തൽസമയം ഒരു പെൺകുട്ടി-സിനിമാറിവ്യു

Submitted by nanz on Tue, 03/06/2012 - 11:41

1989 ൽ “ചാണക്യൻ“ എന്ന സിനിമയോടെ മലയാള സിനിമയിൽ സംവിധായകനായി ഉദയം കുറിച്ച ടി കെ രാജീവ് കുമാർ 2011ലെ “രതിനിർവ്വേദം“ റീമേക്കിനുശേഷം സംവിധാനം ചെയ്ത ചിത്രമാണ് റീൽ 2 റീൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി ജോസഫും മാനുവൽ ജോർജ്ജും തിരക്കഥയെഴുതിയ “തത്സമയം ഒരു പെൺകുട്ടി” പേരു പോലെ തന്നെ ഒരു ചാനൽ റിയാലിറ്റി ഷോയെ മുൻ നിർത്തിയുള്ള സമ്പൂർണ്ണ സിനിമയാണിത്. ഒരു പെൺകുട്ടിയുടേ ഏതാനും നാളത്തെ ജീവിതം ലൈവായി ടെലികാസ്റ്റ് ചെയ്യുന്ന ഈ പരിപാടിയിലെ വിജയിക്ക് ഒരു കോടി രൂപയുടെ ഫ്ലാറ്റാണ് സമ്മാനം.

സമകാലിക മലയാള സിനിമയിൽ തികച്ചും പുതുമയുള്ളൊരു പ്രേമേയം (കഥാതന്തു) തന്നെയാണിത് ( 1998ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ജിം കാരിയുടേ “ദി ട്രൂമാൻ ഷോ” എന്ന സിനിമയുടെ വികല അനുകരണമാണിത് എന്നും സൂചിപ്പിക്കട്ടെ) തികച്ചും പുതുമയും ആകർഷകവുമായ “തത്സമയം ഒരു പെൺകുട്ടി” എന്ന സിനിമാ ടൈറ്റിലും സ്ഥിരം കഥകളിൽ നിന്നുള്ള വ്യത്യാസവും പുതിയ ചില അഭിനേതാക്കളുമായി വന്ന ഈ സിനിമക്ക് മികച്ച വാണിജ്യ വിജയവും അഭിപ്രായവും നേടാമായിരുന്നു. പക്ഷെ, പുതിയ കഥാസന്ദർഭങ്ങളും നിരീക്ഷണങ്ങളും എഴുതിപ്പിടിപ്പിക്കുവാനുള്ള കഴിവു കുറവും എളുപ്പത്തിൽ ചുട്ടെടുക്കാവുന്ന ഒന്നാണീ സംവിധാനവുമെന്ന് ധരിച്ചു വെച്ചിരിക്കുന്ന തിരക്കഥാ-സംവിധായക ത്രയങ്ങളിൽ കുടുങ്ങി ഈ സിനിമ സറ്റയറോ, കോമഡിയോ, ഏതാണെന്നുപോലും തിട്ടപ്പെടുത്താനാവതെ തികഞ്ഞ പരിഹാസ്യമായിപ്പോയി.

ആബാലവൃദ്ധം ജനങ്ങളെ ഇന്ന് ചാനൽ റിയാലിറ്റി ഷോകൾ വളരെയധികം സ്വാധീനിക്കുകയും ആകർഷിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ തിരുവനന്തപുരത്തെ വെള്ളായനിക്കടുത്തുള്ളൊരു കുഗ്രാമത്തിലെ മഞ്ജുളാ ഹോട്ടലും ഉടമ അയ്യപ്പൻ പിള്ളയും (മണിയൻ പിള്ള രാജു) മകൾ മഞ്ജുള എന്ന മഞ്ജുവും (നിത്യാമേനോൻ) മറ്റു പരിസരവാസികളുമാണ് സിനിമയിലെ പരിസരം. റിയാലിറ്റി ഷോകൾ ഹോട്ടലിലെ ടിവിയിൽ നിന്ന് സ്ഥിരം കാണുന്ന ടിവി പ്രേമികളായ നാട്ടുകാരും ലോക്കൽ നേതാവുമൊക്കെ നല്ല കാരിക്കേച്ചറുകളാണ്. ഒരു പ്രമുഖ ചാനൽ ഉടൻ ആരംഭിക്കാൻ പോകുന്ന പുതിയ ഒരു റിയാലിറ്റി ഷോയിലേക്ക് ഈ ഗ്രാമത്തിലെ മഞ്ജുള തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് ഗ്രാമവും ഗ്രാമവാസികളും മഞ്ജുളയും ആകെ മാറിപോകുന്നത്.

