റൺ ബേബി റൺ - സിനിമാ റിവ്യൂ

Submitted by nanz on Sat, 09/01/2012 - 10:11

പഴയ സംവിധായകർ പലരും പത്തിമടക്കിയിരിക്കുന്ന ഈ കാലത്ത് പുതിയ ജനറേഷനൊപ്പവും പിടിച്ചു നിൽക്കുന്നൊരു മാസ്റ്റർ ഡയറക്ടറാണ് ജോഷി - എന്നാണ് സിനിമക്കകത്തും പുറത്തും മീഡിയയും നടത്തുന്ന വിശേഷണം. അതിലൊരു സത്യമില്ലാതില്ല. നസീർ യുഗം മുതൽ സംവിധാനം ചെയ്യാൻ തുടങ്ങി കുഞ്ചാക്കോബോബനിലും നിവിൻ പോളിയിലുമെത്തിയിട്ടും ജോഷിയുടെ ജനപ്രിയതക്ക് കുറവൊന്നുമില്ല, മാത്രമല്ല കാലത്തിനനുസരിച്ച് കാലികവിഷയത്തിലേക്കും പുതിയ സാങ്കേതികത്വത്തിലേക്ക് മാറാനും ജോഷിക്ക് കഴിഞ്ഞിട്ടുണ്ട്.  താരങ്ങളുടെ സിനിമക്കപ്പുറം ജോഷിക്കൊരു സിനിമയില്ലെന്ന ആവർത്തിച്ച വിമർശനത്തിലാണ് ജോഷിയും യുവതലമുറക്കൊപ്പം എന്നൊരു സവിശേഷതയോടെ 2011ൽ സെവൻസ് എന്നൊരു യുവതാര ചിത്രം അണിയിച്ചൊരുക്കിയത്. പക്ഷെ, ബോക്സോഫീസിൽ പരാജയപ്പെട്ടു. ജോഷി വീണ്ടും സൂപ്പർ താരത്തിലേക്ക് മടങ്ങി. എങ്കിലും എഴുത്തുകാരനും ക്യാമറാമാനുമടക്കം മൊത്തം ക്രൂവിനെ പുതിയ ശ്രേണിയിൽ നിന്നും പങ്കെടുപ്പിക്കാൻ ജോഷിക്കു മടിയൊന്നുമില്ല. അതുകൊണ്ടുതന്നെയാവണം ജോഷി കൊമേഴ്സ്യൽ സിനിമയിൽ ഇപ്പോഴും വിജയം കൊയ്യുന്ന അപ്ഡേറ്റിങ്ങ് ആയ ഡയറക്ടർ ആയി നിൽക്കുന്നത്.

ഗ്യാലക്സി ഫിലിംസിന്റെ ബാനറിൽ മിലൻ ജലീൽ നിർമ്മിച്ച് ജോഷി സംവിധാനം ചെയ്ത പുതിയ മോഹൻലാൽ ചിത്രം “റൺ ബേബി റൺ” ജോഷിയുടെ സ്ഥിരം പാറ്റേണിലുള്ള ചിത്രം തന്നെയാണ്. ആക്ഷൻ ത്രില്ലർ ജനുസ്സിൽ‌പ്പെട്ട ഈ ചിത്രം ടിവി ചാനൽ മത്സരങ്ങളുടേയും സ്റ്റിങ്ങ് ഓപ്പറേഷന്റേയും കഥ പറയുന്നു. പ്രമേയത്തിനു വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും രണ്ടാം പകുതിയോടേ സിനിമ പറഞ്ഞു പഴകിയ സ്ഥിരം വിഷയത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുണ്ടെങ്കിലും സിനിമക്ക് ചേർത്ത പശ്ചാത്തലം കൊണ്ടും അവതരണ രീതികൊണ്ടും ഒരു ക്ലീൻ എന്റർടെയ്നർ സസ്പെൻസ് ത്രില്ലർ ആയിട്ടുണ്ട്. എന്റർടെയ്ൻ ചെയ്യേണ്ടുന്ന പ്രേക്ഷകനു തികച്ചും സംതൃപ്തി നൽകും.

