സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തോന്നിയത്
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു കഴിഞ്ഞപ്പോൾ ഏതാണ്ട് കഷായം കുടിച്ച അവസ്ഥയായിരുന്നു. ചില ചോദ്യങ്ങളും ചിന്തകളും മാത്രം മനസ്സില്‍ തങ്ങി. ന്യൂ ജെനെറേഷന്‍ സിനിമ എന്ന ലേബല്‍ കിട്ടുവാന്‍ വേണ്ടിയാണോ സെക്സ് ഡയലോഗുകൾ മാത്രം കുത്തി നിറച്ചുള്ള ഈ സിനിമ ..? അത് കഥയ്ക്കും ചിത്രത്തിനും ആവശ്യമാണെങ്കില്‍ അതിനെ അംഗീകരിക്കാമെന്നു വെക്കാം, പക്ഷേ ഇതിൽ അങ്ങിനെ തോന്നിയില്ല. അനൂപ് മേനോന്റെ കഴിഞ്ഞ ചിത്രങ്ങള്‍ വരെ എനിക്കിഷ്ടമായിരുന്നു. അദ്ദേഹത്തില്‍ ഭാവിയിലെ നല്ലൊരു കഥാകൃത്തിനെ കണ്ടിരുന്നു. പക്ഷെ ഇത് വളരെ നിരാശപ്പെടുത്തി എന്ന് പറയാതെ വയ്യ.
പുരുഷ പ്രേക്ഷകരെ തൃപ്തിപ്പെടുത്തും വിധമാണ് ഈ സിനിമയുടെ ആവിഷ്ക്കാരം. പുരുഷന്റെ കണ്ണില്‍ സ്ത്രീ എന്നത് വെറും സെക്സ് / ചരക്ക് മാത്രമാകുന്നത് പ്രേക്ഷകരുടെ കണ്ണിലൂടെ കൃത്യമായും കണ്ടു. തീയറ്ററിലെ ഓരോ കയ്യടികളും കൂക്കി വിളികളും അത് ബോധ്യപ്പെടുത്തിത്തന്നു. ഇത് കാണുന്ന പുരുഷന്മാര്‍ക്കറിയാം അവര്‍ എങ്ങനെ ആണെന്ന്. പക്ഷെ ഇത് കാണുന്ന സ്ത്രീകള്‍ തീര്‍ച്ചയായും നിങ്ങളെ തെറ്റിദ്ധരിച്ചേ മതിയാകൂ എന്ന രീതിയില്‍ ആണ് ഈ സിനിമയെടുതിരിക്കുന്നത് എന്ന് തോന്നി പോകും. പുരുഷന്മാരിലെ ഞരമ്പ് രോഗികളെ തൃപ്തിപ്പെടുത്തുന്ന...ഞരമ്പ് രോഗികളുടെ സിനിമ എന്നതാണ് ഈ സിനിമക്ക് ഏറ്റവും അനുയോജ്യമായ നിര്‍വചനം. "ഇത്രക്കും അരാജകത്വം നിറഞ്ഞതാണോ മലയാളി പുരുഷന്മാരുടെ ജീവിതം ?" എന്ന് തോന്നിക്കുന്ന തരത്തില്‍ ആണ് സിനിമ.
എല്ലാ അശ്ലീലങ്ങളും പറഞ്ഞു അവതരിപ്പിച്ചു കഴിഞ്ഞ ആദ്യ പാതിക്കു ശേഷം നായകന്റെ ഒരു വിശുദ്ധ പ്രണയത്തെ കാണിക്കുമ്പോള്‍ കഥാകൃത്തിനോട് പുച്ഛം തോന്നും. ആ പ്രണയത്തെ വിശുദ്ധമാക്കാന്‍ ഇത്രയും അശ്ലീലം കുത്തി നിറയ്ക്കണമായിരുന്നോ?