തത്സമയം ഒരു പെൺകുട്ടിയുടേ വിശദാംശങ്ങളും കഥാസാരവും ഡാറ്റാബേസ് പേജിലേക്ക് പോകുക.

മലയാള സിനിമയിൽ റിയാലിറ്റി ഷോകൾ പ്രതിപാദ്യവിഷയമായ സിനിമകൾ ഈയടുത്ത് ഒരുപാട് വന്നിട്ടുണ്ടെങ്കിലും പൂർണ്ണമായും ഒരു റിയാലിറ്റി ഷോ, അതിൽ പ്രതിപാദ്യമാകുന്ന സംഭവങ്ങൾ ഒരു സിനിമയായി വരുന്നത് ഇതാദ്യമായാണെന്ന് തോന്നുന്നു. അതുകൊണ്ട് തന്നെ തുടക്കം മുതൽ സിനിമ ഒരു പുതുമയും ക്യുരിയോസിറ്റിയും പ്രേക്ഷകനു സമ്മാനിക്കുന്നുണ്ട്. പക്ഷെ ആദ്യ കുറച്ചു സമയങ്ങൾ കഴിയുമ്പോൾ വിരസവും യുക്തിസഹമല്ലാത്ത സീനുകളും കൊണ്ട് പ്രേക്ഷകനെ വെറുപ്പിക്കുന്നുമുണ്ട്. എങ്ങിനെയെങ്കിലും ഈ സിനിമയൊന്നു തീർന്നുകിട്ടിയെങ്കിൽ എന്ന് പ്രേക്ഷകനെക്കൊണ്ട് പറയിപ്പിക്കത്തക്ക രീതിയിൽ സിനിമാന്ത്യത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു. സ്ക്രിപ്റ്റും റിഹേഴ്സലുമില്ലാത്ത റിയാലിറ്റി ഷോ  പുതുമയുണ്ടെന്ന് തോന്നാം. പക്ഷെ ചാനൽ ക്യാമറകളും ക്രൂവും ഒ ബി വാനുമൊക്കെ വളരെ പരിചിതമായ മലയാളി സമൂഹത്തിനു (തിരുവനന്തപുരം നഗരത്തിലാണ് കഥ നടക്കുന്നത്) നാലിലേറെ ക്യാമറകളും ബൂം മൈക്കും അതിനിടയിലൊരു പെൺകുട്ടിയുമായി നഗരം ചുറ്റുമ്പോൾ (അതും ഇങ്ങിനെയൊരു റിയാലിറ്റി ഷോ എന്ന് പരസ്യം ചെയ്ത് നാട്ടിൽ പോപ്പുലർ ആയ പരിപാടിക്ക്) ഏത് മനുഷ്യനാണ് സ്വാഭാവികമായി പെരുമാറാനാകുന്നത്? ആർക്കാണിത് മനസ്സിലാകാത്തത്? നായിക മഞ്ജുള, ടിവി ക്രൂവുമായി നഗരം ചുറ്റുന്നതും (അതും പ്രേക്ഷക പ്രീതി നേടിയ പോപ്പുലർ പെൺകുട്ടി) ജനം അവരോട് സ്വാഭാവികമായി പെരുമാറുന്നതും വളരെ അയുക്തി നിറഞ്ഞതായിപ്പോയെന്നു പറയാതെ വയ്യ. മാത്രമല്ല, ഈ ഷോ മൂലം / ഇതിലെ നായികയുടെ ഇടപെടൽ മൂലം പ്രതിപക്ഷ നേതാവിനെക്കൊണ്ട് തന്റെ ഗ്രാമത്തിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതും ട്രാഫീക് പോലീസുദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുന്നതും, എം എൽ എ സീരിയൽ നടിയുമായി കാറിൽ ഊരുചുറ്റുന്നതു വെളിവാകുന്നതും, സംസ്ഥാന പോലീസിനു അറസ്റ്റ് ചെയ്യാൻ കഴിയാത്ത കൊടും കുറ്റവാളികളെ കണ്ടു പിടിക്കുന്നതുമൊക്കെ അസഹ്യമായ ദൃശ്യഖണ്ഠങ്ങളാണ്. സാമാന്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവർക്ക് മാത്രം കണ്ടു സഹിക്കാവുന്നവ എന്നു പറഞ്ഞാൽ പോലും അതിൽ തെറ്റില്ല.  ഇതിനെ കൂട്ടിയിണക്കിയ ദൃശ്യങ്ങളാകട്ടെ സംവിധായകന്റെ ഉദാസീനതക്ക് നല്ല ഉദാഹരണങ്ങളാണ്. ഷോ തുടങ്ങുമ്പോൾ കേരളത്തിലും ഇന്ത്യക്ക് പുറത്തുമായി നിരവധി പ്രേക്ഷകർ സ്വീകരണ മുറിയിലും സൂപ്പർ മാർക്കറ്റിലും ഷോപ്പിങ്ങിനിടയിലും ജിമ്മിലുമായി ഈ ഷോ ടിവിയിൽ കാണുന്നുണ്ട്. ഷോ ഒരുമാസമെത്തി അവസാനിക്കാറാകുമ്പോഴും ഈ പ്രേക്ഷകർ ഒരുമാസം മുൻപ് എവിടെയായിരുന്നോ അവിടെത്തന്നെ നിലകൊള്ളുകയാണ്, വസ്ത്രത്തിനു പോലും മാറ്റമില്ലാതെ!!! ടി വി ഷോക്കിടയിൽ കാണിക്കേണ്ട പ്രേക്ഷകരുടെ ക്ലിപ്പുകൾ ഒറ്റത്തവണ ഷൂട്ട് ചെയ്ത് സിനിമയുടെ ഇടക്കിടെ തിരുകിക്കയറ്റി സ്വാഭാവികത വരുത്താൻ ശ്രമിക്കുന്ന ഏർപ്പാട് മുൻപൊക്കെ വിജയിക്കുമായിരുന്നു, സിനിമയെക്കുറിച്ചും മേക്കിങ്ങിനെക്കുറിച്ചുമൊക്കെ പ്രേക്ഷകനു വലിയ ധാരണയില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ. പ്രേക്ഷകൻ ഏറെ മാറിയെന്ന് സംവിധായകനും അണിയറപ്രവർത്തകരും തിരിച്ചറിഞ്ഞാൽ നന്ന്.