സിനിമയുടെ തുടക്കത്തിലെ പതിനഞ്ചു മിനുട്ട് അസഹ്യമാണെന്നു പറയാതെ വയ്യ. പല കഥാപാത്രങ്ങളേയും പരിചയപ്പെടുത്തുകയും എസ്റ്റാബ്ലിഷ് ചെയ്യുകയും ചെയ്തൊടുവിൽ മുഖ്യ വിഷയത്തിലേക്ക് വരുന്നതുവരെയുള്ള ഭാഗം സാമാന്യം ബോറടിപ്പിക്കുന്നുണ്ട്. പ്രമേയത്തിൽ ലോജിക്കിനും വിശ്വാസ്യതക്കും വലിയ സ്ഥാനമൊന്നുമില്ലെങ്കിലും സാങ്കേതികതയുടേ സപ്പോർട്ടാണ് സിനിമയെ ഒരു ത്രില്ലർ ആക്കുന്നത്. സച്ചിയുടേ സ്ക്രിപ്റ്റിനേക്കാളും മേൽക്കൈ ജോഷിയുടെ സംവിധാനത്തിനു തന്നെ, ഒപ്പം പ്രമുഖ അഭിനേതാക്കളുടേ മികച്ച പ്രകടനവും.

ചാനൽ പ്രവർത്തകരായ ക്യാമറമാൻ വേണുവും(മോഹൻലാൽ) റിപ്പോർട്ടർ രേണുകയും(അമലാ പോൾ) ഒരു ചാനലിന്റെ സഹായത്തോടെ രാഷ്ട്രീയക്കാരുടേയും ബിസിനസ്സ് ഗ്രൂപ്പുകളുടേയും വഴിവിട്ട ബന്ധങ്ങളും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിനു ജീവൻ പണയംവെച്ചു നടത്തുന്ന സ്റ്റിങ്ങ് ഓപ്പറേഷനാണ് മുഖ്യപ്രമേയം ഒപ്പം വേണുവും രേണുകയും തമ്മിലുള്ള പ്രണയവും തെറ്റിദ്ധാരണയിലുണ്ടാകുന്ന പിണക്കവും. 

കഥാസാരവും മറ്റു വിശദാംശങ്ങളും അറിയുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

തിരക്കഥാദ്വയങ്ങളായിരുന്ന സച്ചിയും സേതുവും വഴിപിരിഞ്ഞു ഒറ്റാക്കൊറ്റക്കാണിപ്പോൾ എഴുത്ത്. സേതു, മല്ലുസിംഗിനു വേണ്ടിയും സച്ചി റൺ ബേബി റണ്ണിനും തിരക്കഥയെഴുതി. ജോഷിയുടെ സ്ഥിരം ചേരുവയായ ഫാമിലി മെലോഡ്രാമയും, കുടുംബകഥകളുടെ കണ്ണീരുമൊന്നും ഈ സ്ക്രിപ്റ്റിലില്ല എന്നതാശ്വാസം. പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലമോ പൂർവ്വകഥയോ അപ്പനപ്പൂപ്പന്മാരുടെ ചരിത്രമോ ഒന്നും പരാമർശിക്കുന്നില്ല.(അതൊരു ന്യൂനതയുമല്ല) ഭരണകൂടവും ബിസിനസ്സ് ഗ്രൂപ്പുകളും ചേർന്നുള്ള അവിഹിത-അവിശുദ്ധ കൂട്ടുകെട്ടിനെ നായകന്റെ ശക്തിയും ബുദ്ധിയും കൊണ്ട് എതിർത്തു തോൽ‌പ്പിക്കുന്ന സ്ഥിരം രാഷ്ട്രീയ മസാല ചിത്രം തന്നെ, ഒപ്പം നായകൻ-നായിക പ്രണയത്തിലെ തെറ്റിദ്ധാരണയും സിനിമക്കവസാനം വരെ (തെറ്റിദ്ധാരണയുടെ)സത്യം വെളിപ്പെടുത്താൻ വയ്യാത്ത നായികയുടെ അവസ്ഥയും! (നായകനെ കണ്ട മാത്രയിൽ സത്യം നേരെയങ്ങ് വെളിപ്പെടുത്തിയാൽ സിനിമയെങ്ങിനെ രണ്ടു രണ്ടര മണിക്കൂർ നീട്ടൂം?!) സാമാന്യ പ്രേക്ഷകനു ദൈനം ദിന ജീവിതത്തിൽ റുട്ടീൻ ആയിട്ടുള്ള ന്യൂസ് ചാനലുകൾ, ടി വി ചാനലുകളുടെ കിടമത്സരം, സ്ക്കൂപ്പ്, എക്സ്ക്ലൂസീവ് എന്നിവയുടെ പശ്ചാത്തലത്തിൽ ഇതൊക്കെയും പുതുമ തോന്നിക്കുന്ന രീതിയിൽ പറയാനായി എന്നതാണ് തിരക്കഥാകൃത്ത് സച്ചിയുടേ നേട്ടം. സ്ക്രിപ്റ്റിലെ പല പാകപ്പിഴകളും സംവിധായകൻ മറികടക്കുന്നുണ്ട്. വലിയ വിശദീകരണങ്ങളില്ലെങ്കിലും വേണുവിന്റേയും രേണുകയുടേയും പ്രണയ നിമിഷങ്ങൾ, സ്റ്റിങ്ങ് ഓപ്പറേഷൻസ്, കഥയിലെ ട്വിസ്റ്റുകൾ എന്നിവയൊക്കെയും രസകരമായും ത്രില്ലിങ്ങായും അണിയിച്ചൊരുക്കാൻ ജോഷിക്കു കഴിഞ്ഞു. ആർ. ഡി രാജശേഖറിന്റെ ഗംഭീരമായ ദൃശ്യങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്സ്. പ്രണയ ദൃശ്യങ്ങളുടേ ചാരുതയും ആക്ഷൻ സ്വീകൻസിന്റെ ചടുലതയും ചിത്രത്തെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. ശ്യാം ശശിധരന്റെ എഡിറ്റിങ്ങിനു ഇതിനേക്കാൾ സാധ്യത ഉണ്ടായിരുന്നുവെന്ന് കരുതുന്നു. എഫക്റ്റുകളുടേ ധാരളിത്തമാണ് ന്യൂനതയായി തോന്നിയത്. രതീഷ് വേഗയുടേ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ട ഒന്നാണ്.

