‘മാസ്റ്റേഴ്സ്‘ എന്ന പോലീസ് ആക്ഷൻ ചിത്രത്തിനു ശേഷം ജോണി ആന്റണിയുടെ പുതിയ മമ്മൂട്ടി സിനിമ “താപ്പാന” തന്റെ സ്ഥിരം ശൈലിയിലുള്ള കോമഡി ആക്ഷൻ ചിത്രമാണ്. കുറഞ്ഞ പക്ഷം മമ്മൂട്ടിയുടേ ആരാധകരേയും സിനിമയെ ഒരു എന്റർടെയ്നർ ആയി കാണുന്ന കുറേയേറേ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും വിധമാണ് താപ്പാനയും നായകൻ സാംസനും.
കോട്ടയം കുഞ്ഞച്ചന്റെ മക്കളും പേരമക്കളുമായ ‘മറവത്തൂർ‘ ചാണ്ടി, ഫാന്റം പൈലി, മായാവി, തൊപ്രാംകുടി മൈക്ക് അങ്ങിനെ മമ്മൂട്ടി കെട്ടിയാടിയ നിരവധി വേഷങ്ങളുടെ കൂട്ടിക്കുഴച്ച രൂപമോ തുടർച്ചയോ ആണ് താപ്പാനയിലെ സാംസൺ. പ്രാദേശിക ഭാഷ സംസാരിക്കുന്ന നായകനിൽ നിന്ന് മാറി ഇതിൽ ഇടക്ക് (മാത്രം) കൊഞ്ഞപ്പോടെ സംഭാഷണം പറയുന്ന നായകൻ, ഗ്രാമീണനും വിഭ്യാഭ്യാസമില്ലാത്തവനെങ്കിലും ഒടുക്കത്തെ കുശാഗ്ര ബുദ്ധിയും മെയ് കരുത്തും, സഹാനുഭൂതിയും. ‘മായാവി’ സിനിമയിലെ കഥാസന്ദർഭം പോലെ, അപരിചിതമായൊരു ഗ്രാമത്തിലെത്തുകയും നായികയുടെ സംരക്ഷകനാകുകയും അവളെ മൌനമായി പ്രണയിക്കുകയുമൊക്കെ ചെയ്യുന്നു. നായികക്കും നന്മ നിറഞ്ഞ നാട്ടുകാർക്കും വേണ്ടി ഗ്രാമത്തിലെ വില്ലന്മാരെ അടിച്ചു നിലം പരിശാക്കുന്നു.
സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക
ജോണി ആന്റണിയുടെ സിനിമാ കരിയറിൽ എടുത്തുപറയാവുന്നൊരു സിനിമ ‘മാസ്റ്റേഴ്സ്’ മാത്രമാണ്. മറ്റു ചിത്രങ്ങൾ പലതും സൂപ്പർ ഹിറ്റുകളായിട്ടുണ്ടെങ്കിലും വെറും കോമാളിക്കളികൾ മാത്രമായിരുന്നു. മാസ്റ്റേഴ്സ് എന്നൊരു സിനിമയോടെ ജോണി ആന്റണിയും പുതു രീതികളിലേക്ക് മാറിയോ എന്ന് സംശയിച്ചിരുന്നുവെങ്കിലും താപ്പാന പക്ഷെ, അങ്ങിനൊരു സംശയം വെറുതെയായിരുന്നു എന്ന് തിരുത്തി. പുതുമകളില്ലാത്തതും പ്രവചനീയവുമായ കഥ, ഏറെ കണ്ടു പരിചയിച്ച നായക വേഷം. എങ്കിലും ചിത്രത്തിന്റെ ആദ്യ പകുതിയും പ്രത്യേകിച്ച് തുടക്കത്തിലെ കുറച്ച് സംഭവ ഗതികളും അതിലെ കോമഡികളും പ്രേക്ഷകനെ രസിപ്പിക്കുന്നതാണ്. രണ്ടാം പകുതിയാകട്ടെ ഏറെ കണ്ടു മടുത്തതും. ഒരു റോഡ് മൂവിയുടേ സ്വഭാവമെന്നപോലെ യാത്രയും യാത്രക്കിടയിലെ കഥപറച്ചിലും ഗതി വിഗതികളുമൊക്കെ രസകരമായി പറഞ്ഞുവെക്കാനായെങ്കിലും നായകന്റെ ഹീറോയിസം കാത്തു സൂക്ഷിക്കാൻ വേണ്ടി പോലീസ്, നായകനു മുന്നിൽ പഞ്ചപുശ്ചമടക്കി നിൽക്കുന്നതും നായകനെ പോലീസ് സ്റ്റേഷനിൽ സൽക്കരിക്കുന്നതും (അതു നിരവധി തവണ ജയിൽ ശിക്ഷ കഴിഞ്ഞ മോഷ്ടാവിനെ!!) നായികയെ കണ്ട മാത്രയിൽ പ്രേമം പൊട്ടിമുളക്കുന്നതും വില്ലന്മാരിലൊരാളെ മാനസാന്തരപ്പെടുത്തുന്നതുമൊക്കെ ദഹിക്കാനാവാത്ത സംഗതികളാണ്.