കഥയും കഥാപാത്രങ്ങളും
ഒരു ലോഡ്ജിനെ കേന്ദ്രമാക്കി നീങ്ങുന്ന കഥയാണ് ഈ സിനിമ. എല്ലാ കഥാപാത്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ ലോഡ്ജ് ആണ്. ഈ ലോഡ്ജിലെ പുരുഷന്മാരെല്ലാം ജീവിക്കുന്നത് സ്ത്രീയെ ഭോഗിക്കാന്‍ വേണ്ടി മാത്രമാണെന്ന് ബോധ്യപ്പെടുത്തും വിധം അവതരിപ്പിക്കേണ്ടത് ഒരു രീതിയിലും ഈ സിനിമയിലെ കഥയ്ക്ക് ആവശ്യമായിരുന്നു എന്ന് തോന്നുന്നില്ല. ഒരു സ്ത്രീയെ പ്രാപിക്കുക മാത്രമാണ് ജീവിത ലക്ഷ്യമെന്ന് കരുതിയ അബ്ദു, ഒരു സ്ത്രീയെ പ്രാപിക്കാന്‍ കഴിയാതെ , വൈകാരികമായി ശ്വാസം മുട്ടുന്ന ഏതു തലമുറയുടെ പ്രതീകമാണ് ? നായിക പറയുംപോലെ പലപ്പോഴും ഒരു സെക്സ് മാനിയാക്കിന്റെ ഭാവം പ്രകടിപ്പിക്കുന്ന അബ്ദു . സിനിമ അവസാനിക്കുമ്പോഴും ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു . ഒരു പൂര്‍ണ്ണതയില്ലാത്ത കഥാപാത്രം. (ജയസൂര്യ ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് ..ജയസൂര്യയുടെ അഭിനയ ജീവിതത്തില്‍ ഇതൊരു നല്ല കഥാപാത്രമായിരിക്കും.) ആദ്യ പകുതിയില്‍ അബ്ദുവായിരുന്നു നായകനെങ്കില്‍ .. രണ്ടാം പകുതിയില്‍ രവിശങ്കര്‍ ആയി നായകന്‍. ഭര്‍ത്താവിനെ ഉപേക്ഷിച്ചു ജീവിതം ആഘോഷിക്കാന്‍ നാട്ടില്‍ വരുന്ന എഴുത്തുകാരി നായികാ ധ്വനി നമ്പ്യാര്‍ ... (ഹണി റോസ് ) കാമ ശാസ്ത്രത്തില്‍ അവഗാഹമുള്ള; തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപതു സ്ത്രീകളെ പ്രാപിച്ചു എന്നും തന്റെ ആയിരാമത്തെ സ്ത്രീ , യുണിഫോം ഇട്ട വനിതാ പോലീസ് ആവണമെന്ന ആഗ്രഹം പേറി നടക്കുന്ന വൃദ്ധ കഥാപാത്രം കോര സര്‍ ( പി ബാലചന്ദ്രന്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു) അദ്ദേഹത്തോട് ‘ആയിരാമത്തെ സ്ത്രീ ഞാന്‍ ആവുന്നതില്‍ വല്ല കുഴപ്പവുമുണ്ടോ‘ എന്ന് ചോദിക്കുന്ന നായിക മോഡേണ്‍ വനിതയുടെ പ്രതിരൂപമാണെന്ന് വിശ്വസിക്കാന്‍ തക്ക വിഡ്ഢികള്‍ ആണോ പ്രേക്ഷകര്‍ ? പണക്കാരനായ മണ്ടന്‍ ഭര്‍ത്താവാണ് തന്റെ ജീവിത വിജയത്തിന് കാരണം എന്ന് പറയുന്ന നായികയുടെ സുഹൃത്ത് സെറീന ( ഇങ്ങനെ ഉള്ളവര്‍ ബെഡ് ലൈഫില്‍ സക്സസ് ആയിരിക്കും എന്ന് കൂടി പറയുമ്പോള്‍ ) അവള്‍ ചവിട്ടിയരക്കുന്നത് സ്വന്തം സ്ത്രീത്വത്തെ തന്നെയല്ലേ ? ബാലതാരങ്ങളായ മാസ്റര്‍ ധനൻജയ് , ബേബി നയന്‍താര .. നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത് അവരുടെ നിഷ്കളങ്കമായ പ്രണയം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
കുട്ടികളുടെ നിഷ്കളങ്കത നമുക്കില്ലാതെ പോയി എന്ന് പറയുന്ന രണ്ടാം പകുതിയിലെ നായകന്‍. ജീവിതത്തില്‍ ഒരേ ഒരു പെണ്ണിനു മാത്രം മനസും ശരീരവും നല്‍കിയ നായകന്‍ ലോഡ്ജ് ഉടമ രവിശങ്കര്‍ (അനൂപ് മേനോന്‍ - അവന്‍ ഒരു വേശ്യയുടെ മകന്‍ എന്നത് വേറൊരു വിരോധാഭാസം ) തന്റെ ഏക പത്നീ വ്രതത്തെ സംശയ ദൃഷ്ടിയോടെ കണ്ട ധ്വനി എന്ന നായികയോട് രവിശങ്കര്‍ പറയുന്ന കിടിലന്‍ ഡയലോഗ് .. അത് അനൂപ് മേനോന് മാത്രം കഴിയുന്ന സ്ക്രിപ്റ്റ് ആണ്. പക്ഷെ എന്തിനു പറയുന്നു ഇദ്ദേഹം ഒഴിച്ച് ബാക്കിയെല്ലാവരും ഏതെങ്കിലും പെണ്ണിന്റെ പിറകെയാണ് , നായിക ആണിനു പുറകെയും !!
