പത്മരാജനിലൂടെ

Submitted by Nisi on Sat, 01/22/2011 - 22:00

പാത്രസൃഷ്ടിയുടെ സംവിധാനകല

പല ചിത്രങ്ങളും കണ്ടു മറക്കുകയാണ് നാം ചെയ്യുക. അതിലെ കഥാപാത്രമോ കഥയോ പരിണാമഗുപ്തിയോ ഒന്നുംതന്നെ ചിലപ്പോൾ ഓർമ്മയിൽ നിൽക്കുന്നുണ്ടാകില്ല. ഞാനൊരു സ്ഥിരം സിനിമാ കാഴ്ചക്കാരനായിരുന്നു. കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ പ്രദേശങ്ങളിലുള്ള സകല തീയേറ്ററുകൾക്കും എന്നെ അറിയാം! വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഒരു സി ക്ലാസ് തീയേറ്ററുമുണ്ടായിരുന്നു (2 വർഷം മുൻപതു പൊളിച്ചു). അയൽവാസിയായതുകൊണ്ട് കാശുചെലവില്ലാതെ ഏതു സിനിമയും കാണാം. പണ്ടൊക്കെ ധാരാളം ബന്ധുക്കൾ സിനിമ കാണാനായി മാത്രം ദൂരെ ദേശത്തു നിന്നും വീട്ടിൽ വന്നു താമസിക്കുമായിരുന്നു. അവരുടെയൊക്കെക്കൂടെ യാതൊരു ചെലവുമില്ലാതെ ഞാനും കൂട്ടുപോകും. ഒരു പടം പത്തും പന്ത്രണ്ടും തവണ കണ്ടിട്ടുണ്ട്. വീട്ടിലിരുന്നാൽ സിനിമാ സംഭാഷണങ്ങൾ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. അങ്ങനെ ഒട്ടുമിക്ക സിനിമയുടേയും സംഭാഷണങ്ങൾ മനഃപാഠവുമായിരുന്നു. അക്കൂട്ടത്തിൽ ഞാൻ ഓർക്കുന്ന ഒരു ചിത്രമാണ് തൂവാനത്തുമ്പികൾ. ഇന്നുമതിന്റെ ഓരോ ഫ്രെയിമും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ഒരിക്കൽ പപ്പേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. തൂവാനത്തുമ്പികൾ ഒരു മഹത്തായ ചിത്രമെന്നനിലയിലല്ല, മറിച്ച് ഒരു സാധാരണ ചിത്രമെന്ന നിലയിലാണ് നമുക്കാസ്വാദ്യമാവുക. ഒരോ ഫ്രെയിമും വരച്ചിട്ടു സംവിധാനം ചെയ്തപോലെ മികച്ചു നിൽക്കുന്നു. വ്യക്തിത്വമുള്ള കഥാപാത്രങ്ങൾ, മികച്ച അഭിനയം, മനോഹരമായ ലൊക്കേഷൻ, കഥാഗതിയുടെ സഞ്ചാരം ഇവയെല്ലാം അനിതരമായ അനുഭൂതിയാണ് ആസ്വാദകർക്ക് പകരുന്നത്. ദ്വന്ദവ്യക്തിത്വമുള്ള ജയകൃഷ്ണനെന്ന നായക കഥാപാത്രത്തെ സൃഷ്ടിച്ചതിലെ കൈവഴക്കം ഒന്നുമാത്രം മതി പപ്പേട്ടന്റെ പ്രതിഭയുടെ മാറ്ററിയാൻ. ഒരേസമയം രണ്ടുപേരെ പ്രണയിക്കുന്ന, രണ്ടു പ്രണയത്തിനും രണ്ടു ഭാവങ്ങൾ -തലങ്ങൾ- കൽ‌പ്പിക്കുന്ന നായകൻ. അയാളുടെ മനസ്സുവായിക്കാൻ നാം പണിപ്പെടും. പക്ഷേ കഥ പല ഘട്ടത്തിലും അതിലെ പ്രധാന നായികയായ ക്ലാരയിലൂടെയാണു സഞ്ചരിക്കുന്നത്. ഇക്കാലത്ത് ഒരുനായകനു അഞ്ചും ആറും നായികമാരെ അണിനിരത്തി, സ്ത്രീ കഥാപാത്രങ്ങൾക്ക് ഷോക്കേസിലെ കളിപ്പാട്ടങ്ങളുടെ വിലപോലും നൽകാത്ത സൂപ്പർ സംവിധായകർ പപ്പേട്ടനെ കണ്ടു പഠിക്കേണ്ടതാണ്. നായകനു കീഴ്‌പെടുമെങ്കിലും തന്റേതായ തത്ത്വശാസ്ത്രത്തിൽ ഉറച്ചു വിശ്വസിക്കുന്ന നായിക. ഒരു പക്ഷേ നായകൻ പോലും പലസന്ദർഭങ്ങളിലും അവളുടെ മുൻപിൽ നിഷ്പ്രഭനാകുന്നുണ്ട് .