പ്രൊഫഷണൽ നാടക രചനാ രംഗത്തുനിന്ന് സിനിമാ തിരക്കഥാരംഗത്തെത്തിയ എം സിന്ധുരാജാണ് തിരക്കഥാകൃത്ത്, കരിയറിൽ മെച്ചപ്പെട്ടൊരു തിരക്കഥ സിന്ധുരാജ് രചിച്ചിട്ടില്ലെന്നു പറയാം. തൊട്ടുമുൻപെഴുതിയ ‘എത്സമ്മ എന്ന ആൺകുട്ടി’ അതിനു മുൻപത്തെ ‘മുല്ല’യുമൊക്കെ അതിനുദാഹരണങ്ങളാണ്. പുതിയ രചന താപ്പാനയും തഥൈവ!. പഴയ ചില വിജയചിത്രങ്ങളുടെ കഥാസന്ദർഭങ്ങൾ പേരും സ്ഥലവും മാറിയെന്നതൊഴിച്ചാൽ മറ്റു വ്യത്യാസങ്ങളൊന്നുമില്ലാതെ ആവർത്തിക്കുന്നു. രാജരത്നത്തിന്റെ ക്യാമറയും രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും ചിത്രത്തെ മികവുറ്റതാക്കിയിട്ടുണ്ട്. എങ്കിലും വാഹനത്തിനകത്തിരുന്ന് യാത്ര ചെയ്യുന്ന ചില ദൃശ്യങ്ങളുടെ നിലവാരമില്ലായ്മ,( ക്രോമ ഉപയോഗിച്ച് ചെയ്തതിന്റെ പോരായ്മകൾ ) ചിലയിടങ്ങളിൽ മാറ്റു കുറക്കുന്നുണ്ട്. വിദ്യാസാഗറിന്റെ പശ്ചാത്തലസംഗീതവും ഈണം പകർന്ന ഒരു ഗാനവും കൊള്ളാം. “ഊരും പേരും പറയാതെ..” എന്ന ഗാനത്തിനു ദിനേഷ് ചെയ്ത കൊറിയോഗ്രാഫി തമിഴ് സിനിമാഗാന ദൃശ്യങ്ങളുടെ തനി പകർപ്പ് ആണെങ്കിലും ഗാനരംഗത്തെ രസകരമാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മാഫിയ ശശിയുടെ സംഘട്ടനം പക്ഷെ രാമാനന്ദ് സാഗറിന്റെ രാമായണത്തിലെ ഹനുമാന്റെ യുദ്ധരംഗത്തെ ഓർമ്മിപ്പിച്ചു!.ഒറ്റകൈകൊണ്ട് ഗുണ്ടകളുടെ കാലിൽ പിടിച്ച് കറക്കിയെറിയുന്നതും ഒറ്റയിടിക്ക് കിലോമീറ്ററോളം പറന്നു പോകുന്നതുമായ അമാനുഷിക സംഘട്ടന രംഗങ്ങളാണ്.
