താരനിർമ്മിതിയുടെ റെസിപ്പി കൃത്യമായറിയാവുന്ന സംവിധായകൻ രഞ്ജിത്തും അത്തരം വിഗ്രഹനിർമ്മാണങ്ങളുടെ ആറാം തമ്പുരാൻ മോഹൻലാലും ഒരുമിച്ച സ്പിരിറ്റ് ഒരു ഉപദേശാഖ്യാനമാണ്. അതുകൊണ്ടാവണം, വയലാർ രവി പോലെ സമുന്നതരാഷ്ട്രീയനേതാക്കൾ വരെ ഈ പടം ദൂരദർശൻ പ്രദർശിപ്പിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കണം എന്നു പറഞ്ഞത്. കേരളജനസാമാന്യത്തിന് എളുപ്പം സംവദിയ്ക്കാവുന്ന, 'മദ്യപാനം ആരോഗ്യത്തിന് ( മാനസികമായും ശാരീരികമായും) ഹാനികരം' എന്ന സന്ദേശമാവണം രാഷ്ടീയക്കാർക്കു കൂടി ഈ പടത്തിന്റെ മഹത്വം ബോദ്ധ്യപ്പെടാനുള്ള കാരണം. കേരളത്തിലെ രാഷ്ട്രീയക്കാർ മദ്യവിമുക്തരും ബിവറേജസ് കോർപ്പറേഷന്റെ ലാഭവിഹിതം പറ്റാതെ ഭരണനിർവ്വഹണം സാദ്ധ്യമാക്കുന്നവരും സർവ്വോപരി ജനസാമാന്യത്തിന്റെ ശാരീരിക - മാനസികാരോഗ്യത്തിലും മദ്യവിമുക്തിയിലും ജാഗരൂകരാണെന്നതു പ്രസിദ്ധമാണല്ലോ :))
പ്രത്യേകിച്ചുദ്ദേശമൊന്നുമില്ലാത്ത 'സൂപ്പർമാൻവിഗ്രഹനിർമ്മാണം' എന്ന കലാപരിപാടി മലയാളസിനിമയിലും ഒരു എടുക്കാച്ചരക്കായി മാറിക്കൊണ്ടിരിയ്ക്കുന്നു. ചെറുപ്പക്കാരുടെ ചലച്ചിത്രങ്ങൾ കണ്ടും അതിനേപ്പറ്റി നിരന്തരം കാനോനീകരിച്ചു പ്രസംഗിച്ചും നടക്കുന്ന രഞ്ജിത്തിന് അതു ബോദ്ധ്യമായിട്ടുണ്ട്. ദേവാസുരം മുതൽ നരസിംഹം വരെ താനിറക്കിയ എല്ലാ തുരുപ്പുചീട്ടുകളും ഇന്നിറക്കിയാൽ മിക്കവാറും ഇസ്പേഡ് ഏഴാംകൂലികളായി ജനങ്ങൾ തള്ളിക്കളയും എന്നും മനസ്സിലായിട്ടുണ്ട്. അപ്പോൾ ചെറുപ്പക്കാർക്കൊപ്പം ചേർന്ന് ' ഇതാ, ന്യൂവേവ് മലയാളത്തിൽ സംഭവിയ്ക്കുന്നു' എന്നൊക്കെ അതിവൈകാരിക പ്രസ്താവനകളിറക്കാനും രഞ്ജിത്ത് മറക്കാറില്ല. പ്രാഞ്ച്യേട്ടനേപ്പോലെ ചില കൂടുമാറ്റശ്രമങ്ങളും നടത്തിനോക്കി. എന്നാൽ അതിവൈകാരികവും ഉപരിപ്ലവവുമായ താരനിർമ്മാണനാടകങ്ങളിൽ നിന്ന് രക്ഷപ്പെടാനാവാത്ത രഞ്ജിത്തിന്റെ ആന്തരവ്യക്തിത്വം പ്രകാശിപ്പിക്കുന്ന സിനിമയാണ് സ്പിരിറ്റ്. നായകപാത്രത്തെ പരിചയപ്പെട്ടാൽ സംഗതി വ്യക്തമാകും.
