ട്രിവാൻഡ്രം ലോഡ്ജ് - സിനിമാ റിവ്യൂ

Submitted by nanz on Tue, 09/25/2012 - 13:36
Trivandrum Lodge

അവിവാഹിതനായ ഒരു ശരാശരി മലയാളി യുവാവിന് സ്ത്രീകളെക്കുറിച്ചുള്ള അരാജക ഭാവനകളുടെ ദൃശ്യ സംഭാഷണ സങ്കലനമാണ്  വികെ പ്രകാശ് സംവിധാനവും പുതിയ പത്മരാജനാകാൻ കച്ചകെട്ടിയിറങ്ങിയ അനൂപ് മേനോനും നടൻ ജയസൂര്യയും ചേർന്നൊരുക്കിയ “ട്രിവാണ്ട്രം ലോഡ്ജ് “ എന്ന് ചുരുക്കിപ്പറയാം.

സ്ത്രീ വെറും ഭോഗ ശരീരമെന്നു കരുതുന്ന ഒരുപാട് അന്തേവാസികളുടെ താമസസ്ഥലമായ ഒരു ലോഡ്ജാണ് കഥാപരിസരം. സമ്പന്നനായ ഈ ലോഡ്ജ് ഉടമ രവിശങ്കറാകട്ടെ(അനൂപ് മേനോൻ) അന്തരിച്ച ഭാര്യയുടെ  ‘ഈ ലോഡ്ജ് ഇതേപോലെ നിലർത്തണം’ എന്ന ആഗ്രഹത്തിനു വാക്കു കൊടൂത്തതുകൊണ്ട് ലൈംഗികദാഹികളായ പുരുഷന്മാരെ മാത്രം താമസിപ്പിച്ച് ലോഡ്ജ് നില നിർത്തുകയാണത്രേ. അന്തേവാസികളിൽ മിക്കവരും സ്ത്രീയെന്ന ‘മിത്തിനു’ ചുറ്റും വട്ടമിട്ടു പറക്കുന്നവരാണ്. ആഗ്രഹം തീർക്കുന്നവരും തീർക്കാനിരിക്കുന്നവരും., അവസരം ലഭിക്കാത്തവരുമായി നിരവധി പേർ. ഇതിൽ അബ്ദു (ജയസൂര്യ) ഒരു പേടിത്തൊണ്ടനും സെക്സ് മാനിയാക്കുമാണ്. അവനു അവസരങ്ങൾ ലഭിക്കുന്നില്ല, ലഭിച്ചാലും ഉപയോഗപ്പെടൂത്താൻ പറ്റുന്നില്ല. സെക്സ് കഥകൾ നിറഞ്ഞ കൊച്ചുപുസ്തകങ്ങളാണവന്റെ ലൈംഗിക വിശപ്പ് തീർക്കുന്നത്..അന്തേവാസികൾ ഇങ്ങിനെയെങ്കിൽ ലോഡ്ജിനു പുറത്തുള്ള കഥാപാത്രങ്ങളിലും ഈ കാര്യത്തിൽ മാറ്റമൊന്നുമില്ല.വിവാഹമോചനത്തോടെ കൊച്ചിയിലെത്തി താമസം തേടുന്ന നായികക്ക് മോഹം രണ്ടാണ്. ഒന്ന് കൊച്ചിയെ പശ്ച്ചാത്തലമാക്കി നോവലെഴുതണം, മറ്റൊന്ന് ‘ഒരുത്തന്റെ’ ഒപ്പം ശയിക്കുക, പലരേയും പ്രലോഭിപ്പിക്കുക അങ്ങിനെ അതിന്റെ സുഖം അനുഭവിക്കുക. നായികയെ സഹായിക്കുന്ന കൂട്ടുകരി സെറീന(ദേവി അജിത്)യാകട്ടെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ടെക്കിയേയോ, ഡോക്ടറേയോ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ കിടപ്പറയിൽ, കരിമ്പിൻ കാട്ടിൽ ഇറങ്ങുന്ന ആനയുടെ ശൌര്യം പ്രകടിപ്പിക്കുന്ന മണ്ടനും പണക്കാരനുമായ ഭർത്താവുമൊത്ത് സുഖ ജീവിതം നയിക്കുന്നവളത്രേ! ഇതിനിടയിൽ വരുന്ന സ്ത്രീ കഥാപാത്രമാകട്ടെ കന്യകയെന്ന (തെസ്നി ഖാൻ) ഒരു തെരുവു വേശ്യയും