“ദി ട്രൂമാൻ ഷോ”യുടെ കഥാതന്തു സ്വീകരിച്ച ടി കെ രാജീവ്കുമാറിന്റേതാണ് കഥ, ഈ പ്രചോദനത്തിനു തിരക്കഥ എഴുതിയതു നവാഗതരായ സണ്ണി ജോസഫും മാനുവൽ ജോർജ്ജും. വിനോദ് എല്ലമ്പള്ളിയുടേ ക്യാമറ എടുത്തുപറയത്തക്ക വിശേഷണങ്ങൾ അർഹിക്കുന്നില്ല. ക്രോമ(ഗ്രീൻ മാസ്ക്)യിൽ ചിത്രീകരിച്ച ഒരു ഗാനദൃശ്യമാകട്ടെ നിലവാരമില്ലാത്തതും. മുരുകൻ കാട്ടാക്കടയും ബീയാർ പ്രസാദും എഴുതിയ എട്ട് ഗാനങ്ങൾക്ക് ശരത് സംഗീതം നൽകിയിരിക്കുന്നു. (ഈ എട്ടു ഗാനങ്ങൾ എവിടെയാണാവോ ഉപയോഗിച്ചത്!) ഇതിൽ ചിത്ര പാടിയ “പൊന്നോട് പൂവായ്..” അൽക്കാ അജിതും ആനന്ദ് അരവിന്ദാക്ഷനും പാടിയ “പൂവാനമേ..” എന്നീ ഗാനങ്ങൾ കേൾക്കാൻ ഇമ്പമാർന്നത്. മറ്റു ചില ഗാനങ്ങൾ ഭാഗികമായി ചിത്രത്തിനോട് ചേർത്തി ഉപയോഗിച്ചിരിക്കുന്നു. മോഹന്ദാസിന്റെ കലാസംവിധാനം ഭേദപ്പെട്ടതായി തോന്നി.