Padmarajan

വ്യക്തിത്വ സങ്കൽ‌പ്പം

വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതിൽ പദ്മരാജന്റെ ക്രാഫ്റ്റ് അദ്വിതീയമാണ്. നമ്മുടെ സങ്കൽ‌പ്പങ്ങൾക്കും അതീതമാണ് അതിന്റെ ഘടന. ഒരോ ചെറിയ കഥാപാത്രം പോലും നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കാൻ സഹായകമാകുന്നതും രചനയിലെ അദ്ദേഹത്തിന്റെ ഈ സിദ്ധി തന്നെയാണ്. ജഗതിയുടെ രാവുണ്ണിയുടെ പ്രകടനം, എന്തിന് സംഭാഷണശകലം പോലും, മനസ്സിൽ തങ്ങിനിൽക്കുന്നത് ഇക്കാരണം കൊണ്ടാണ്. അതുപോലെ തന്നെ ബാബു നമ്പൂതിരിയുടേയും ശങ്കരാടിയുടേയും മറ്റും പാത്രങ്ങളും.

പരിരംഭണത്തിന്റെ രതിഭാവം

പദ്മരാജൻ ചിത്രങ്ങളിലെ രതിഭാവങ്ങൾ വളരെ ആസ്വാദ്യകരമാണ്. ചിത്രത്തിൽ നിന്നും കണ്ണെടുക്കാൻ തോന്നിക്കാത്ത ഒരു ആകർഷകത്വം അതിനുണ്ട്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലും അതിന്റെ മനോഹരമായ ചിത്രീകരണം നടന്നിട്ടുണ്ട്. കഥയുമായി സമരസപ്പെട്ടുപോകുന്നതു മാത്രമേ അദ്ദേഹം പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിച്ചിരുന്നുള്ളൂ. ക്ലാരയുമൊത്തുള്ള ജയകൃഷ്ണന്റെ ആദ്യ രംഗങ്ങൾ തന്നെ ഉദാഹരണം. രതിയുടെ ഒരു പുതിയ മുഖം, ഒന്നും അനാവൃതമാക്കാതെ അശ്ലീലം കലർത്താതെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതു നൽകുന്നുണ്ട്. താൻ കളങ്കപ്പെടുവാൻ പോകുന്നതറിയുന്ന ഏതുപെണ്ണും തന്നെ പ്രാപിക്കാൻ ശ്രമിക്കുന്ന വ്യക്തിക്കുമുൻപിൽ നിർവ്വികാരയായി നിൽക്കുകയേ ഉള്ളൂ. എന്നാൽ ക്ലാരയെ പുണരുന്ന ജയകൃഷ്ണനു മുൻപിൽ നിശ്ചേഷ്ടയായി നിൽക്കുന്നതിനു പകരം അവളും തിരിച്ച് അവനെ ആലിംഗനം ചെയ്തുകൊണ്ട് അതാസ്വദിക്കുന്നതാണ് നാം കണുന്നത്. അല്ലായിരുന്നെങ്കിൽ ആദ്യവേഴ്ച ഒരു ബലാത്സംഗമെന്ന നിലയിലേക്ക് തരം താഴ്ന്നു പോയേനേം. നമ്മുടെ യാഥാസ്ഥിക മനോഭാവങ്ങൾക്കെതിരാണെങ്കിലും ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ അധമസഞ്ചാരം യുവാക്കൾക്ക് തെറ്റായ ഒരു മാതൃകയാവുകയല്ല, മറിച്ച് അതിന്റെ തിക്തവശങ്ങളെക്കുറിച്ച് ഒരുൾക്കാഴ്ച നൽകുന്ന സന്ദേശമാണ് നൽകുന്നതെന്ന് മനസ്സിലാകും. ഇതൊരു ചെറിയ സീനാണ്. ഇത്തരം ധാരാളം സൂക്ഷ്മഭാവങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ സ‌മൃദ്ധമാണ്.