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക

സോഫ്റ്റ് പോൺ കഥയെ സാങ്കേതികമായി അണിയിച്ചൊരുക്കി സുന്ദരിയാക്കിത്തന്നിരിക്കുന്നു ഈ സിനിമ. സാങ്കേതികമായ ഘടകങ്ങളൊക്കെ മികച്ചതായതുകൊണ്ട് ഈ സിനിമ കൂടുതൽ ആകർഷവും എന്റർടെയ്നറുമാണ്. ഒരു ശരാശരി പ്രേക്ഷകനു വേണ്ട എല്ലാത്തരത്തിലുമുള്ള ആനന്ദവും സംതൃപ്തിയും ഈ സിനിമ തരുന്നുമുണ്ട്. മികച്ച ഛായാഗ്രഹണം, എഡിറ്റിങ്ങ്, പശ്ചാത്തല സംഗീതം, പാട്ടുകൾ അങ്ങിനെ ദൃശ്യ-ശ്രാവ്യ സുഖം കൊണ്ട്  അതി ലൈംഗിക ഭാവനകളടങ്ങിയ സ്ക്രിപ്റ്റിനെ മേൽത്തരം കാഴ്ചയാക്കുന്നുമുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതി കോമഡിയെന്ന ഭാവേന കുത്തിനിറച്ച അശ്ലീലപ്രയോഗങ്ങളാണ്. (തിയ്യറ്ററിൽ കിട്ടുന്ന കയ്യടികൾക്കായി പലതും മനപ്പൂർവ്വം തിരുകിയതാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാവുന്നുമുണ്ട്)  കുട്ടികളേ ഉപയോഗിച്ചുള്ള പ്രണയ രംഗങ്ങളെല്ലാം കല്ലു കടിച്ചു. ഇത്തിരിപ്പോന്ന കുട്ടിയുടെ വായിൽ വലിയവരുടെ ഡയലോഗ് തിരുകുന്ന ഏർപ്പാട് അനൂപ് മേനോനെങ്കിലും ചെയ്യരുത്  ( സ്ക്കൂൾ സ്റ്റുഡന്റായ കാമുകന്റെ പ്രണയാഭ്യർത്ഥനയെ നിഷ്കരുണം തള്ളിക്കളഞ്ഞ് പോകുന്ന കാമുകിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ നോക്കി കാമുകൻ “ ഇല്ല ഇതുകൊണ്ടൊന്നും ഞാനൊരു ദേവദാസ് ആകാൻ പോകുന്നില്ല. ഞാനിനിയും ശ്രമിക്കും”. പോരേ ഡയലോഗ്?!!)

തിരക്കഥാകൃത്ത് അനൂപ് മേനോൻ നടനെന്ന നിലയിൽ ഈ ചിത്രത്തിൽ നല്ല നിലവാരം പുലർത്തുന്നുണ്ട്. അനൂപിന്റെ സംഭാഷണശൈലിയെല്ലാം തികച്ചും സ്വാഭാവികമാർന്നതാണ്. ജയസൂര്യയുടെ അബ്ദു ജയസൂര്യക്ക് കരിയറിൽ ലഭിച്ച നല്ല കഥാപാത്രമെന്നു പറയാം, ശരീര ഭാഷയിലും പെരുമാറ്റത്തിലും ജയസൂര്യ നല്ല മികവു പുലർത്തി. ഹണി റോസ് ഭേദമെന്നേ പറയാനാവു. ഹണിയുടെ പരിമിതി മറികടക്കുന്നത് വിമ്മി മറിയം ജോർജ്ജിന്റെ ഡബ്ബിങ്ങാണ്. ആ ശബ്ദമാണ് ‘ധ്വനി’ എന്ന കഥാപാത്രത്തിന്റെ ജീവൻ. പി. ബാലചന്ദ്രന്റെ കോരസാർ, സൈജു കുറുപ്പിന്റെ ഷിബു വെള്ളായണി, തെസ്നി ഖാന്റെ കന്യക തുടങ്ങിയവരൊക്കെ നല്ല പ്രകടനമായിരുന്നു. ചെറിയ വേഷങ്ങളിൽ വന്ന ഇന്ദ്രൻസ്, നന്ദുലാൽ, ജോജോ മാള, ദേവി അജിത്, അങ്ങിനെ ആരും മോശമാക്കിയുമില്ല. കാസ്റ്റിങ്ങും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തെ ലൈവായി നിർത്തുന്നുണ്ട്.