വേണുവായി മോഹൻലാലും രേണുകയായി അമലാ പോളും ഋഷികേശായി ബിജു മേനോനും മികച്ച പ്രകടനങ്ങൾ തന്നെ ചെയ്തു. ബിജുമേനോന്റെ അനായാസമായ കോമഡി, ലാലിന്റെ മെയ്‌വഴക്കം ശ്രദ്ധേയമാണ്. അമലാ പോൾ പലയിടങ്ങളിലും ലാലിന്റെ പ്രകടനത്തിനൊപ്പം നിൽക്കുന്ന മികച്ച പെർഫോർമൻസ് തന്നെ ചെയ്തിട്ടുണ്ട്. സിദ്ധിക്ക്, സായ് കുമാർ എന്നിവർ സ്ഥിരം കത്തിവേഷത്തിലും, വിജയരാഘവൻ, ഷമ്മി തിലകൻ, ബിജു പപ്പൻ എന്നിവർ കോമഡിക്കും സീരിയസ്സിനും ഇടക്കോ ഇതിലുരണ്ടിലുമോ ആണ് എങ്കിലും മോശമാക്കിയിട്ടില്ല. സ്ഥിരം വില്ലൻ-ഗുണ്ടാ വേഷങ്ങളിൽ നിന്നു ബിജു പപ്പൻ മോചിതനാകുന്നു എന്ന സൂചനയും ഈ സിനിമയിൽ കാണാം. (ബിജു പപ്പന്റെ മറ്റൊരു നല്ല വേഷം ‘സിംഹാസന‘ത്തിൽ) കണ്ണീരൊഴുക്കുന്ന ഗുരുവായൂരപ്പ ഭക്തയായ അമ്മയും നായകന്റെയൊപ്പം വെള്ളമടിക്കുന്ന മധ്യതിരുവിതാംകൂർ അച്ചായത്തി അമ്മൂമ്മയുമൊന്നും ഈ സിനിമയിലില്ല എന്നതാശ്വാസം. നടൻ മോഹൻലാൽ നായക വേഷത്തിനു പുറമേ ഒരു ഗാനവും ആലപിക്കുന്നുണ്ട്, പക്ഷേ ലാൽ പാടിയഭിനയിച്ച ആ ഗാനം ചേർക്കാൻ സംവിധായകൻ ഒരുക്കിയ സന്ദർഭം ബോറായെന്നു പറയാതെ വയ്യ. പാട്ടിനു വേണ്ടിയൊരുക്കിയ സിറ്റ്വേഷനായിപ്പോയി. എങ്കിലും ലാൽ ഇതുവരെപാടിയതിൽ സാമാന്യം ഭേദപ്പെട്ട ആലാപനമായി “ആറ്റുവെയിൽ പായയിൽ “ എന്ന ഗാനം. ലാലിനു നല്ലൊരു ഗാനം കൊടുക്കാനായതിൽ സംഗീതസംവിധായകൻ രതീഷ് വേഗക്കും അഭിമാനിക്കാം.