യു കെ യിൽ കുറേക്കാലം ബാങ്കുദ്യോഗസ്ഥനായി, അതു മടുത്തപ്പോൾ പത്രപ്രവർത്തനം നടത്തി, അതും മടുത്തപ്പോൾ ഒരു ഉപരിവർഗഫ്ലാറ്റിൽ വെറുതേ താമസിച്ച് പിന്നെയും തീരാത്ത മടുപ്പ് മാറ്റാൻ ഒരു നോവലെഴുതിക്കൊണ്ടിരിക്കുന്ന ഒരു 'miserable narcissist' ആണ് മോഹൻലാൽ അവതരിപ്പിക്കുന്ന രഘുനന്ദനൻ എന്ന കഥാപാത്രം. ഇതൊന്നും പോരാത്തതിനു പുള്ളിക്കാരന് അഞ്ചു വിദേശഭാഷകളും അറിയാം. ദിവസം പതിനാലു പെഗ്ഗ് വരെ അകത്താക്കുന്ന മദ്യപാനകലാകാരനും ആണ് അയാൾ. ' ഷോ ദ സ്പിരിറ്റ്' എന്ന ഒരു തീപ്പൊരി ടി വി ഷോ ഉണ്ട് ചങ്ങാതിയ്ക്ക് ; കാശൊന്നും വാങ്ങാറില്ല കെട്ടോ, ജസ്റ്റ് ഫോർ ടൈംപാസ്. പരിപാടിയിൽ വരുന്നവരെ ഇരുത്തി മധുരമനോഹരമനോജ്ഞഭാഷയിൽ നിർത്താതെ കലപിലാ പറയും, രഘുനന്ദനൻ. കോഴിയ്ക്കു വെള്ളം കൊടുത്തു കഴുത്തറക്കും പോലെ, ആദ്യം പ്രശംസകൾ, പിന്നെ പീരിങ്കിയുണ്ടകൾ എന്നതാണു ലൈൻ. ഭാര്യയെ വിരഹവേദന അഭിനയിച്ചു യോഗാക്ലാസിനു യാത്രയാക്കി, പോണപോക്കിൽ പിന്നിൽ നിന്നു ചൂളംവിളിച്ചു സന്തോഷിച്ച് ഒളിസേവയ്ക്കൊരുങ്ങുന്ന അയൽക്കാരൻ കേണലിനു 'പ്രതിരോധചർമ്മം' വാങ്ങിക്കൊടുക്കാനും ആശംസകൾ നേരാനും രഘുനന്ദനനു മടിയില്ല. വീട്ടിൽ ഒരു മിനിബാർ തന്നെ സ്വന്തമായുണ്ട് മൂപ്പർക്ക്, രാവിലെ കട്ടൻകാപ്പിയും കള്ളൊഴിച്ചേ കുടിയ്ക്കൂ. ഉള്ളിലെ സ്പിരിറ്റെല്ലാം കൂടി കത്തിപ്പിടിച്ചാലോ എന്നു കരുതിയാവണം, തീ പേടിയാണ്. വിശ്വസാഹിത്യമെല്ലാം വായിച്ചു കഴിഞ്ഞു എന്നാണു ധാർഷ്ട്യം. ഇനി ഒരു വിരുന്നിനു പാടാൻ തീരുമാനിച്ചാൽ, ശ്രുതിശുദ്ധമായി പാടാനും അറിയാം.
