കുറേ വർഷങ്ങളായി യേശുദാസിന്റെ പാട്ടുകളില്ലാതെ ഒരു വർഷത്തിലെ പാട്ടുകൾ കണക്കിലെടുക്കാൻ മലയാളിക്ക് കഴിയുമോയെന്ന് സംശയമുണ്ട്.മലയാള സിനിമകൾക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് പോലെ പ്രവർത്തിക്കുന്ന എം3ഡിബിയിലെ അണിയറപ്രവർത്തകരുടെ ഇടയിൽ നടന്ന ഒരു തിരഞ്ഞെടുപ്പിന്റെ ഫലമാണ് താഴെയുള്ളത്.ആദ്യ പത്തിൽ വന്ന ഗാനങ്ങളൊക്കെ പാടിയിരിക്കുന്നത് മറ്റ് ഗായകർ.കൗതുകമാർന്ന മറ്റ് നിരീക്ഷണങ്ങളും വായിക്കുക..2011ലെ മികച്ച മലയാളസിനിമാഗാനങ്ങളിലൂടെ..തയ്യാറാക്കിയത് കവിയും ഗാനരചയിതാവുമായ ജി.നിശീകാന്ത്.
2011 ലെ ഗാനങ്ങളിൽ മുൻപിൽ വന്നവയെല്ലാം പൊതുവേ നല്ല നിലവാരം പുലർത്തുന്നവയായിരുന്നു. സമീപ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗാനങ്ങളെ ഗൗരവത്തോടെ തന്നെ സമീപിക്കാനും അത് സിനിമയുടെ കഥാഗതിയെ നിയന്ത്രിക്കുന്ന ഘടകമാക്കാനും പരിശ്രമിച്ചു കാണുന്നത് ഏതായാലും പ്രതീക്ഷാവഹമാണ്. നവാഗതരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും തങ്ങളുടെ വരവറിയിച്ചുകൊണ്ട് മനോഹരങ്ങളായ ഒരു പിടി ഗാനങ്ങൾ 2011 ൽ മലയാളത്തിനു സമ്മാനിക്കുകയുണ്ടായി.
ഏകദേശം 425 ൽ പരം ഗാനങ്ങളാണ് ഡബ്ബിങ്ങ് ചിത്രങ്ങളിലേതടക്കം 2011 ൽ മലയാളത്തിൽ ഇറങ്ങിയത്. 75 ഓളം ഗാനരചയിതാക്കളും 85 ഓളം സംഗീത സംവിധായകരും ചേർന്നാണ് ഈ ഗാനങ്ങൾ ഒരുക്കിയത്. പാടിയത് 195 ഓളം ഗായകരും! ഇത്രയധികം ഗായകർ ഒരു വർഷം പാടി എന്നത് ഒരു പക്ഷേ വിശ്വസിക്കാൻ തന്നെ പ്രയാസമാകും. എങ്കിലും റിയാലിറ്റി ഷോകളിൽ നിന്നും മറ്റും കഴിവുള്ള ധാരാളം യുവ ഗായകർ മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെങ്കിലും സ്ഥിരമായി നിലനിൽക്കുന്നില്ല എന്നതാണ് നിരാശാജനകമായ കാര്യം. പുതിയ പുതിയ സീസണുകളിലെ ഗായകർക്ക് വഴിമാറിക്കൊടുക്കുകയാണ് പഴയവർ. എന്നാൽ പ്രതിഭകൊണ്ടും ആലാപനത്തിലെ പ്രത്യേകതകൊണ്ടും ശൈലികൊണ്ടും യേശുദാസിനേയോ ജയച്ചന്ദ്രനേയോ ജാനകിയേയോ സുശീലയേയോ ചിത്രയേയോ ഒക്കെ പോലെ തങ്ങളുടെ നിത്യ സാന്നിദ്ധ്യമറിയിച്ച് ഇവിടെ ഉറയ്ക്കാൻ ആർക്കും തന്നെ ആകുന്നുമില്ല.