മമ്മൂട്ടിയുടെ സാംസൺ മറ്റൊരു മായാവിയോ ചാണ്ടിയോ കുഞ്ഞച്ചനോ തന്നെയാണ്. മമ്മൂട്ടിക്ക് അഭിനയിച്ചു ഫലിപ്പിക്കുവാൻ മാത്രമൊന്നും സാംസനിലില്ല. മല്ലികയെ ചാർമി ഭേദപ്പെട്ട രീതിയിൽ അവതരിപ്പിച്ചു. എടുത്തു പറയേണ്ടുന്ന പെർഫോർമൻസ് വില്ലൻ കന്നു കുട്ടനായി അഭിനയിച്ച മുരളി ഗോപിയുടേതാണ്. അധികം അട്ടഹാസങ്ങളോ നെടുങ്കൻ ഡയലോഗുകളോ ഇല്ലാത്ത രീതിയിൽ വില്ലനെ മുരളി ഗോപി നന്നായി പ്രതിഫലിച്ചു. മലയാള സിനിമയിൽ നായകൻ ആരായാലും ശിങ്കിടിയായി ഏതെങ്കിലും കോമഡി നടൻ വേണമല്ലോ!, താപ്പനയിൽ ആ ഭാഗ്യം കലാഭവൻ ഷാജോണാണ് കിട്ടിയിരിക്കുന്നത്. ട്രാഫിക് പോലീസായും ലോക്കൽ പോലീസുകാരനായും അഭിനയിച്ചു മടുത്ത ഷാജോണ് ഇനിയെങ്കിലും മികച്ച വേഷങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കാം. കുറേ നാളത്തെ ഇടവേളക്ക് ശേഷം മാള അരവിന്ദനേയും ഈ സിനിമയിൽ കാണാൻ സാധിച്ചു. കേശവനായി മാള അരവിന്ദൻ ചെറിയ വേഷമാണെങ്കിലും മോശമാക്കിയില്ല. ചെറിയ വേഷങ്ങളിൽ ഒതുങ്ങിയിരുന്ന മണികണ്ഠൻ പട്ടാമ്പി പഞ്ചായത്ത് മെമ്പർ സി പിയായി അത്ര ചെറുതല്ലാത്ത വേഷത്തിൽ സ്വതസിദ്ധമായ സ്വാഭാവിക പ്രകടനം നടത്തി. വിജയരാഘവനും സുരേഷ് കൃഷ്ണയും പക്ഷെ അരോചകമായി.
ജോണി ആന്റണിയിൽ നിന്ന് കൂടുതലൊന്നും നമ്മൾ പ്രേക്ഷകർ പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ താപ്പാന പുതുമകളൊന്നും പറയുന്നില്ലെങ്കിലും കാണിക്കുന്നില്ലെങ്കിലും താരത്തിന്റെ ആരാധകരേയും ഉത്സവ സമയത്ത് തിയ്യറ്ററിലെത്തുന്ന ചില പ്രേക്ഷകരേയും തൃപ്തിപ്പെടുത്താൻ പോന്നതാണ്. (കൂടുതലൊന്നും ആലോചിക്കാതെ സിനിമ കണ്ടു മടങ്ങുന്നവർക്ക്). എന്നാലും ചിത്രം വിജയമോ പരാജയമോ ആയാലും നായകൻ മമ്മൂട്ടി ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഇനിയും ഇത്തരം സിനിമകൾക്കും കഥാപാത്രങ്ങൾക്കും വേണ്ടി തന്റെ സിനിമാ ജീവിതത്തിന്റെ ഈ നാളുകളിലെങ്കിലും ഇനിയും തലവെച്ചു കൊടുക്കേണ്ടതുണ്ടോ എന്ന്.
Relates to
Article Tags
Contributors
അത്രയൊക്കേ പ്രേക്ഷകർക്കും വേണ്ടൂ....
ജോണി ആന്റണിയുടെ സിനിമാ