തിരക്കഥാകൃത്തായ റ്റി. ദാമോദരൻ ആദ്യമായി അഭിനയിച്ച സിനിമയാണിത്. പിന്നീട് പല സിനിമകളിൽ അഭിനയിച്ചു എങ്കിലും തിരക്കഥാരചനയിലാണ് തിളങ്ങിയത്. എന്നാൽ ‘പാലേരി മാണിക്യ‘ ത്തിൽ ഒരു വേഷം ചെയ്തു അദ്ദേഹം.
പല സിനിമകളിലും മുത്തശ്ശി വേഷങ്ങൽ ചെയ്ത 72 വയസ്സുള്ള മറിയമ്മയുടെ അവസാനത്തെ സിനിമ ആയിരുന്നു ശ്യാമളച്ചേച്ചി.
കറുത്തവളും ചൊവ്വാദോഷക്കാരിയുമായ ശ്യാമളയ്ക്ക് ജീവിതം നിഷേധിക്കപ്പെടുകയാണ്. മൂന്നാം വേളി കഴിഞ്ഞ ചേപ്രം നമ്പൂതിരിയുടെ വിവാഹാഭ്യർത്ഥന അവൾ തള്ളിക്കളഞ്ഞതു കാരണം കഷ്ടതകൾ ഏറെയുണ്ട്. പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയ വേണു ശ്യാമളയുമായി അടുപ്പത്തിലായി. കുടിലചിത്തനായ എസ്റ്റേറ്റ് ഉടമ മേനോൻ കെട്ടിച്ചമച്ച കള്ളക്കേസിൽ വേണു ജയിലിൽ ആയി. ആത്മഹത്യയ്ക്കു തുനിഞ്ഞ ശ്യാമള റെയിൽ പാളത്തിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടിയതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. സ്വന്തം അനുജത്തിയുടെ വീട്ടിൽ വേലക്കാരിയായി ജീവിക്കേണ്ടി വരുന്നു അവൾക്ക്. വെർണ്ണർ എന്ന പാതിരിയുടെ ആതുരാലയത്തിൽ അവൾ രോഗശുശ്രൂഷയിൽ ആനന്ദം കൈ വരിക്കുന്നു. ജയിൽ വിട്ടുവന്ന വേണു ശ്യാമളയെ തെറ്റിദ്ധരിക്കുന്നു. വെർണ്ണർ സത്യം ബോധിപ്പിച്ചതോടെ വേണു ശ്യാമളയെ വിവാഹം കഴിയ്ക്കാൻ തയാറാകുന്നു എങ്കിലും നിസ്വാർത്ഥമായ അവൾ തനിക്ക് ഇനിയും ആതുരസേവനം മാത്രം മതിയെന്നു വയ്ക്കുന്നു.