പ്രദീപ് നായരുടെ ക്യാമറ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയന്റാണ്. വൈകാരികവും കഥാപാത്രങ്ങളൂടെ അടുപ്പമാർന്ന രംഗങ്ങളും ഉള്ള സിനിമക്ക് കൂടൂതലായും ക്ലോസ് അപ്, മീഡിയം ക്ലോസ് അപ് ഷോട്ടുകളിലൂടെയുള്ള ട്രീറ്റ് മെന്റ്, രാത്രി ദൃശ്യങ്ങൾ എന്നിവയൊക്കെയും ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രമേഷ് നാരായണന്റെ എഡിറ്റിങ്ങും കൊള്ളാം. ബാവയുടേ കലാസംവിധാനം വളരെ ഗംഭീരമാണ്. ലോഡ്ജ് വളരെ കൃത്യമായും പഴക്കംനിറഞ്ഞതുമായി നിർമ്മിച്ചിട്ടുണ്ട്. ബിജി ബാലിന്റെ പശ്ച്ചാത്തല സംഗീതവും എം ജയചന്ദ്രന്റെ സംഗീതവും ചിത്രത്തിനു മോടി കൂട്ടുന്നു. സാങ്കേതികമായി ഇങ്ങിനെയൊക്കെ ഉയർന്നു നിൽക്കുന്നുവെങ്കിലും സിനിമക്ക് എടുത്ത് പറയാൻ വലിയ കഥയോ വഴിമാറിയൊഴുകുന്ന കഥാഗതിയോ ഒന്നുമില്ല. നായകൻ രവി ശങ്കറിന്റെ വിശുദ്ധമായ പ്രണയവും ഭാര്യയുടെ മരണത്തിനു ശേഷമുള്ള തികച്ചും സംശുദ്ധമായ സ്വകാര്യ ജീവിതവും അനാവരണം ചെയ്യാൻ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളൊക്കെത്തന്നെ പ്രത്യേക ലൈംഗിക ഭാവനകൾ പേറുന്നവരാണെന്നും ആരുടെ കൂടെ കിടക്കാനും തയ്യാറാണെന്നുമൊക്കെ എഴുത്തിത്തള്ളിയതാണ് ആദ്യ പകുതി. മേമ്പൊടിക്കായി അല്പം നന്മയും ശുഭപര്യവസാനവും.

തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാട് അറിയണമെങ്കിൽ നായിക അവതരിപ്പിക്കുന്ന സീനിൽ നായികയുടെ കൊച്ചിയിലേക്കുള്ള വരവ് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനത്തോടെ / ഭർത്താവിനെ പിരിഞ്ഞതോടെ താൻ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നും, ഇനി എനിക്ക് ഏതെങ്കിലുമൊരു (തറ)ആണിന്റെ കൂടെ കിടക്കണമെന്നും പലരേയുമിങ്ങനെ സെഡ്യൂസ് ചെയ്ത് ആനന്ദിക്കണമെന്നുമൊക്കെ. രവിശങ്കറിന്റെ സ്വകാര്യജീവിതമറിയാൻ (രവിശങ്കറിനെ ഒന്ന് വളക്കാനുമെന്ന് സീനിൽ) അയാളെ സ്വകാര്യമായി കാണുകയും ഒരുമിച്ച് മദ്യപിക്കുകയും (‘ധ്വനീ, ഞാനിപ്പോ നാലു ഡ്രിങ്ക് കഴിച്ചിട്ടുണ്ട്’ എന്ന് രവിശങ്കർ) രണ്ടു ഡ്രിങ്കിനു ശേഷം രവിശങ്കറിനെ തൊട്ടുരുമ്മി ‘ കാഷ്വലായി ഒരു സ്മൂച്ചിൽ തുടങ്ങി രണ്ട് ശരീരം ചേരുന്ന അങ്ങേയറ്റംവരെ പൊയ്ക്കൂടേ?” എന്ന് ധ്വനി ചോദിക്കുന്നുണ്ട്. അതിനു രവിശങ്കറിന്റെ ഫിലോസഫി കലർന്ന മറുപടിയാണ് രസകരം. ഡ്രിങ്കിന്റെ പുറത്തായാലും ഇല്ലെങ്കിലും നിന്നെ എടുത്ത് എന്റെ കിടക്കയിലേക്കിടാൻ എനിക്കും സാ‍ധിക്കും. പക്ഷെ അങ്ങിനെ ചെയ്യാനാണ് എനിക്ക് ബുദ്ധിമുട്ട് (ഭാര്യ മരിച്ചതിനു ശേഷവും അവളുടെ ഓർമ്മകളുമായി ജീവിക്കുകയാണ് നായകൻ) ഭാര്യയുടെ ഓർമ്മകളാന്റെ ജീവൻ. സമൂഹമിതിനെ impotent, ഷണ്ഡത്വം എന്നൊക്കെ വിളിക്കും. പക്ഷെ ഞാനതിനെ വിളിക്കുന്നത് ‘പ്രണയം’ എന്നാണ്. ഈ സീനുകളിൽ വിവാഹമോചിതയായ നായികയുടെ അടങ്ങാത്ത ലൈംഗിക ദാഹവും നായകനായ രവിശങ്കറെ (വിഭാര്യനെങ്കിലും) ജീവിതത്തിലൊരു സ്ത്രീയെന്ന മഹത്വത്തിലേത്തിക്കുകയും ചെയ്യുന്ന അനൂപ് മേനോന്റെ ‘ടിപ്പിക്കൽ മലയാളി അവിവാഹിതന്റെ’ സ്ഥിരം സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെ കാണിച്ചു തരുന്നു. അനൂപ് മേനോന്റെ നായികമാരോരൊന്നും (സ്ത്രീ കഥാപാത്രങ്ങൾ ഓരോന്നും എന്നും പറയാം) ഇങ്ങിനെയൊക്കെത്തന്നെയാണ്, പണത്തിനും ജാരൻ തരുന്ന സുഖത്തിനും വേണ്ടി ശരീരം തളർന്ന നായകനെ വിഷം കൊടുത്തു കൊല്ലുന്ന ബ്യൂട്ടിഫുള്ളിലെ നായിക. ഭർത്താവിന്റെ തെറ്റിനു പൂർണ്ണ മാപ്പു നൽകുകയും, അതേസമയം ഭാര്യയുടെ തെറ്റിനു അവൾ ആജീവനാന്തം ദുരന്തം അനുഭവിക്കുകയും ചെയ്യുന്ന കോക്ക്ടെയിലിലെ നായികമാർ. എക്സിട്രാ. എക്സിട്രാ..