ഓണത്തിനിറങ്ങിയ ഈ സൂപ്പർ താരചിത്രം മങ്ങലേറ്റിരിക്കുന്ന ലാലിന്റെ താരപ്രഭക്ക് മാറ്റു കൂട്ടാം. ഗ്രാൻഡ് മാസ്റ്ററിലേയും സ്പിരിറ്റിലേയും പ്രകടനം മാറ്റി നിർത്തിയാൽ ലാലിന്റെ പ്രതിഭയും ജനസമ്മിതിയും കുറച്ച നിരവധി ചിത്രങ്ങളായിരുന്നു പോയ നാളുകളിൽ ഉണ്ടായിരുന്നത്. അതുകൊണ്ടും കൂടിയായിരിക്കാം ലാലിന്റെ അഭിനയജീവിതത്തിലെ മികച്ച വേഷമല്ലാതിരുന്നിട്ടും ജോഷിയുടെ മികച്ച സിനിമകളിലെ ഒന്നല്ലാതിരിന്നിട്ടും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് “റൺ ബേബി റൺ” കൊമേഴ്സ്യൽ ചാർട്ടിൽ ഒന്നാമതെത്തിയത്.



വാൽക്കഷ്ണം : രണ്ടര - മൂന്നു വർഷം മുൻപ് വരെ മലയാളത്തിൽ മോഡലിങ്ങ് ചെയ്തിരുന്ന അമലാപോളിനു സിനിമാപ്രവേശത്തിനു വഴിയൊരുങ്ങിയിരുന്നില്ല. ‘കുട്ടിത്തം നിറഞ്ഞ മുഖം, പക്വതയില്ലാത്ത മുഖം, പൊക്കക്കുറവ്‘ എന്നിവയായിരുന്നു നായികയാക്കാൻ തീരുമാനിച്ച ചിത്രങ്ങളിൽ നിന്ന് അവരെ ഒഴിവാക്കിയ ഘടകങ്ങൾ. ലാൽ ജോസിന്റെ “നീലത്താമര‘യിൽ നായികവേഷത്തിനു വന്നുവെങ്കിലും ഈ പറഞ്ഞ കാരണം കൊണ്ട് കൊച്ചുവേഷത്തിലൊതുങ്ങി അമലയുടെ റോൾ. അമലക്ക് നായികയായി അവസരമൊരുക്കിയത് തമിഴകം. “മൈന“ സൂപ്പർഹിറ്റാകുകയും, തുടർന്ന് വിക്രമിന്റെ “ദൈവത്തിരുമകനി”ൽ പ്രധാന വേഷവും. അമല നായികയായ മറ്റു തമിഴ് ചിത്രങ്ങൾ വേറെ. മൂന്നു വർഷത്തിനിപ്പുറം അമലാ പോൾ മലയാളത്തിൽ നായികയായി വരുന്നത് അമ്പതുകഴിഞ്ഞ നായകന്റെയൊപ്പം, അതും മലയാളത്തിലെ ഏതൊരു നായികയേക്കാളും ഉയർന്ന പ്രതിഫലത്തിൽ. തമിഴന്റെ അംഗീകാരം കിട്ടിയപ്പോൾ നായികക്ക് കുറവുകളൊന്നുമില്ല!!  ഹെന്റെ മലയാള സിനിമാ വ്യവസായമേ... ഇത്ര കൊണ്ടാലാണ്.... എത്ര അനുഭവിച്ചാലാണ് പ്രതിഭയെ കണ്ടെത്താനും കഴിവിനെ അംഗീകരിക്കാനുമൊക്കെ ഇനി സാധിക്കുക?!

Contributors