സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും ഒത്തുചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. പ്രിയന്റെ കാഞ്ചിവരമൊഴികെ ഏതാണ്ടെല്ലാ ചിത്രങ്ങളും വിദേശ സ്വദേശ ചിത്രങ്ങളുടെ കോപ്പിയാണെന്നു ജനത്തിനറിയാമെങ്കിലും ഒളിഞ്ഞും തെളിഞ്ഞും പരിഹസിക്കുമെങ്കിലും പ്രിയന്റെയും മോഹൻലാലിന്റേയും കൂട്ടുകെട്ടിനു ജനസമ്മതി കുറയുന്നില്ല എന്നതാണ് സത്യം. കുറച്ചു കാലം മുൻപേ ബോളിവുഡിലേക്ക് പോയ പ്രിയൻ മലയാള ചിത്രങ്ങൾ ചെയ്യുന്നത് വളരെ ചുരുക്കമായി. അതുകൊണ്ട് തന്നെ ഇടക്ക് മലയാള ചിത്രങ്ങൾ ചെയ്യുന്നതു വലിയ വാർത്തയാവുകയും അത് കാണാൻ പ്രേക്ഷകൻ കാത്തിരിക്കുന്നതും തർക്കമില്ലാത്ത കാര്യമാണ്.
ലോജിക്കുകൾക്ക് ഇടം നൽകാത്തതും അവിശ്വ്വസനീയവുമായ കഥയും കഥാപാത്രങ്ങളുമാണ് പ്രിയൻ ചിത്രങ്ങളിലേത്. പക്ഷെ തിയ്യറ്ററിൽ ചിരിയും ആഹ്ലാദവും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകർക്ക് പൊട്ടിച്ചിരികൾക്കൊപ്പം നല്ല ദൃശ്യവിരുന്നുകൾ കൂടി പ്രിയൻ ചിത്രങ്ങൾ നൽകാറുണ്ട്. സാങ്കേതിക വളർച്ചക്കൊപ്പം മുന്നോട്ട് പോയ വിരലിലെണ്ണാവുന്ന മലയാളം സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. എന്നാൽ 'അറബീം ഒട്ടകോം പി മാധവൻ നായരും' എന്ന ചിത്രത്തിലെത്തുമ്പോൾ കഥയാകെ മാറുന്നു. ചിത്രം പ്രിയദർശനോ മോഹൻലാലിനോ ഗുണകരമാകുന്നില്ലെന്നു മാത്രമല്ല പ്രേക്ഷകനിരാസത്തിനു കൂടി കാരണമാകുന്നു.
ചിത്രത്തിന്റെ കഥാസാരവും മറ്റ് വിശദാംശങ്ങളും മരുഭൂമിക്കഥയുടെ ഡാറ്റാബേസ് പേജിൽ ലഭ്യമാണ്.
ഈ പി മാധവൻ നായർക്കും മുൻ പ്രിയൻ ചിത്രങ്ങളെന്ന പോലെ കഥയൊന്നുമില്ല എന്നു മാത്രമല്ല, കഥയില്ലായ്മയും വിവരക്കേടും മണ്ടത്തരങ്ങളും വേണ്ടുവോളമുണ്ട്. കുടൂംബ പ്രാരാബ്ദവും സാമ്പത്തിക ബുദ്ധിമുട്ടും, നിഷ്കളങ്കത്തവും ഗുരുവായൂരപ്പ ഭക്തനുമായ നായകൻ, മധ്യവയസ്സിലെത്തിയിട്ടും അവിവാഹിതനായി കഴിയുന്നു. ഒരു അറബിയുടെ കമ്പനിയിലെ അക്കൗണ്ടന്റാണയാൾ. സ്വന്തമായി വലിയൊരു കാബിനും ആധുനിക സൗകര്യങ്ങളും വിളിച്ചാൽ വിളിപ്പുറത്തുവരുന്ന സെക്രട്ടറിമാരും ഒക്കെയുള്ള ഈ അക്കൗണ്ടന്റിനു എന്തു പ്രാരാബ്ദമാണെന്ന് മനസ്സിലാവുന്നില്ല. ശരീരം കണ്ടാലൊട്ടു തോന്നുകയുമില്ല. മോഹൻലാൽ അവതരിപ്പിക്കുന്ന ഈ മാധവൻ നായർക്ക് ചന്ദ്രലേഖയിലേയും കാക്കക്കുയിലിലേയും അപ്പുക്കുട്ടനും ശിവരാമനുമായുള്ള സാമ്യം ചെറുതൊന്നുമല്ല. സത്യത്തിൽ ആ കഥാപാത്രങ്ങളുടെ തുടർച്ച തന്നെയാണ് ഈ മാധവൻ. സിനിമയുടെ തുടക്കം മുതൽ ചിത്രം പ്രവചനീയമാണ് സിനിമയുടെ കഥ എന്നു മാത്രമല്ല അടുത്ത് വരാൻ പോകുന്ന ഓരോ സീനും പ്രേക്ഷകനു മുൻ കൂട്ടി കാണാൻ സാധിക്കും. പ്രേക്ഷകന്റെ ആ മുൻ വിധികളെ ഒരിഞ്ചു പോലും സംവിധായകൻ മാറ്റുന്നുമില്ല. നായിക മീനാക്ഷി തമ്പുരാനും മധ്യവയസ്കൻ മാധവനും കൂടി കണ്ടു മുട്ടുകയും പ്രണയം വെളിപ്പെടുന്നതുമായ സീനുകൾ ഉണ്ട്. ഘടാഘടിയൻ സീനുകളാണവ. (കണ്ടനുഭവിച്ചു തന്നെ അറിയണം) പ്രിയദർശന്റെ കിലുക്കം മുതൽ വെട്ടം വരെയുള്ള സിനിമകളിലെ ദൃശ്യങ്ങളും സീനുകളും സംഭാഷണങ്ങളും വരെ ഈ മരുഭൂമിക്കഥയിലുണ്ട്. മുകേഷിന്റെ സംഭാഷണങ്ങൾ ചിലയിടങ്ങളിൽ ചിരിയുതിർത്തുന്നുണ്ട്. ഇന്നസെന്റും മാമുക്കോയയും സുരാജുമെല്ലാം ഉണ്ടായിട്ടൂം പലപ്പോഴും പ്രേക്ഷകൻ നിർവ്വികാരനായി ഇരിക്കുന്നത് തിരകഥയുടെ ബലഹീനതുകൊണ്ടു തന്നെയാണ്. അഭിനയ പരിചയമുള്ളവരായതുകൊണ്ട് അഭിനയിച്ചവരാരും മോശമാക്കിയില്ല എന്നതാശ്വാസം. ആദ്യപകുതി ഇത്തിരി തമാശയുമൊക്കെയായി നീങ്ങുന്നുവെങ്കിലും രണ്ടാം പകുതി അസഹ്യമായ ബോറഡിയാകുന്നുണ്ട് പലയിടങ്ങളിലും. പതിവു ചേരുവകളായ ആൾമാറാട്ടം, തെറ്റിദ്ധാരണ, ഓട്ടം ചാട്ടം, കരണത്തടി, ആളുമാറി തല്ലൽ, പിന്നെ കിഡ്നാപ്പിങ്ങ്, എന്നീ പതിവു ചേരുവകൾ തന്നെയായതുകാരണം സിനിമയെപ്പറ്റി കൂടുതൽ പറയുന്നില്ല.
അഴകപ്പന്റെ ക്യാമറ നല്ല ദൃശ്യവിരുന്നു നൽകുന്നുണ്ട് ടി എസ് സുരേഷിന്റെ എഡിറ്റിങ്ങും ചിത്രത്തിനു ചേരുന്നു. മേക്കപ്പ് നിർവ്വഹിച്ച പി വി ശങ്കറും കോസ്റ്റ്യ്യുംസ് നിർവ്വഹിച്ച സായും നൗഷീജയും ഏറെ കഷ്ടപ്പെട്ടു കാണണം. രണ്ടു ദിവസത്തോളമൊക്കെ മരുഭൂമിയിൽ വെള്ളം പോലും കുടിക്കാനാകാതെ അലഞ്ഞു തിരിയുന്ന മോഹൻ ലാലിന്റെയും മുകേഷിന്റേയും ഭാവനയുടേയും കവിളും മുഖവുമൊക്കെ തുടിപ്പാർന്നു നിർത്തുന്നതിനും മുടി ചീകിയൊതുക്കി വെക്കുന്നതിനും. അമർ ഡിയാബിന്റെ "റോഹി മിര്തഹലേക്..." എന്ന ഗാനത്തിന്റെ പകർപ്പുമായി എം ജി ശ്രീകുമാറാണ് ഇതിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. ഗുരുവിനൊത്ത ശിഷ്യൻ എന്നു പറയുന്ന പോലെ സിനിമ കോപ്പിയടിക്കുന്ന സംവിധായകനു ഈണം മോഷ്ടിക്കുന്ന സംഗീതഞ്ജൻ.!! എം.ജി. ശ്രീകുമാറും ശ്വേതയും ചേർന്നു പാടുന്ന "ചെമ്പകവല്ലികളില്.....", സുധീപ് കുമാറും റിമി ടോമിയും പാടിയ "മനസു മയക്കി ആളെ കുടുക്കണ..." എന്നീ ഗാനങ്ങൾ കൂടി ചിത്രത്തിലുണ്ട്. കേൾക്കാൻ ഇമ്പവും കാണാൻ സുന്ദരവുമാണവ.