സിനിമയെന്നാൽ…

ഒരു ചിത്രത്തിന്റെ നിലവാരവും മൂല്യവും നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതായിരിക്കാം. ഒരാൾക്ക് ഇഷ്ടമാകുന്ന ഒരു ചിത്രം മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. മറ്റാരുടെ കാര്യത്തിലെന്നപോലെയും പദ്മരാജനും വിമർശനത്തിനതീതനല്ല. അദ്ദേഹത്തിന്റെ പ്രമേയങ്ങളിലും ആലേഖനങ്ങളിലും പാളിച്ചകൾ കണ്ടേക്കാം. പക്ഷേ ഒന്നോർക്കണം, സിനിമയെന്നത് അനുകരിക്കാനല്ല, മറിച്ച് ആസ്വദിക്കാനുള്ള ഒരു മാധ്യമമാണെന്ന് (നമുക്കനുകരിക്കാൻ കഴിയുന്ന സിനിമകളെവിടെ?). സിനിമ കണ്ടിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ എന്തെങ്കിലും അവശേഷിപ്പിക്കുവാൻ അതിന്റെ കഥയ്ക്കോ, ചിത്രീകരണത്തിനോ, സംവിധാനത്തിനോ, അഭിനയത്തിനോ കഴിയുന്നുണ്ടെങ്കിൽ അത് അതിന്റെ വിജയം തന്നെയാണ്. സൂക്ഷ്മമായി കീറിമുറിച്ചു പരിശോധിച്ചാൽ തൂവാനത്തുമ്പിയിലും കാണും പലരും അഭിപ്രായപ്പെട്ടതുപോലെയുള്ള പ്രശ്നങ്ങൾ. പക്ഷേ അതുകൊണ്ടൊന്നും ആ ചിത്രത്തിന്റെ മനോഹാരിതയോ പ്രമേയ വൈവിദ്ധ്യത്തിന്റെ പ്രസന്നതയോ നഷ്ടപ്പെടുന്നില്ല. നമ്മളാരും അവാർഡ് നിർണ്ണയിക്കാനല്ലല്ലോ സിനിമാ കാണാൻ പോകുന്നത്? മറക്കാൻ പറ്റാത്ത പലതും മനസ്സിൽ തങ്ങി നിർത്താൻ ആ ചിത്രത്തിനു കഴിയുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. മറിച്ചൊരഭിപ്രായം ആരും ഇതുവരെ പറഞ്ഞതായിക്കണ്ടിട്ടുമില്ല.

