ
- "തമിഴ് രീതിയിലെടുത്ത ഈ സിനിമ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. നാടകരംഗത്ത് തിളങ്ങി നിന്നിരുന്ന വൈക്കം വാസുദേവൻ നായരും ഭാര്യ തങ്കവും പ്രധാനഭാഗങ്ങൾ ചെയ്തുവെങ്കിലും പ്രേക്ഷകർ അവരെ കയ്യൊഴിഞ്ഞു. തങ്കം വാസുദേവൻ നായരെ ( ഇവർ ആറന്മുള പൊന്നമ്മയുടെ അനുജത്തിയാണ്) നായികയായി അവതരിപ്പിക്കുക എന്നതും സിനിമാ നിർമ്മിതിയുടെ ഒരു ലക്ഷ്യമായിരുന്നു. കിടപ്പാടം വിറ്റ് കടം തീർക്കേണ്ടി വന്നു ഈ ദമ്പതികൾക്ക്.
- ആദ്യമായി ഗസൽ അവതരിപ്പിക്കപ്പെട്ട സിനിമ, ആദ്യമായി അയ്യപ്പഭക്തിഗാനം ഉൾപ്പെടുത്തിയ സിനിമ എന്നതൊക്കെ പുതുമയായിരുന്നു.
- സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെ എഴുതി “..........കേരളകേസരിയെ നിയമത്തിന്റെ കയ്യിൽ നിന്നും കേസരിയേക്കാൾ തുലോം നിരപരാധിയായ പ്രേക്ഷകനെ 17260 അടി നീളമുള്ള ഈ ബോറിൽ നിന്നും രക്ഷിക്കുന്നു..........1951 ആയിട്ടും കേരളത്തിൽ നിന്നും ഇത്തരം ഒരു പുതിയ മലയാളപടം പുറപ്പെട്ടുവല്ലൊ എന്നോർത്തു ലജ്ജിയ്ക്കുകയും കേരളത്തിലെ ചലച്ചിത്രവ്യവസായം ആർജ്ജിക്കുന്ന ഈ ‘അദ്ഭുത’ പുരോഗതിയോർത്തു കുണ്ഠിതപ്പെടുകയും ചെയ്തു......എന്തിനാ അമ്മാവാ എന്നെ തല്ലുന്നത്; ഞാൻ നന്നാവില്ല എന്ന പഴയ കഥയാണ് ‘കേരളകേസരി‘ കണ്ടു മനം മടുത്ത എനിക്ക് ഈ നിരൂപണമെഴുതാൻ ഇരുന്നപ്പോൾ തോന്നിയത്”."
മണിനഗരത്തിലെ രാജാവിനെ കുടിലനായ റീജന്റ് ചന്ദ്രവർമ്മൻ രാജഗുരുവെന്ന സന്യാസിയുടേയും പ്രതാപൻ എന്ന സൈനികോദ്യോഗസ്ഥന്റേയും സഹായത്തോടെ സ്ഥാനഭ്രഷ്ഠനാക്കി. റീജന്റിന്റെ അസഹ്യമായ ദുർഭരണത്തിനെതിരേ നിന്ന സേനാപതി രാജേന്ദ്രനെ റീജന്റ് ജയിലിലാക്കി. ജയിൽ ചാടിയ രാജേന്ദ്രനെ പോലീസുകാർ വെടിവച്ച് കടലിൽ വീഴ്ത്തി. മരിച്ചുവെന്നു കരുതിയ രാജേന്ദ്രൻ ഭൂഗാർഭത്തിൽ ഒരു ഒളിത്താവളമുണ്ടാക്കി “കേരളകേസരി’ എന്ന പേരിൽ ഒരു ജനകീയ നേതാവായി പ്രത്യക്ഷപ്പെട്ടു. അയ്യപ്പസന്നിധിയിൽ ആയൂധപരിശീലനവും ഭജനയുമൊക്കെയായി കേസരി റീജന്റിനെതിരായി ഒരു ജനവിഭാഗം സജ്ജീകരിച്ചു. റീജന്റിന്റെ പീഡനത്താൽ മൃതിയടഞ്ഞ ഒരു സാധുവൃദ്ധന്റെ മകൾ ഭാമിനി കേസരിയ്ക്ക് ശക്തിയായി കൂടെയുണ്ട്. നാട്ടിലെ കരിഞ്ചന്തക്കാരനായ ഭാസ്കരവർമ്മയുടെ മകൾ ഹേമയുമായി രാജേന്ദ്രനു പണ്ടേ അടുപ്പമുണ്ട്.
കേസരിയും ഹേമയുമായുള്ള രഹസ്യസമാഗമങ്ങൾ അറിഞ്ഞ ചന്ദ്രവർമ്മൻ ഭാസ്കരവർമ്മനെ സ്വാധീനിച്ച് ഹേമയെ കൈവശപ്പെടുത്താനായി ശ്രമം. കേസരി ഹേമയെ രക്ഷപ്പെടുത്തി. നിരാശയായ ഭാമിനി പാടുന്ന ശോകഗാനം കേട്ട് അവളെ സമാശ്വസിപ്പിക്കുന്ന കേസരിയെ കണ്ട് ഹേമയ്ക്ക് തെറ്റിദ്ധാരണയായി. ഹേമയുടെ വീടിനു ആരോ തീ വച്ചു. അച്ഛൻ മരിച്ചെന്നു കേട്ട ഹേമ ഒളിവിൽ നിന്നും പുറത്തുവന്നു. റീജന്റിന്റെ ആൾക്കാർ അവളെ പിടി കൂടി.രഹസ്യങ്ങൾ വെളിപ്പെടുത്താൻ തയാറാകാത്ത അവളെ സ്വതന്ത്രയാക്കി, കേസരിയുടെ സങ്കേതത്തിലേക്ക് പോയ അവളെ പിന്തുടർന്ന് എത്തിയ റീജന്റിന്റെ ആൾക്കാരും കേസരിയുമായി യുദ്ധം നടന്നു. ഭാമിനിയുടെ വാളേറ്റു പ്രതാപൻ നിലം പതിച്ചു. അപ്പോൾ അയാൾ കേസരിയുടെ നേർക്ക് നിറയൊഴിയിച്ചു. വെടിയുണ്ട തടുക്കാൻ ഹേമയെത്തി, അവൾ മരിച്ചു. നിമിഷനേരത്തേക്ക് അസ്തശക്തിയായിത്തീർന്ന കേസരിയെ പ്രതാപന്റെ ആൾക്കാർ പിടിച്ചു കെട്ടി.കേസരിയുടെ കേസു വിസ്തരിക്കുമ്പോൾ പണ്ട് സ്ഥാനഭ്രഷ്ഠനാക്കപ്പെട്ട രാജാവ് പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് സത്യങ്ങളെല്ലാം തുറന്നു പറയുന്നു. രാജഗുരുവും റീജന്റും ശിക്ഷിക്കപ്പെടുന്നു, കേസരിയും ഭാമിനിയും കല്യാണം കഴിച്ച് എല്ലാം ശൂഭമായി കലാശിയ്ക്കുന്നു.