പരമ്പരാഗതലൈനിൽ, സർവ്വഗുണസമ്പന്നനും ധീരോദാത്തലളിതനും ആയ നായകവിഗ്രഹമല്ലല്ലോ ഇത് എന്നു തോന്നിയില്ലേ? അതാണീ വിഗ്രഹനിർമ്മാണത്തിന്റെ വാസ്തുകല. ചന്ദ്രബിംബത്തിൽ കളങ്കമെന്ന പോലെ, ചില കൈക്കുറ്റപ്പാടുകൾ നായകവിഗ്രഹത്തിൽ വേണം. അതിലേറ്റവും നല്ല ഒന്ന് മദ്യമാണ്, മറ്റൊന്ന് ഒളിസേവയും. ചൂതാട്ടങ്ങളിലെ രാജാവായ ചീട്ടുകളികളിലൊന്നിന്റെ പേരിട്ട് ഇറങ്ങിയ 'മങ്കാത്ത' എന്ന സിനിമയാണ് കഴിഞ്ഞവർഷം കേരളത്തിൽ കൂടി തകർത്തോടിയ തമിഴ് മെഗാഹിറ്റ് എന്നോർക്കുക. പ്രതിനായകത്വത്തെ ആ പടം മഹത്വീകരിയ്ക്കുന്നു ; മദ്യപാനവും അതിനൊപ്പം വരുന്ന ഓർമ്മപോലുമില്ലാത്ത അഗമ്യഗമനങ്ങളും ആഘോഷിയ്ക്കപ്പെടുന്നു. നായകന്റെ പതിവുവാർപ്പുകളിൽ പ്രധാനമായ നന്മയുടെ ബൃഹദാഖ്യാനം എന്നത് ഇപ്പോൾ എടുക്കാച്ചരക്കായി മാറിക്കൊണ്ടിരിയ്ക്കുന്നു. അതുകൊണ്ടുതന്നെ രഘുനന്ദനന്റെ നെഗറ്റീവ്സ് കൂടി ഒരാഘോഷസാദ്ധ്യതയാണ്. മദ്യപാനാഭിനയത്തിന്റെ മോഹൻലാൽ മാനറിസങ്ങളെല്ലാം കയ്യടിയോടെ ജനം സ്വീകരിയ്ക്കുമെന്നറിഞ്ഞു നടത്താവുന്ന ഒരു ലളിതമായ സാദ്ധ്യത. രഞ്ജിത്ത് ആദ്യപകുതി നിറയേ ആ സാദ്ധ്യത ഉപയോഗിയ്ക്കുന്നുമുണ്ട്.
മോഹൻലാലിനേയും കടന്നു നിൽക്കുന്ന മദ്യമാണ് യഥാർത്ഥത്തിൽ ഈ പടത്തിലെ നായകൻ. പരിഹരിയ്ക്കാനാവാത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം പിരിഞ്ഞുപോയ ഭാര്യയും അവളുടെ പുതിയ ഭർത്താവുമാണ് നായകന്റെ ഏറ്റവുമടുത്ത കൂട്ടുകാർ. സ്വയം കൈവിട്ടുകളഞ്ഞ കുടുംബജീവിതം സുഹൃത്തുക്കളിൽ പൂത്തുലയുന്നത് കണ്ടു കുടിച്ചുമദിയ്ക്കുകയാണ് രഘുനന്ദനന്റെ പരിപാടി. ഓരോ സന്തോഷാവസരങ്ങളിലും തന്റെ പൂർവ്വഭാര്യാകുടുംബം നടത്തുന്ന സൽക്കാരങ്ങളിൽ പങ്കെടുക്കുകയും അടിപിടിയുണ്ടാക്കി ബോറാക്കുകയും 'fucking night' എന്ന പ്രസ്താവത്തോടെ ഇറങ്ങിപ്പോവുകയും ചെയ്യുന്നു അയാൾ. വാചാടോപം അയാളുടെ മുഖമുദ്രയാണ്. ഒരു പ്രണയകവിതയുടെ അന്ത്യത്തിലും അയാൾക്കു നായികയോട് പറയാനുള്ളത് "ഞാൻ മദ്യപിച്ചിരുന്നെങ്കിൽ ഇപ്പോൾ നിന്നെ ബലാൽസംഗം ചെയ്തേനേ" എന്നാണ്. ( കൂട്ടത്തിൽ പറയട്ടെ, എല്ലാ പാട്ട്/കവിതകളും ഒന്നിനൊന്നു ബോറായിട്ടുണ്ട്. )