അന്നുകണ്ട നീയാരോ…

പത്തൊൻപതു വർഷം മുൻപാണ് ഞാൻ ആദ്യമായി ശ്രീകുമാരൻ തമ്പിസാറിനെക്കാണുന്നത്. അന്ന് അദ്ദേഹത്തോടൊപ്പമാണ് ഞാൻ ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുക്കുന്നത്. അവസാനം കാണുന്നത് 2005ൽ അദ്ദേഹത്തിന്റെ “ഹൃദയസരസ്സിലെ“ എന്ന ഗാനങ്ങളുടെ സമാഹാരത്തിന്റെ പ്രകാശനം നടക്കുന്ന ദിവസം, ഞാൻ എഴുതിയ ആദ്യ ഭക്തിഗാന ആൽബത്തിന്റെ റെക്കാഡിംഗ് വർക്കുമായി തിരുവനന്തപുരത്തുള്ള സ്റ്റുഡിയോയിൽ അർജ്ജുനൻ മാഷുമൊത്തു നിൽക്കുമ്പോഴായിരുന്നു. അന്നു രാത്രി മാഷ് തന്റെ സ്വന്തം മുറി എനിക്കു കിടക്കാൻ തന്നു, കൂടെ ആ പുസ്തകവും വായിക്കാൻ തന്നു. അതു മറിച്ചുനോക്കിയപ്പോഴാണ് സത്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന പല ഗാനങ്ങളും അദ്ദേഹത്തിന്റേതാണെന്നു മനസ്സിലാകുന്നത് ! ആരെയും കൂസാത്ത ആ കുറിയമനുഷ്യന്റെ മനുഷ്യഗന്ധം ഒഴുകുന്ന ഗാനങ്ങൾ അനവധിയാണ്. കസ്തൂരി മണക്കുന്ന പാട്ടുകളുമായി അർജ്ജുനന്‍ മാസ്റ്ററുമൊത്ത് നീലനിശീഥിനീ, നിൻ മണിയറയിലെ, കുയിലിന്റെ മണിനാദം, മല്ലികപ്പൂവിൻ മധുരഗന്ധം, പാലരുവിക്കരയിൽ തുടങ്ങി, ഗാനപ്രേമികളുടെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ഒരുപിടി ഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. സിനിമാ സംവിധായകനായും സംഗീത സംവിധായകനായും കവിയായും കഥാകാരനായും തിരക്കഥാകൃത്തായുമൊക്കെ അദ്ദേഹം ഇന്നും മലയാളത്തിൽ നിറഞ്ഞു നിൽക്കുന്നു. ജി. വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്നു പാടിയ "ഒന്നാം രാഗം പാടി"യെന്ന ഗാനം ഇന്നും ആരാണേറ്റുപാടാത്തത്?. കണ്ണുകളാൽ അർച്ചനയും മൌനങ്ങളാൽ കീർത്തനവും പാടി, എന്നും ഹൃദയങ്ങളുടെ സംഗമത്തിന്റെ ശീവേലികൾ തൊഴുന്ന ചിത്രം എങ്ങനെ മറക്കാൻ കഴിയും. ചരണത്തിലെ "അന്നുകണ്ട നീയാരോ ഇന്നുകണ്ട നീയാരോ"എന്ന ഒറ്റ വരികൊണ്ടു നായികയുടെ നായകനോടുള്ള മാറിയ കാഴ്ചപ്പാട് ഇതിൽക്കൂടുതൽ എങ്ങനെ മനോഹരമായി വരച്ചുകാട്ടാൻ കഴിയും. ഒപ്പം ദാസേട്ടൻ പാടിയ "മേഘം പൂത്തു തുടങ്ങി"എന്ന ഗാനവും. "പുതുമണ്ണിൻ സ്വപ്നം പുൽക്കൊടികളായുണരും, അതുപിന്നെപ്പൂക്കളങ്ങളാകും, വളർന്നേറും, വനമാകും" എന്ന പടർന്നേറുന്ന രതിഭാവസങ്കൽപ്പം എത്ര സുന്ദരമായി അദ്ദേഹം വരച്ചുകാട്ടുന്നു. ഒപ്പം തിരയും തീരവും തമ്മിലുള്ള പരിരംഭണത്തിന്റെ രതിഭാവം പകരുന്ന സാഗരത്തിന്റെ ഗാനം എങ്ങനെ മനസ്സിൽ നിന്നും മാഞ്ഞുപോകും? ഇക്കാലത്തെ എത്ര ഗാനങ്ങൾക്ക് ഈ ആസ്വാദ്യത അനുഭവപ്പെടുന്നുണ്ട്, എവിടെക്കേട്ടാലും ചെവിവട്ടം പിടിക്കുവാൻ പ്രേരിപ്പിക്കുന്ന ആകർഷണീയത അവകാശപ്പെടാൻ കഴിയുന്നുണ്ട്, ഉപകരണ സംഗീതക്കസർത്തിനിടയിൽ അതിലെ സാഹിത്യം ശ്രദ്ധിക്കപ്പെടുന്നുണ്ട്? ഒന്നുമോർക്കാതിരിക്കുക, എല്ലാം കഴിഞ്ഞകഥകളാണ്!!