ഇവിടെ M3DB.COM മലയാള സിനിമയിൽ 2011 ൽ ഇറങ്ങിയ ഗാനങ്ങളിലെ ആദ്യ പത്തു സ്ഥാനത്തിനു അർഹമായവയ്ക്കു വേണ്ടി നടത്തിയ തിരഞ്ഞെടുപ്പിൽ ആദ്യ പത്തുസ്ഥാനങ്ങളിൽ വന്ന ഗാനങ്ങൾ താഴെക്കൊടുക്കുന്നു.(ഒരോ ചിത്രത്തിലേക്കുമുള്ള കണ്ണികളിൽ ക്ലിക്ക് ചെയ്താൽ അവയിലെ പാട്ടുകളിലേക്കും പോവാം)
ഗ്രേഡ് | ഗാനം | ചലച്ചിത്രം | രചന | സംഗീതം | ആലാപനം |
A | ഈ പുഴയും സന്ധ്യകളും | മുല്ലനേഴി | ഷഹബാസ് അമൻ | വിജയ് യേശുദാസ് | |
A | കണ്ണോട് കണ്ണോരം | റഫീക്ക് അഹമ്മദ് | രമേഷ് നാരായൺ | ശ്രേയ ഘോഷൽ | |
A | മഴനീർത്തുള്ളികൾ | അനൂപ് മേനോൻ | രതീഷ് വേഗ | ഉണ്ണിമേനോൻ/തുളസി യതീന്ദ്രൻ | |
B | ചെമ്പാവു പുന്നെല്ലിൽ | റഫീക്ക് അഹമ്മദ് | ബിജിബാൽ | പുഷ്പവതി | |
C | പാട്ടിൽ ഈ പാട്ടിൽ | ഒ എൻ വി കുറുപ്പ് | എം ജയചന്ദ്രൻ | പി ജയചന്ദ്രൻ | |
C | ചിന്നി ചിന്നി | കൈതപ്രം | ദീപക് ദേവ് | മഞ്ജരി | |
C | പ്രേമിക്കുമ്പോൾ | റഫീക്ക് അഹമ്മദ് | ബിജിബാൽ | പി ജയചന്ദ്രൻ,നേഹാ നായർ | |
D | ചിറകെങ്ങു വാനമെങ്ങു | റഫീക്ക് അഹമ്മദ് | ശ്രീനിവാസ് | അൽക്ക അജിത്ത് | |
E | ചെമ്പകപ്പൂങ്കാട്ടിലെ | മുരുകൻ കാട്ടാക്കട | എം ജയചന്ദ്രൻ | സുദീപ് കുമാർ | |
E | നാട്ടുവഴിയോരത്തെ | റഫീക്ക് അഹമ്മദ് | ബെന്നറ്റ്-വീത്രാഗ് | കെ എസ് ചിത്ര |
ഇതിൽ ആദ്യ മൂന്നു ഗാനങ്ങൾക്ക് ഒരേ ഗ്രേഡാണ് കിട്ടിയത്. നാലാം ഗാനത്തിനു B യും 5,6,7 ഗാനങ്ങൾക്ക് C യും 8 നു D യും 9 ഉം 10 ഉം C യും ആണ്. അങ്ങനെ 5 ഗ്രേഡുകളിലായി 10 ഗാനങ്ങൾ. ഈ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ നേടിയവയും പ്രത്യേകതകൾ നിറഞ്ഞവയും ആണ്.
അന്തരിച്ച മുല്ലനേഴി മാഷിന്റെ 'ഈ പുഴയും സന്ധ്യകളും' എന്ന ഗാനം ഇതിൽ A ഗ്രേഡ് നേടിയ ആദ്യ മൂന്നു ഗാനങ്ങളിൽ ഒന്നാമതായി നിൽക്കുന്നു. പ്രണയിനിയെക്കുറിച്ചുള്ള സ്മരണകളിൽ മനസ്സിലേക്കോടിയെത്തുന്ന പ്രകൃതിയുടെ വർണ്ണ ചിത്രം ഒരു കാൻവാസിലെന്ന പോലെ അദ്ദേഹം വരച്ചിട്ടിരിക്കുന്നു. ഒടുവിൽ കാലത്തിന്റെ യാത്രയിൽ 'കണ്ണുനീർ പൂവുമായ് ഇവിടെ ഞാൻ മാത്രമായ്' എന്ന പൊലിഞ്ഞുപോയ സ്വപ്നത്തിന്റെ നൊമ്പരം പേറി ഗാനം അവസാനിക്കുമ്പോൾ ഗൃഹാതുരതയുടെ വേലിയേറ്റം ആസ്വാദക മനസ്സിൽ ഉണ്ടാകുന്നുവെങ്കിൽ അത് ആ ഭാവനയുടെ പൂർണ്ണതയാണ്. പലയിടത്തും അൽപ്പം കൂടി ഭാവസാന്ദ്രമാക്കാമെന്ന് അഭിപ്രായമുണ്ടെങ്കിലും വിജയ് യേശുദാസ് സാമാന്യം നന്നായിത്തന്നെ ഈ ഗാനം ആലപിച്ചിരിക്കുന്നു. ഷഹ്ബാസിന്റെ സംഗീതവും വളരെ മികച്ചു നില്ക്കുന്നു.