'ഷോ ദ സ്പിരിറ്റ്' എന്ന രഘുനന്ദനന്റെ പൈങ്കിളിഷോ ഒരുതവണ അഭിമുഖീകരിയ്ക്കുന്നത് ഒരു പോലീസുദ്യോഗസ്ഥയെ ആണ്. ഷോപ്പിങ്ങ് മാളിൽ 'ചരക്കു'കളുടെ മേൽ മുട്ടി സുഹൃത്തിനേക്കൊണ്ട് വീഡിയോയിൽ പകർത്തിയ പയ്യനെ പട്ടിയെ തല്ലും പോലെ തല്ലിച്ചതച്ച ധീരകൃത്യമാണ് ലെന അവതരിപ്പിക്കുന്ന പ്രസ്തുത ഉദ്യോഗസ്ഥയുടെ ആദ്യ സീൻ. രഘുനന്ദനൻ പതിവുപോലെ, കോഴിയ്ക്ക് ആദ്യം വെള്ളം കൊടുക്കുന്നു, തൃശ്ശൂരുകാരിയായിട്ടും തൃശ്ശൂർ ഭാഷയില്ലല്ലോ എന്ന് വിസ്മയം കൊള്ളുന്നു, പിന്നെ കോഴിയുടെ കഴുത്തറുക്കുന്നു. സ്വന്തം നാടിന്റെ ഭാഷ പോലും മറന്ന നിങ്ങൾ ചെയ്ത ധീരകൃത്യം അപമാനകരമാണെന്നു സ്ഥാപിയ്ക്കുന്നു. കാര്യത്തെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ, കാരണങ്ങളെ അവഗണിയ്ക്കുന്നു എന്നു വിമർശിയ്ക്കുന്നു. എന്നാൽ അന്നു രാത്രി തന്നെ മദ്യപിച്ചു ഡ്രൈവ് ചെയ്തതിനു പിടിക്കപ്പെടന്ന രഘുനന്ദനൻ, തന്റെ വാദങ്ങളുടെ ഈ അപ്രതീക്ഷിത ക്ലൈമാക്സിൽ കോമാളിയാക്കപ്പെടുന്നു. ചുരുക്കത്തിൽ, കാരണം നോക്കാതെ കാര്യത്തെ തല്ലിച്ചതച്ച പോലീസുദ്യോഗസ്ഥയുടെ പ്രവൃത്തി നീതീകരിക്കപ്പെടുന്നു. ഈ നീതീകരണത്തിന്റെ അപരഭാഗമാണ് നന്ദു അവതരിപ്പിക്കുന്ന പ്ലംബർ മണിയന്റെ മദ്യജീവിതം ചിത്രീകരിയ്ക്കുന്ന രണ്ടാം പകുതിയിലെ രഘുനന്ദനൻ.
ടിപ്പിക്കൽ കവിയുടെ താടിയും ജീൻസും അനാർക്കിസവും ചേർന്ന, സമീറിന്റെ ചോരഛർദ്ദിച്ചുള്ള മരണം മുന്നിൽ കണ്ട രഘുനന്ദനനു സംഭവിയ്ക്കുന്ന മദ്യവിമുക്തനന്മയിലേക്കുള്ള പ്രയാണം ആണു ചിത്രത്തിന്റെ രണ്ടാം പകുതി. മദ്യത്തിൽ നിന്നു വിമുക്തനാകുന്നതോടെ, 'കോൺസ്റ്റബിൾ' ആയിരുന്ന അച്ഛൻ പറഞ്ഞുതന്ന പ്രാക്ടിക്കൽ പാഠങ്ങൾ ആണു ഫലപ്രദം എന്ന പോലീസുദ്യോഗസ്ഥയുടെ നിലപാട് രഘുനന്ദനനു മനസ്സിലാവുന്നു. അതോടെ ആ പോലീസുദ്യോഗസ്ഥയേപ്പോലെ അയാളും കാരണങ്ങളെ വിട്ട് കാര്യങ്ങൾക്കു പുറകേ പോകുന്നു. കോടികളുടെ ആദായം കൊയ്തുനടക്കുന്ന മദ്യവ്യവസായത്തിന്റെ അകത്തളങ്ങൾ അല്ല, അധോവർഗ്ഗജീവിതം നയിക്കുന്ന മണിയന്റെ 'പ്ലംബിങ്ങ് + ഡ്രിങ്കിങ്ങ് 'ജീവിതമാണ് രഘുനന്ദനനു ചിത്രീകരണയോഗ്യമായി തോന്നുന്നത്. അതോടെ മലയാളിമദ്ധ്യവർഗത്തിനു സ്ഥിരം ഹിപ്പോക്രസിയ്ക്ക്, സിനിമയിലും കലയിലും ആൾക്കൂട്ടത്തിലും നടത്തുന്ന സദാചാരബോധപ്രകടനത്തിന് അരങ്ങൊരുങ്ങുകയായി. ഭാര്യയേയും കുട്ടികളേയും ക്രൂരമായി തല്ലുന്ന മണിയന്റെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയ രഘുനന്ദനന്റെ 'കാര്യചികിൽസ' കണ്ട് ആവേശം കൊള്ളാം.