മുഖ്യകഥാപാത്രമായ മഞ്ജുളയെ അവതരിപ്പിച്ച നിത്യാ മേനോൻ കാലുകൾ നിലത്തുറപ്പിക്കാത്ത കഥാപാത്രമാണ്. ‘അമ്മയില്ലാത്ത ഗ്രാമീണ നിഷ്കളങ്കപെൺകുട്ടി‘ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആ കഥാപാത്രത്തിനു വേണ്ടത്ര വിശദീകരണമോ പശ്ചാത്തലമോ ഇല്ല. അതുകൊണ്ടുതന്നെ നിത്യയുടെ അഭിനയം പലപ്പോഴും കയറിയിറങ്ങുന്ന അവസ്ഥയിലാണ്. ചില സന്ദർഭങ്ങളിൽ വളരെ നല്ല പ്രകടനം നിത്യാമേനോൻ കാണിക്കുന്നുണ്ടെങ്കിലും കഥാപാത്ര സൃഷ്ടിയിലെ പാളിച്ച പലപ്പോഴും ആ കഥാപാത്രത്തെ ശരാശരിയിലേക്ക് കൊണ്ടുവരുന്നു. ശ്വേതാമേനോന്റെ സെറീന, ബാബുരാജിന്റെ തോമസ്, മണിയൻ പിള്ള രാജുവിന്റെ അയ്യപ്പൻ പിള്ള, ഇവരൊക്കെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ടിനി ടോം, ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസിൽ നിന്നും വന്ന മിമിക്രി കലാകാരന്മാർ എന്നിവരൊക്കെ തെറ്റില്ലാത്ത പ്രകടനം നടത്തി. ചിത്രത്തിൽ കൃത്രിമത്വം തോന്നിയ പ്രകടനം സിദ്ധിഖിന്റെ ചാനൽ എം ഡിയാണ്. മലയാള സിനിമയിൽ അഭിനയത്തിൽ നല്ല വളർച്ചയുണ്ടായിരുന്ന നടനാണ് സിദ്ധിക്ക്. പക്ഷെ ഈയടുത്തകാലത്തായി ഇത്രയധികം കൃത്രിമമായി അഭിനയിക്കുന്ന മറ്റൊരു നടനില്ല. തന്റെ പ്രകടനം തരുന്ന അമിതമായ ആത്മവിശ്വാസം മൂലമാണോ എന്നറിയില്ല, സ്വാഭാവികത വരുത്താൻ സിദ്ധിക്ക് നടത്തുന്ന ശ്രമങ്ങൾ അമിതാഭിനയത്തിലേക്ക് വീണു പോകുന്നു എന്ന് ഈ നടൻ തിരിച്ചറിഞ്ഞാൽ നല്ലത്. ശബ്ദത്തിൽ സ്വാഭാവികത വരുത്താൻ നടത്തുന്ന ശ്രമങ്ങളൊക്കെ തീർത്തും അരോചകമാണ്. ചിത്രത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത ചില “വിഡ്ഢി കഥാപാത്രങ്ങളും” ഉണ്ട്, കെ പി എ സി ലളിത, കലാഭവൻ നവാസ്, വനിത കൃഷ്ണചന്ദ്രൻ, ചെമ്പിൽ അശോകൻ തുടങ്ങി എന്താണ് ഏതാണ് എന്ന് തിരിച്ചറിയാകാത്ത, തിരിച്ചറിയിപ്പിക്കാൻ ശ്രമിക്കാത്ത നിരവധി കഥാപാത്രങ്ങൾ. ഇവരിൽ പലരും (സംസ്ഥാന ഐജി ഉദ്യോഗസ്ഥൻ വരെ) ഈ ഷോ തുടങ്ങിയതിനു ശേഷം എന്നും രാവിലെ മുതൽ രാത്രി വരെ ഈ ടി വി ഷോ കണ്ടു കൊണ്ടിരിക്കുന്നതാണ് ഈ ചിത്രത്തിലെ യഥാർത്ഥ കോമഡി (സംവിധായകൻ അത് ഉദ്ദേശിച്ചിട്ടില്ലെങ്കിലും)

കണ്ണെഴുതി പൊട്ടും തൊട്ട്, ജലമർമ്മരം, ശേഷം എന്നീ ചിത്രങ്ങൾ ടി കെ രാജീവ് കുമാറിനു പ്രശസ്തിയും ഒപ്പം അവാർഡുകളും നേടികൊടുത്ത ചിത്രങ്ങളായിരുന്നു. (അതിനിടയിൽ ചലചിത്ര വികസന കോർപ്പറേഷനിലെ ചെയർമാൻ പദവിയും) പക്ഷെ തന്റെ അവസാന ചിത്രങ്ങളായ ഒരു നാൾ വരും, രതിനിർവ്വേദം, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങൾ ടി കെ രാജീവ് കുമാറിന്റെ കരിയറിൽ മോശം അഭിപ്രായമുണ്ടാക്കാനേ ഉപകരിക്കൂ. ചിത്രങ്ങളൊന്നും സംവിധാനം ചെയ്തില്ലെങ്കിലും വിരോധമില്ല, അതുകൊണ്ട് പ്രേക്ഷകനോ മലയാള സിനിമക്കോ യാതൊരു നഷ്ടവും വരാനില്ല, പക്ഷെ ഇതുപോലെ പ്രേക്ഷകനെ വിഡ്ഢികളാക്കുന്ന പ്രഹസനങ്ങൾ എഴുന്നെള്ളിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്.

 

Contributors