ഇക്കൂട്ടത്തിൽ പെരുമ്പാവൂർ സാറിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. സത്യത്തിൽ അർഹിച്ച പ്രാധാന്യവും അവസരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. "ഒന്നാം രാഗം പാടി"എന്ന ഗാനം ഒരു പ്രേമഗാനമാണെങ്കിൽക്കൂടി ക്ഷേത്രപശ്ചാത്തലത്തിൽ അതു ചിത്രീകരിച്ചപ്പോൾ സാധാരണ ഭക്തിഗാനങ്ങൾക്ക് നൽകാറുള്ള ‘രീതിഗൌള‘യെന്ന രാഗത്തിൽ പൊതിഞ്ഞ് ക്ഷേത്രാന്തരീക്ഷവും പ്രണയഭാവവും ഒരുപോലെ ആസ്വാദകർക്ക് അനുഭവവേദ്യമാക്കി പ്രശംസനീയമായരീതിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം പപ്പേട്ടന്റെ തന്നെ ‘ഇന്നലെ’യിലെ അദ്ദേഹത്തിന്റെ ഗാനങ്ങളും എടുത്തു പറയേണ്ടതാണ്.

കാലത്തിനും മായ്ക്കുവാനാകാതെ….

ദേവരാജനേയും വയലാറിനേയും പദ്മരാജനേയും ഭരതനേയും പോലുള്ളവരുടെ പ്രതിഭയെ അളക്കാൻ ശ്രമിക്കുന്നത് തങ്കത്തിന്റെ മാറ്റുരച്ചു നോക്കുമ്പോലെയാണ്. ഇത്തരം അനേകരെ നമ്മിൽ നിന്നും കാലം അകാലത്തിൽ വിളിച്ചുകൊണ്ടു പോയി. ഇന്നും ആ വിടവ് നികത്തപ്പെടാതെ കിടക്കുന്നെങ്കിലും എന്നും ഓർമ്മിക്കുവാൻ അവർ തന്ന ഒരുപിടി നല്ല പാട്ടുകളും കഥകളും ചിത്രങ്ങളും ഇവിടെ ശേഷിക്കും. ഒരു കാലത്തിന്റെ ഇന്ദ്രജാലത്തിനും അതു മായ്ക്കുവാനും കഴിയില്ല. പത്തുമുപ്പതു വർഷം കഴിയുമ്പോൾ അന്നത്തെ യുവതലമുറ ഈ ചിത്രം കണ്ട് എന്തഭിപ്രായപ്പെടുമെന്നൂഹിക്കാൻ നമുക്ക് കഴിയില്ല. ഒരു പക്ഷേ, അന്നത്തെ പ്രണയസങ്കൽപ്പങ്ങൾക്ക് അനുരൂപമായിരിക്കുകയില്ല ഇത്തരം ചിത്രങ്ങൾ. പ്രേമവും സന്തോഷവും ആശംസകളും നൊമ്പരങ്ങളും നീരസങ്ങളുമൊക്കെ ഇലക്ട്രോണികവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ ഒരു പ്രേമലേഖനം പോലും നേരേചൊവ്വേയെഴുതാനറിയാത്ത അത്യുത്തരാധുനികരായ പ്രണയമരാളമിഥുനങ്ങൾ എം.എം.എസ്സിലൂടെയും ചാറ്റിങ്ങിലൂടെയും തങ്ങളുടെ മനസ്സിന്റെ ഹിസ്റ്ററിയും ശരീരത്തിന്റെ ജോഗ്രഫിയും അംഗങ്ങളുടെ അനാട്ടമിയും പറത്തിക്കളിച്ചു രസിക്കും. അന്നത്തെ ക്ലാരമാർ ജയകൃഷ്ണന്മാരിൽ നിന്ന് ലാപ്ടോപ്പുകളും ബീ.എം.ഡബ്ല്യൂ കാറുകളും ഫ്ലാറ്റുകളും ചോദിച്ചു വാങ്ങിയുല്ലസിക്കും. നമ്മുടെ കടപ്പുറത്തെ കരിമണലിൽ കിടന്നുരുളാനൊന്നും നിൽക്കാതെ, അവർ മൌറീഷ്യസിലേക്കോ മിയാമിയിലേക്കോ പറക്കും. ഫ്ലോറിഡയിൽ ഡിന്നറും ലണ്ടനിൽ ബ്രേക്ഫാസ്റ്റും പാം ഐലൻഡിൽ നിന്നു ലഞ്ചും കഴിച്ചു രാത്രി വീട്ടിലെത്തും! അന്നു ജീവനോടെയിരിക്കാൻ കഴിഞ്ഞാൽ നമ്മൾക്കും എല്ലാം നേരിട്ടു കാണാൻ ഭാഗ്യമുണ്ടാകും! സ്നേഹിക്കാനറിയുന്ന ഹൃദയങ്ങൾ ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കാമ്പസ്സുകളിലെ തണൽമരച്ചോട്ടിലെ സമാഗമങ്ങൾ ഇരുണ്ട സ്വകാര്യമുറിയിലെ വീഡിയോ ചാറ്റിങ്ങിലേക്കൊതുങ്ങുന്നു. അപ്പോൾ വയലാറിന്റേയും ചുള്ളിക്കാടിന്റേയും ഓയെൻവീയുടേയും മറ്റും പ്രണയസങ്കൽപ്പങ്ങൾ, ചുക്കിച്ചുളിഞ്ഞ പുസ്തകത്താളിൽ കോറി ആരുമറിയാതെ പരസ്പരം കൈമാറിയിരുന്ന ആ ‘മാംസനിബദ്ധ‘മല്ലാത്ത രാഗത്തിന്റെ സുഖവും സംതൃപ്തിയും ധന്യതയുമെവിടെ അവശേഷിക്കാൻ? എല്ലാം അന്യം നിന്നു പൊയ്ക്കൊണ്ടേയിരിക്കുന്നു എന്ന് പരിതപിച്ചിട്ടു കാര്യമില്ലെങ്കിലും സത്യം അതല്ലേ? ഹൃദയ വികാരങ്ങളുടെ ഫോട്ടോക്കോപ്പി എടുത്തു വയ്ക്കാൻ കഴിയുന്ന ഉപകരണങ്ങൾ കണ്ടുപിടിച്ചില്ലെങ്കിൽ വരും തലമുറയ്ക്കു ഇതെല്ലാം വെറും കേട്ടുകേഴ്വി മാത്രമായിരിക്കും. അന്ന്, തൂവാനത്തുമ്പിപോലെയുള്ള ചിത്രങ്ങൾ, വംശനാശം വന്നുപോയ അത്തരം മാനസികാവസ്ഥയിലൂടെയുള്ള ഒരു തിരിച്ചു യാത്രയ്ക്ക് അവർക്ക് പ്രയോജനപ്പെടില്ലെന്നാരുകണ്ടു.