മദ്യപാനസമൂഹത്തിന്റെ 'സ്പെസിമെൻ' ആയി മണിയനെ തിരഞ്ഞെടുത്തപ്പോൾ അവിടെ മലയാളിപ്രേക്ഷകനും വയലാർ രവിയ്ക്കും സമരസപ്പെടാവുന്ന ഒരു സ്ഥലം ഉണ്ട്. 'മദ്യവിൽപ്പന മുറപോലെ നടക്കും, പൊതുജനങ്ങളേ നിങ്ങൾ നന്നാവൂ' എന്ന പരുക്കില്ലാത്ത നിലപാട്. നന്നായിക്കഴിഞ്ഞാൽ കുട്ടികളെ ചോയ്സ് സ്കൂളിൽ ( പാവപ്പെട്ട കുട്ട്യോൾ പഠിയ്ക്കുന്ന സ്കൂൾ വഷളാണെന്നു ധ്വനി ) ചേർക്കാൻ ആളുണ്ടാകുന്നു. റീഹാബിലിറ്റേഷൻ ക്ലിനിക്കിൽ മീശപോയി നന്നായ നന്ദുവിന്റെ ഷോട്ട് കാര്യത്തെ ചികിൽസിയ്ക്കുന്ന രഘുനന്ദനന്റെ മാർഗത്തെ സാധൂകരിയ്ക്കുന്നു.
wine is bottled poetry എന്ന വാചകം വാതിൽപ്പുറത്തു നിന്ന് മായ്ച്ചുകളഞ്ഞ് സാരോപദേശമാർഗത്തിലൂടെ സഞ്ചരിയ്ക്കുന്ന രഘുനന്ദനന്റെ പരിണാമം 'ഒരിയ്ക്കലും പൂർത്തീകരിയ്ക്കപ്പെടാത്ത' ഒരു നോവലിന്റെ പശ്ചാത്തലത്തിലാണ്. പ്രസ്തുതനോവലിന്റെ കാര്യം ആദ്യസീനിൽ തന്നെ പറഞ്ഞവസാനിപ്പിയ്ക്കുന്നു, രഞ്ജിത്ത്. നോവലിനേക്കാളും മധുരോദാരമായ, രഘുനന്ദനന്റെ തന്നെ ഭാഷയിൽ " ഏറ്റവും ഉന്മാദകാരിയായ ലഹരിയായ സ്നേഹം" നിറയുന്ന, തന്റെ മകനോടൊപ്പമുള്ള ജീവിതത്തിലേക്ക് രഘുനന്ദനൻ പ്രവേശിയ്ക്കുന്നു. സന്തോഷത്തോടെ തീയറ്റർ വിട്ടിറങ്ങുന്ന ജനക്കൂട്ടം പലവട്ടം മോഹൻലാൽ ഈ പടത്തിൽ ആവർത്തിച്ചുപറയുന്ന 'Fucking night' ആഘോഷിയ്ക്കാനായി ബാറുകളിലേക്കും ബിവറേജസ് ഷോപ്പുകളിലേയ്ക്കും വേർപിരിയുന്നു.
അത് സംഭവം ജോറായിട്ടോ......
ഈ ലേഖനം വായിച്ചപ്പോള് ആദ്യം
ദീപക്കിനോട് -