ഗായകന്‍ ജയചന്ദ്രന്റെ പോറ്റി കഥാപാത്രം ഉസ്താദ് ഹോട്ടലിലെ തിലകനെ ഓര്‍മ്മിപ്പിച്ചു. പക്ഷെ ആശയപരമായി ഈ കഥാപാത്രം റിയലിസ്റ്റിക് ആയി പെരുമാറുന്നുണ്ട്.. വേശ്യയായ ഭാര്യയുടെ സ്വത്തുക്കള്‍ തനിക്ക് വേണ്ട എന്ന് പറയുമ്പോഴും വയസ്സ് കാലത്ത് ഭാര്യയും മകനും തന്നെ നോക്കിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അവളുടെ ചില സ്വത്തു പ്രമാണം ഭാര്യയുടെ ഷെല്‍ഫില്‍ നിന്നും അടിച്ചു മാറ്റി സൂക്ഷിക്കുന്ന ആ കഥാപാത്രം ഇന്നത്തെ കാലത്തിന്റെ പ്രതിനിധിയായി തോന്നി. പിന്നെ തൂവാനത്തുമ്പികളിലെ തങ്ങളദ്ദേഹം പഴയകാല സിനിമയിലേക്ക് നമ്മളെ കൊണ്ടെത്തിക്കും. "ബ്യുട്ടിഫുള്‍ "കഥാപാത്രം കന്യകയും അതെ പേരില്‍ ഇവിടെ ശരീരം വിറ്റു ജീവിക്കുന്നുണ്ട് (തെസ്നി ഖാന്‍)ജൂനിയര്‍ ആര്ടിസ്ടുകളെ പ്രലോഭിപ്പിച്ചു കിടപ്പറയില്‍ എത്തിക്കുന്ന സിനിമ വാരിക റിപ്പോര്‍ട്ടര്‍ ഷിബു (സൈജു കുറുപ് )
സത്യത്തില്‍ ഈ സിനിമയില്‍ കഥയില്ല .. കുറെ കഥാപാത്രങ്ങള്‍ മാത്രം.
സാങ്കേതികമായി മികച്ചു നില്‍ക്കുന്നുണ്ട് ഈ സിനിമ. നല്ല ക്യാമറാ വര്‍ക്ക് ആണ് എന്ന് പറയേണ്ടിയിരിക്കുന്നു. പശ്ചാത്തല സംഗീതവും കൊള്ളാം. പാട്ടുകളും നല്ലതാണ്. കാസ്റ്റിങ്ങ് വളരെ നന്നായിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും അത് ചേരുന്നവര്‍ക്ക് തന്നെ നല്‍കി എന്നത് തന്നെ അഭിനയം ബോറടിപ്പിച്ചില്ല എന്നതില്‍ നിന്നും വ്യക്തം.
പ്രേക്ഷകരോട് :-
നിങ്ങള്‍ ഈ സിനിമയെ ഏതു ഗണത്തില്‍ പെടുത്തും എന്നറിയില്ല, പക്ഷെ എനിക്കൊരിക്കലും ഇത്തരം സിനിമകള്‍ കാണണം എന്ന് പറയാനാവില്ല. കഥയോ കാമ്പോ ഇല്ലാതെ സ്ത്രീയെ വില്‍പനച്ചരക്കാക്കി മാത്രം വില്‍ക്കാന്‍ ശ്രമിക്കുന്ന ഇത്തരം സിനിമകള്‍ വിജയിക്കുന്നത് പുരോഗമന സമൂഹത്തിനു ചേരുന്നതാണെന്ന് എനിക്ക് അഭിപ്രായമില്ല.
Relates to
Article Tags
സിനിമ കണ്ടില്ല ... എങ്കിലും
വിവേക് , എനിക്കറിയാവുന്ന
right. yet
cinema ye reality yumayi
ശോ ,ഞാന്‍ വിചാരിച്ചു
ഇത്രയൊക്കെ പറഞ്ഞതുകൊണ്ട്
...യാഥാര്‍ത്ഥ്യത്തില്‍
ഞാന്‍ ഈ സിനിമ ഇന്നലെ ഈ സിനിമ
'thurannu parachil' promotion