തിരശ്ശീല

നാം നമ്മളുമായി ഒരു ബന്ധവുമില്ലാത്തവരെ പോലും നമ്മുടെ ഏട്ടന്മാരേപ്പോലെ സ്നേഹിക്കുന്നുണ്ട്. ദാസേട്ടനും പപ്പേട്ടനും ഭരതേട്ടനും ലാലേട്ടനുമൊക്കെ അങ്ങനെ നമ്മുടെ ഒരു അടുത്ത ബന്ധുവിനെപ്പോലെ സ്വന്തമായിക്കാണാൻ നാം ശീലിക്കുന്നു. ആ ശീലം കലയോടുള്ള മനുഷ്യമനസ്സിന്റെ അഭിനിവേശമാണ്, ഒരാസ്വാദകന്റെ അവകാശമാണ്. പദ്മരാജന്റെ മരണവാർത്തയറിഞ്ഞ് ആരോ അന്നു വേദനയോടെ അനുശോചിച്ചതോർക്കുന്നു; “അദ്ദേഹത്തിന്റെ മരണത്തോടെ ഒരു കഥാകാരനേയോ സംവിധായകനേയോ മാത്രമല്ല നമുക്കു നഷ്ടപ്പെട്ടത് , സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു മനുഷ്യനേക്കൂടിയാണ്” എന്ന്. അതേ, അതായിരുന്നു ആ മനുഷ്യൻ. നമ്മൾക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും സ്നേഹിക്കാൻ കഴിയുന്ന ഹൃദയങ്ങളാണെന്നതല്ലേ വാസ്തവം?

“സുമലത എന്ന അഭിനേത്രിയെക്കുറിച്ച് പറയാനുള്ളതെല്ലാം എന്റെ മനസ്സിൽ തന്നെ കിടക്കട്ടെ!!!“


ഇന്ന് മുതുകുളത്തുകാർ ‘പദ്മരാജൻ ഫൌണ്ടേഷ‘നിലൂടെ കലാസാംസ്കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ആ നാമധേയം അനശ്വരമാക്കുന്നു എന്നതും സ്മരിക്കപ്പെടേണ്ടതാണ്.

Article Tags
Contributors