സമീപകാല ഗാനരചയിതാക്കളിൽ ഏറ്റവും പ്രതീക്ഷയാണ് റഫീക് അഹ്മദ്. വ്യത്യസ്തമായ ശൈലികൊണ്ടും ആഖ്യാന ചാരുതകൊണ്ടും പുതുമയുള്ള ഗാനങ്ങൾ ആണ് അദ്ദേഹം ആസ്വാദകസമക്ഷം അവതരിപ്പിക്കുന്നത്. വഴിതെറ്റിപ്പോകുന്നതും മനുഷ്യനെ വിഡ്ഢികളാക്കുന്നന്നതുമായ പദപ്രയോഗങ്ങളും ഭാവനകളുമൊന്നും കാണിക്കാതെ സന്ദർഭാനുസൃതമായ കൽപ്പനകൾ ഇതൾ വിരിയിക്കുന്ന വർണ്ണവിസ്മയം അദ്ദേഹത്തിന്റെ തൂലികയ്ക്കുള്ളത് ഭാവിയിലും നല്ല നല്ല ഗാനങ്ങൾ ഉണ്ടാകുമെന്നതിന്റെ ശുഭസൂചനയാണ്. കഴിഞ്ഞ വർഷം ഏറ്റവുമധികം അവസരങ്ങൾ ലഭിച്ചതും ഏറ്റവും മികച്ച ഗാനങ്ങൾ പിറന്നതും അദ്ദേഹത്തിന്റെ രചനയിലാണ്. കണ്ണോട് കണ്ണോരവും ചെമ്പാവു പുന്നെല്ലും ചിറകെങ്ങുവാനമെങ്ങും നാട്ടുവഴിയോരത്തേയും മറ്റും കഥാഗതിക്കും സന്ദർഭത്തിനും അനുസൃതമായി സംഗീതത്തിൽ സ്വയം ലയിച്ചുകൊണ്ട് രൂപപ്പെട്ട ഗാനങ്ങളാണ്. പ്രത്യേകിച്ച് 'ചിറകെങ്ങ് വാനമെങ്ങ്' എന്ന ഗാനത്തിന്റെ രൂപഭംഗി പ്രശംസനീയം തന്നെ.
മഴനീർതുള്ളികൾ എന്ന ഒറ്റ ഗാനത്തിലൂടെ തനിക്ക് ഗാനരചനയും വഴങ്ങുമെന്ന് അനൂപ് മേനോൻ തെളിയിക്കുന്നു. 'കാതരേ നിൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടാം', 'തൂമഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിലെൻ ചുംബനം' തുടങ്ങി നല്ല പദങ്ങൾ കോർത്ത സാഹിത്യം മികച്ചു നിൽക്കുന്നു. രതീഷ് വേഗയുടെ സംഗീതം അതിസാന്ദ്രമായി ഹൃദയത്തിലേക്ക് പെയ്തിറങ്ങുമ്പോൾ ഉണ്ണിമേനോന്റെ ആലാപനത്തിന്റെ ചാരുത മലയാളികൾ ഒരിക്കൽക്കൂടി ഏറ്റെടുക്കുന്നു.
ചെമ്പാവു പുന്നെല്ലിൻ എന്നഗാനം ആ ചിത്രത്തിന്റെ വൻവിജയത്തിലെ ഒരു ഘടകമാകാൻ കഴിഞ്ഞപ്പോൾ ഗാനങ്ങൾ വീണ്ടും ചലച്ചിത്രത്തിൽ സ്വാധീനം ചെലുത്താൻ തുടങ്ങി എന്ന നല്ല സൂചന നൽകുന്നു. ഭക്ഷണത്തെക്കുറിച്ചുള്ള പ്രമേയഗാനങ്ങൾ എന്നും നെഞ്ചേറ്റി സ്വീകരിക്കുന്ന മലയാളികൾ ഈ ഗാനവും നെഞ്ചേറ്റി. പുഷ്പാവതി മനോഹരമായി ആലപിച്ച ഈ ഗാനത്തിന് ബിജിബാൽ ആണ് സംഗീതം. ഇതേ ചിത്രത്തിലെ തന്നെ 'പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ' എന്ന ഗാനവും ടോപ് ടെണ്ണിൽ സ്ഥാനം പിടിച്ചു. പ്രണയഗാനമെന്നതിനാലും ആ ചിത്രം മലയാളികളിൽ അത്ര സ്വാധീനം ചെലുത്തിയതിനാലും ഈ ഗാനവും ആ രംഗങ്ങളും പ്രശസ്തമായി.