എന്തു തന്നെയായായാലും മലയാളിയുടെ പൊതു താല്പര്യവും ഇഷ്ടവും ഇഷ്ടക്കേടും അനൂപ് മേനോനും വി കെ പ്രകാശിനും നന്നായറിയാം. അതിനെ കൃത്യമായി മാർക്കറ്റ് ചെയ്ത് വിജയം കണ്ടെത്താനാണ് ഈ സിനിമ. അത് കൃത്യമായി ഫലപ്രാപ്തിയിലെത്തുന്നുണ്ട്. ഒരു മലയാളി സ്ത്രീയെ ഏതൊരു ഞരമ്പുരോഗി പുരുഷനും പറയുന്ന തെറി നിറഞ്ഞ സംഭാഷണങ്ങളും നോക്കിക്കാണുന്ന ദൃശ്യങ്ങളുമുള്ള, ഈ സിനിമയുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഏറെ വൈരുദ്ധ്യം. നായികയുടെ ഇഷ്ടഭാഗം ‘കുണ്ടി’ എന്ന് പറയുമ്പോഴും തിരിച്ച് ‘എനിക്കിഷ്ടപ്പെട്ടത് നിന്റെ പല്ലിലെ.....കമ്പി” എന്നു പറയുമ്പോഴും കയ്യടിക്കാനും പൊട്ടിച്ചിരിക്കാനും ഈ പ്രേക്ഷകവിഭാഗവും തിയ്യറ്ററിൽ കൂടെത്തന്നെയുണ്ടായിരുന്നു എന്നിടത്താണ് ഈ സിനിമയുടെ പിന്നണിക്കാർ വിജയം കാണുന്നത്. “സമകാലിക ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു” എന്ന വ്യാജേന സമൂഹത്തിന്റെ ചില പൊതു ബോധവും, സ്ത്രീ ശരീരവും നഗ്നതയും, കൃത്യമായ ചേരുവയിൽ തയ്യാറാക്കി അതിലേക്ക് പുരോഗമനമെന്നും ന്യൂജനറേഷൻ സിനിമയെന്നു തോന്നിക്കാനും, മദ്യപാനം, അവിഹിതം, പരസ്ത്രീ-പുരുഷ ഗമനങ്ങളും, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തെറികളും മേമ്പൊടിയായി കരുതിയ സിനിമാ കോക് ടെയിലാണ് “ട്രിവാണ്ട്രം ലോഡ്ജ്”

വെറുമൊരു എന്റർടെയ്നർ എന്ന നിലയിൽ ഒറ്റക്കിരുന്ന് കാണാനും ആസ്വദിക്കാനും ട്രിവാണ്ട്രം ലോഡ്ജ് തീർച്ചയായും ചേരും. (ഭാര്യയേയും കുട്ടികളേയും കൊണ്ടു പോകേണ്ടവർക്ക് അങ്ങിനേയും ആവാം, പക്ഷെ ഒരു ഗ്യാരണ്ടിയും പറയാനില്ല) പകലിലും ഇരുളിലും ഇരുമുഖമായി ജീവിക്കുന്ന പല മലയാളി പുരുഷന്മാർക്കും തിയ്യറ്ററിലെ ഇരുളിൽ ഏറെ തൃപ്തി തരികയും ചെയ്യും.പക്ഷെ എന്തൊക്കെ നല്ലതെന്ന് പറഞ്ഞാലും സിനിമ കണ്ടിറങ്ങുമ്പോൾ മുകളിൽ വിവരിച്ച അലോസരങ്ങളെ കണ്ടില്ല എന്നു നടിക്കാനാവില്ല.



വാൽക്കഷ്ണം : യുവത്വം കഴിയാറായി നിൽക്കുന്ന അനൂപ് മേനോൻ ഇനിയെങ്കിലും വിവാഹിതനാകണമെന്നും അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ സിനിമാ രംഗവും അദ്ദേഹത്തിന്റെ ആരാധകരും മുൻ കൈ എടുക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. അതിനു താല്പര്യമില്ലായെങ്കിൽ ഇതുമാതിരി തിരക്കഥകളെഴുതാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. അല്ലെങ്കിൽ ‘പെണ്ണെന്നാൽ ആരുടെ കൂടെയെങ്കിലും കിടക്കാൻ കഴപ്പു മൂത്തു നടക്കുകയാണെന്ന’ വിവരക്കേടുകൾ എഴുതി ഇനിയും തിരക്കഥകളൊരുക്കും. പ്ലീസ്, ഇനിയും സഹിക്കാൻ കഴിയാഞ്ഞിട്ടാണ്.

Contributors