എന്തു വിളമ്പിക്കൊടൂത്താലും പരാതിപറയാതെ വാരിത്തിന്നുന്ന അല്ലെങ്കിൽ സിനിമ വിനോദോപാധിയായി മാത്രം കാണുന്നവർക്ക് പോലും ഇത് ഇഷ്ടമാകുമെന്ന് സംശയമുണ്ട്. എങ്കിലും കാണാൻ കൊതിയായിട്ടിരിക്കുന്നവർ ചിത്രം കണ്ടു നോക്കുക. ഇനിയും ഇതുപോലൊരു 'സാഹസം' വരുമ്പോൾ അത്തരം ചിത്രങ്ങളെ ഒഴിവാക്കാനുള്ള മനക്കരുത്ത് കിട്ടും. അതല്ലാത്തവർ Nothing To Lose ,Excess Baggage , Serendipity എന്നീ ചിത്രങ്ങൾ കണ്ടാലും മതിയാകും.
വാൽക്കഷ്ണം : 2010ലെ മോഹൻലാലിന്റെ ദയനീയ പരാജയങ്ങൾക്ക് പകരം 2011ൽ നിറയെ ലാൽ ഹിറ്റുകൾ ഉണ്ടാക്കാൻ ലാൽ വൃന്ദം ശ്രമിച്ചിരുന്നതായി അണിയറയിൽ സംസാരമുണ്ടായിരുന്നു. അതിൻ പ്രകാരമാണ് മുൻപ് ലാൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകരെകൊണ്ട് എത്രയും വേഗം ലാൽ ചിത്രങ്ങൾ ഒരുക്കാൻ പഴയ പ്രിയദർശൻ, സത്യൻ അന്തിക്കാട്, പിന്നെ ബ്ലെസ്സി അടക്കമുള്ളവർക്ക് ലാൽ പ്രൊജക്റ്റുകൾ ഉണ്ടാക്കിയത്. മീശപിരിയൻ തമ്പ്രാക്കളിൽ നിന്ന് ലാലിനെ മണ്ണിലേക്കിറക്കുന്നതിന്റെ ക്വൊട്ടേഷൻ സത്യൻ അന്തിക്കാടിനായിരുന്നു. അതിൻ ഫലമായി വന്നതാണ് സ്നേഹവീട്. അഭിനയത്തിന്റെ മാസ്മരിക സ്പർശവുമായി കുടുംബപ്രേക്ഷകരെ കയ്യിലെടുക്കാൻ ബ്ലെസ്സിയെക്കൊണ്ട് 'പ്രണയ'വും നിർമ്മിച്ചു. ആ പ്രൊജക്റ്റുകളിൽ അടുത്തതായിരുന്നു പഴയ ഹിറ്റ് മേക്കർ പ്രിയദർശന്റെ 'അറബീം ഒട്ടകോം' കൂട്ടിനു മുകേഷ് പിന്നെ ജഗതിയൊഴികെയുള്ള പ്രിയന്റെ സ്ഥിരം നടീ നടന്മാർ. പക്ഷെ, 2011 അവസാനിക്കുമ്പോൾ ലാലിന്റെ ക്രെഡിറ്റിൽ ക്രിസ്ത്യൻ ബ്രദേഴ്സിന്റെയും ചൈനാടൗണിന്റേയും സാമ്പത്തിക വിജയം മാത്രമേയുള്ളുവെന്നും ഇങ്ങിനെപോയാൽ "മോഹൻലാൽ" എന്നൊരു അതുല്യ അഭിനയ പ്രതിഭ കുറച്ചു വർഷങ്ങൾക്ക് മുൻപ് വരെ മലയാള സിനിമയിൽ ഉണ്ടായിരുന്നു എന്നു മോഹൻലാലും അനുചരന്മാരും കേൾക്കേണ്ടിവരും എന്നു മൂന്നരത്തരം.
മോഹന് ലാലിന്
ഹോ പിന്നെ ..
മറൂപടി
As long as Mammootty and
Movie is not bad as reviewer tells
മറുപടി
Movie is not bad as reviewer tells
review is not correct
മറൂപടി