മൂന്നോളം ചിത്രങ്ങളിലായി എട്ടോളം ഗാനങ്ങൾ രചിച്ചെങ്കിലും ശ്രേയാഘോഷാൽ ആലപിച്ച പ്രണയത്തിലെ 'പാട്ടിൽ ഈ പാട്ടിൽ' എന്ന ഗാനം മാത്രമാണ് ഓ.എൻ.വി കുറുപ്പിന് ഒരു ഹിറ്റെന്ന നിലയിൽ ലഭിച്ചത്. ആ ഗാനം (പ്രണയത്തിലെ മറ്റു രണ്ടു ഗാനങ്ങളും) അദ്ദേഹം വളരെ മികച്ചതാക്കി. പ്രതിഭാധനനായ ഒരു സംഗീത സംവിധായകന്റെ അഭാവം അദ്ദേഹത്തിന്റെ രചനകളുടെ പകിട്ട് നഷ്ടപ്പെടുത്തുന്നുണ്ടെന്ന് പറയാതെ വയ്യ. ജോൺസണെ പോലുള്ളവർ ഉണ്ടായിരുന്നിട്ടുപോലും ഈ ഒരു കൂട്ടുകെട്ടിനു് ആരും ശ്രമിച്ചില്ലെന്നത് അത്ഭുതപ്പെടുത്തുന്നു. അല്ലെങ്കിലും സിനിമ എന്നും അത്ഭുതലോകമാണല്ലോ..!:)
കൈതപ്രത്തിന് അധികം അവസരം ലഭിച്ചില്ലെങ്കിലും കിട്ടിയ ഗാനങ്ങൾ നന്നാക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. 'ചിന്നിച്ചിന്നി' എന്ന മഞ്ജരിപാടിയ ഗാനം വളരെയേറെ പോപ്പുലർ ആയി. ദീപക് ദേവിന്റെ സംഗീതം വളരെ വ്യത്യസ്തതയുള്ളതായിരുന്നു. മഞ്ജരി അതിമനോഹരവും ഭാവാർദ്രവുമായി ആലപിക്കുകയും ചെയ്തു. അതിലെ പദപ്രയോഗങ്ങളെല്ലാം തന്നെ വളരെ വ്യതിരിക്തമായ ശൈലിയിൽ ഉള്ളതായിരുന്നു. ബായ്ക്ഗ്രൗണ്ട് മ്യൂസിക്കും വളരെ മികച്ച നിലവാരം പുലർത്തി.
ശ്രീനിവാസിന്റെ കരിയറിലെ തന്നെ മികച്ചൊരു കമ്പോസിങ്ങായിരിക്കും 'ചിറകെങ്ങ് വാനമെങ്ങ്.....' എന്ന ഗാനത്തിന്റേത്. അൽക്ക എന്ന കൊച്ചു ഗായികയുടെ അസാമാന്യമായ ആലാപന ഭംഗിയും റഫീക്കിന്റെ രചനാഭദ്രതയും ഈ ഗാനത്തെ മനോഹരമാക്കുന്നു. എത്ര കേട്ടാലും മടുക്കാത്ത ഒരു ഫ്രഷ്നെസ് സൂക്ഷിക്കുന്ന ഗാനം കൂടിയാണ് ഇത്. "ഒരു സ്നേഹഗീതമായിമാറുമീ പ്രപഞ്ചമാം മലർവാടിയിൽപറന്നുയർന്നു പാടിയാടിടാം", "ഒരു മഞ്ഞു തുള്ളിയുള്ളിനുള്ളിൽ വന്നു വീഴവെ, അതിലീപ്രകാശ വർണ്ണരേണു മിന്നി നിൽക്കയായ്, ഒരു ഭാവഗീതമായ് മനസ്സുവാർന്നു വീഴ്കയായ്" തുടങ്ങി അനുസ്യൂതമായ വാഗ്പ്രവാഹത്തിന്റെ കുളിർ സംവേദിക്കുന്ന അനുപമമായ രചനാ ചാരുത നീർത്തുന്ന ഗാനങ്ങൾ വളരെ കുറവായേ മലയാളികളുടെ കാതിൽ ഈ അടുത്ത കാലത്തായി വന്നുവീഴാറുള്ളൂ. തൊഴുത്തിൽ കുത്തും കുതികാൽ വെട്ടുമില്ലെങ്കിൽ അൽക്ക എന്ന ഈ കൊച്ചു പാട്ടുകാരി നാളെ മലയാളത്തിലെ ഏറ്റവും തിരക്കേറിയ ഗായികയാകുമെന്നതിൽ സംശയമില്ല.
മുരുകൻ കാട്ടാക്കട എഴുതി എം. ജയച്ചന്ദ്രൻ സംഗീതം നിർവ്വഹിച്ച് സുധീപ് പാടിയ 'ചെമ്പകപ്പൂങ്കാട്ടിലെ' എന്ന ഗാനം വളരെ പ്രേക്ഷക പ്രശംസ നേടിയതാണ്. അധികം പ്രത്യേകതകൾ ഒന്നും ഇല്ലെങ്കിൽ ആലാപനത്തിന്റെ ഗുണം കൊണ്ടും രചനാ സൗഷ്ഠവം കൊണ്ടും ഈ ഗാനം നല്ല നിലവാരം പുലർത്തുന്നു. ഒരു ഗാനരചയിതാവെന്ന നിലയിൽ ഗാനത്തിന്റെ തുടക്ക എങ്ങനെയാവണമെന്ന് മുരുകൻ കാട്ടാക്കട ഒന്നു ശ്രദ്ധിക്കണമെന്ന് ഒരഭിപ്രായമുണ്ട്. തുടക്കം നന്നായാൽ 80 ശതമാനം ഗാനവും നന്നാകും. അതുപോയാൽ എത്ര മികച്ച ഭാവനകൾ ഉൾക്കൊള്ളിച്ചാലും ശ്രദ്ധിക്കപ്പെടില്ല. അദ്ദേഹം ഗാനരചയിതാവെന്ന നിലയിൽ ഇനിയും വളരെ ദൂരം മുന്നോട്ടു പോകാനുണ്ട്.
"മുൻവർഷങ്ങളെ അപേക്ഷിച്ച് അങ്ങനെ ഒരുപിടി നല്ല ഗാനങ്ങൾ സമ്മനിച്ചുകൊണ്ട് കടന്നുപോയി 2011. ഈ റ്റോപ് ടെണ്ണിൽ ഉൾപ്പെടാത്തതും എന്നാൽ പ്രത്യേക പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതുമായ കുറേ ഗാനങ്ങൾ കൂടിയുണ്ട്. ബ്യൂട്ടിഫുള്ളിലെ 'നിൻ വിരൽത്തുമ്പിൽ' എന്ന ഗാനം. ഗായത്രി വളരെ തന്മയത്വത്തോടും ഭാവാത്മകമായും ഈ ഗാനം ആലപിച്ചിരിക്കുന്നു. രചനയിലെ ശിൽപ്പചാരുതയും ഈ ഗാനത്തിനു മിഴിവേകുന്നു. ഇൻഡ്യൻ റുപ്പിയിലെ 'പോകയായ് വിരുന്നുകാരീ', ചൈനാ ടൗണിലെ 'അരികിൽ നിന്നാലും' സംഗീതത്തിന്റെ ഭംഗികൊണ്ട് 'ചെമ്പരത്തിക്കമ്മലിട്ട്', ട്രാഫിക്കിലെ 'പകലിൻ പവനിൽ', സ്നേഹവീടിലെ 'ആവണിത്തുമ്പി', മകരമഞ്ഞിലെ 'മോസേ ബതിയാ' എന്ന ഹിന്ദി ഗാനം അങ്ങനെ അങ്ങനെ..
ഇത് അവസാനിപ്പിക്കും മുൻപ് എടുത്തു പറയേണ്ട ഒരു വസ്തുത നാനൂറ്റി ഇരുപത്തഞ്ചോളം ഗാനങ്ങളിൽ വെറും ഇരുപത്തഞ്ചിൽ താഴെ മാത്രമാണ് വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതും കേൾക്കപ്പെടുന്നതും എന്നത്. ഇതൊരു ഗൗരവതരമായ വിഷയമാണ്. ബാക്കി 400 ഓളം ഗാനങ്ങൾ മോശമെന്നല്ല. നല്ല രചനകൾ ആകാം, സംഗീതമാകാം, ആലാപനമാകാം. പക്ഷേ, ഒരു ഗാനമെന്ന നിലയിൽ ആസ്വാദകമനസ്സിൽ സ്വാധീനം ചെലുത്താൻ അവയ്ക്കു കഴിഞ്ഞില്ലെന്നു വേണം കരുതാൻ. പലഗാനങ്ങളുടേയും സംഗീതം കേട്ടാൽ അതു ചെയ്ത വ്യക്തികളുടെ പ്രതിബദ്ധത മനസ്സിലാകും. ഇത്രയും നിരുത്തരവാദപരമായി ചെയ്യേണ്ട ഒന്നാണോ ഈ ഈണം കൊടുക്കൽ എന്ന് തോന്നിപ്പോകും. മറ്റ് വിദേശ ഗാനങ്ങളിൽ നിന്നും കടം കൊണ്ടതും പല പാട്ടുകളും അരോചകമാക്കി. മിക്ക ഗാനങ്ങളുടേയും രചനകൾ രണ്ടു തൂണുകൾക്കിടയിൽ ഇഷ്ടികയടുക്കുന്ന ലാഘവത്തോടെ സം.സംവിധായകൻ നൽകുന്ന 'തന നാനനന തന്തനന' മീറ്ററിൽ മനസ്സിൽ അപ്പോൾ വരുന്ന വാക്കുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ എടുത്ത് കീച്ചുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ ധാരണ പൊതുവേ ഗാനങ്ങളുടെ നിലവാരം ഇല്ലാതാക്കുകയും ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്യുന്നു. എങ്ങും ഉറച്ചു നിൽക്കാതെ, ആരിലും വിശ്വാസമില്ലാതെ പുതിയ പുതിയ പാട്ടുകാരെക്കൊണ്ട് പാടിച്ചാൽ ഗാനം ഹിറ്റ് ആകുമെന്ന ഒരു മിഥ്യാധാരണകൂടി ഇവർക്കിടയിൽ പടർന്ന് പിടിച്ചിട്ടുണ്ടെന്ന് തോന്നും ഗായകരുടെ വേലിയേറ്റം കണ്ടാൽ..!
അവസാനമായി ഒന്നേ പറയാനുള്ളൂ, നല്ല ഗാനങ്ങൾ പിറക്കണം, അതിനായി നല്ല സംഗീതവും സാഹിത്യവും ആലാപനവും ഒക്കെ ഉണ്ടാകണം. ഗാനം ചലച്ചിത്രത്തിന്റെ ഭാഗമാകണം. അതിന്റെ കഥാഗതിക്കും സന്ദർഭത്തിനും അനുസൃതമായി ആ ഗാനം പ്രേക്ഷകരെ മുന്നോട്ടു നയിക്കണം. അതിനു ഈ ഗാന ശിൽപ്പികളോട് ഒരപേക്ഷ, ഒരു ട്യൂൺ ഇട്ട് ഗാനമുണ്ടാക്കിക്കഴിഞ്ഞാൽ കുറഞ്ഞപക്ഷം നിങ്ങൾക്കെങ്കിലും അതിഷ്ടപ്പെടുന്നതാണെങ്കിലേ അത് പരിഗണിക്കാവൂ, അല്ലെങ്കിൽ ആ നിമിഷം തള്ളിക്കളഞ്ഞേക്കണം. അല്ലാതെ 5 പാട്ടു ചെയ്യാമെന്നേറ്റ് കാശും വാങ്ങി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുന്നത് മഹാരഥന്മാരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും വളർത്തി വലുതാക്കിയ ഈ ശാഖയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു സമമാണ്.
അബു കഴിഞ്ഞ കൊല്ലം റിലീസ് ചെയ്തതല്ലേ!!
correct!
എന്നാപ്പിന്നെ എനിക്കേറെ
അതെ..
ഛോട്ടാ മുംബയിലെ 'അരികിൽ
നികിത പറഞ്ഞത്
Good write-up
മോഷണഗാനങ്ങളുടെ പട്ടികയും വേണം
നിഖിത..അതിനു
മികച്ച ലേഖനം നിശീ..സത്യത്തിൽ
നന്ദി കിരൺ
A clarification...
നന്നായിരിക്കുന്നു ലേഖനം
Bijibaline pati ineem
Bombay march 12
മനോഹരമായ ഒരു ഗാനം